ദഹനത്തെ സഹായിക്കാനും വിഷവസ്തുക്കളെ പുറന്തള്ളാനും വെള്ളം പ്രധാന പങ്ക് വഹിക്കുന്നു. എന്നാൽ, നാം കുടിക്കാൻ ഉപയോഗിക്കുന്ന ചൂടുവെള്ളവും തണുത്ത വെള്ളവും ആരോഗ്യത്തിന് നൽകുന്നത് വ്യത്യസ്തമായ ഗുണങ്ങളാണ്. നിങ്ങളുടെ ശരീരത്തിന് എപ്പോഴാണ് ഏത് വെള്ളമാണ് കൂടുതൽ അനുയോജ്യമെന്ന് പരിശോധിക്കാം.
ചൂടുവെള്ളം കുടിച്ചാലുള്ള ഗുണങ്ങൾ
പരമ്പരാഗത ആരോഗ്യ സംരക്ഷണ രീതികളനുസരിച്ച്, 120°F നും 140°F നും ഇടയിലുള്ള ചൂടിൽ വെള്ളം കുടിക്കുന്നത് ഉചിതമാണ്. രാവിലെ ചൂടുവെള്ളം കുടിക്കുന്നത് ദഹനത്തെ പ്രോത്സാഹിപ്പിക്കാനും അതുപോലെ ശരീരത്തെ വിഷവിമുക്തമാക്കാനും സഹായിക്കുന്നു. പതിവായി രാവിലെ ഒരു ഗ്ലാസ് ചൂടുവെള്ളം കുടിക്കുന്നത് ഭക്ഷണം എളുപ്പത്തിൽ ദഹിക്കാനും മലബന്ധം ഒഴിവാക്കാനും നല്ലതാണ്.
കൂടാതെ, ചൂടുവെള്ളം ശരീരത്തിന്റെ താപം വർധിപ്പിക്കുകയും കൂടുതൽ വിയർക്കാനിടയാക്കുകയും ചെയ്യും. ഇത് രക്തപ്രവാഹം സുഗമമാക്കാനും വിഷവസ്തുക്കളെ നീക്കം ചെയ്യാൻ സഹായിക്കുകയും ചെയ്യും. ചൂടുവെള്ളത്തിൽ നിന്ന് ആവി ശ്വസിക്കുന്നതും ചൂടുവെള്ളം കുടിക്കുന്നതും കഫക്കെട്ടും തൊണ്ട വേദനയും ശമിപ്പിക്കാൻ സഹായിക്കും. ഉറങ്ങുന്നതിന് മുൻപ് ഒരു കപ്പ് ചൂടുവെള്ളം കുടിക്കുന്നത് പേശികളെയും മനസ്സിനെയും ശാന്തമാക്കുകയും നല്ല ഉറക്കം ലഭിക്കാൻ സഹായകമാവുകയും ചെയ്യും.
തണുത്ത വെള്ളം കുടിക്കുന്നതിന്റെ ഗുണങ്ങൾ
ചൂടുള്ള കാലാവസ്ഥയിലോ കഠിനമായ വ്യായാമത്തിന് ശേഷമോ തണുത്ത വെള്ളമാണ് കൂടുതൽ ഉന്മേഷം നൽകുന്നത്. തണുത്ത വെള്ളം ഇന്ദ്രിയങ്ങളെ ഉത്തേജിപ്പിക്കുകയും ശരീരത്തിന് കൂടുതൽ ഊർജ്ജം നൽകുകയും ചെയ്യും. അതിരാവിലെയോ വ്യായാമത്തിന് ശേഷമോ തണുത്ത വെള്ളം കുടിക്കാവുന്നതാണ്. വ്യായാമം ചെയ്തതിന് ശേഷം ശരീരത്തിന്റെ താപനില നിയന്ത്രിക്കാൻ തണുത്ത വെള്ളം സഹായിക്കുന്നു. അമിതമായി ശരീരം ചൂടാകുന്നത് മൂലമുള്ള നിർജലീകരണം തടയാൻ തണുത്ത വെള്ളത്തിന് കഴിയും. തണുത്ത വെള്ളം കുടിക്കുന്നത് ശരീരത്തിലെ മെറ്റബോളിസത്തെ ചെറുതായി വർധിപ്പിക്കുന്നു. കൂടാതെ, തണുത്ത വെള്ളം വേഗത്തിൽ ശരീരത്തിന് ആഗിരണം ചെയ്യാൻ കഴിയുന്നതിനാൽ, ശരീരം വിയർക്കുമ്പോൾ നഷ്ടപ്പെടുന്ന ജലാംശം വേഗത്തിൽ തിരികെ ലഭിക്കാൻ ഇത് സഹായിക്കും.
എപ്പോൾ ഏത് തിരഞ്ഞെടുക്കണം?
ചൂടുവെള്ളവും തണുത്ത വെള്ളവും ശരീരത്തിന് ഗുണങ്ങൾ നൽകുന്നുണ്ടെങ്കിലും, ശരീരത്തിന്റെ ആവശ്യകതകളെ ആശ്രയിച്ചാണ് ഇവ തിരഞ്ഞെടുക്കേണ്ടത്. ദഹനത്തിനും, ശരീരം വിഷവിമുക്തമാക്കാനും ചൂടുവെള്ളം തിരഞ്ഞെടുക്കുന്നതാണ് ഉചിതം. എന്നാൽ, നിർജലീകരണം സംഭവിക്കുമ്പോഴും ഊർജ്ജം നിലനിർത്താനും ശരീരം തണുപ്പിക്കാനും തണുത്ത വെള്ളം തിരഞ്ഞെടുക്കാവുന്നതാണ്.




