ലെപ്റ്റോസ്പൈറ എന്ന ബാക്ടീരിയ ഉണ്ടാക്കുന്ന രോഗമാണ് എലിപ്പനി. എലിപ്പനി ലക്ഷണങ്ങള്‍ പ്രകടമാകുമ്പോള്‍ തന്നെ ചികിത്സ തേടണം. എലി, പട്ടി, പൂച്ച, കന്നുകാലികള്‍ തുടങ്ങിയവയുടെ മൂത്രം വഴി മണ്ണിലും വെള്ളത്തിലുമെത്തുന്ന രോഗാണുക്കള്‍ മുറിവുകള്‍ വഴി മനുഷ്യ ശരീരത്തില്‍ എത്തിയാണ് രോഗമുണ്ടാകുന്നത്.
ലക്ഷണങ്ങൾ
എലിപ്പനിയുടെ ലക്ഷണങ്ങള്‍ ക്ഷീണത്തോടെയുള്ള പനിയും തലവേദനയും പേശിവേദനയുമാണ്. കണ്ണില്‍ ചുവപ്പ്, മൂത്രത്തിന്റെ അളവ് കുറയല്‍, മഞ്ഞപ്പിത്തം എന്നിവയും ഇതിന്റെ ലക്ഷണമാണ്. തൊഴിലുറപ്പ് പദ്ധതി ജീവനക്കാര്‍, ശുചീകരണ തൊഴിലാളികള്‍, കൃഷിപ്പണിയിലോ കന്നുകാലി പരിചരണത്തിലോ ഏര്‍പ്പെടുന്നവര്‍, മീന്‍പിടിത്തക്കാര്‍, നിര്‍മാണ തൊഴിലാളികള്‍, മലിനമായ മണ്ണുമായും കെട്ടിക്കിടക്കുന്ന വെള്ളവുമായും സമ്പര്‍ക്കത്തില്‍ വരുന്നവര്‍ എന്നിവര്‍ക്ക് രോഗം പിടിപെടാന്‍ സാധ്യത കൂടുതലാണ്.
കൈകാലുകളില്‍ മുറിവുകൾ ഉണ്ടെങ്കിൽ വെള്ളക്കെട്ടുകളിലും മലിനമായ മണ്ണിലും ഇറങ്ങാതിരിക്കാൻ ശ്രദ്ധിക്കണം. കന്നുകാലികളെ കുളിപ്പിക്കുന്ന തോട്, കുളം എന്നിവയുമായി സമ്പര്‍ക്കമുള്ളവരും ജാഗ്രത പാലിക്കണം. എലിപ്പനി പിടിപെടാന്‍ സാധ്യതയുള്ള സാഹചര്യങ്ങളിലുള്ളവര്‍ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ സ്വയം ചികിത്സിക്കാതെ ഉടന്‍ ഡോക്ടറെ കാണണമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു