നല്ല ഇടതൂർന്ന പനങ്കുല പോലത്തെ മുടി ആഗ്രഹിക്കാത്തവരായി ആരും കാണില്ല. മുടി നന്നായി പരിപാലിക്കേണ്ടത് ഏറെ പ്രധാനമാണ്. മുടിയിലെ അഴുക്കുകളൊക്കെ കളഞ്ഞ് ഭംഗിയായി മുടി സൂക്ഷിക്കുന്നത് മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കാൻ ഏറെ സഹായിക്കും. പല കാരണങ്ങൾ കൊണ്ടാണ് മുടി കൊഴിഞ്ഞ് പോകുന്നത്. ജീവിതശൈലിയും ഭക്ഷണശൈലിയുമൊക്കെ മാറുന്നതും ഇതിന് കാരണമാകാറുണ്ട്. മുടി വളർത്തിയെടുക്കാൻ പല തരത്തിലുള്ള പൊടിക്കൈകൾ പരീക്ഷിക്കുന്നവരുണ്ട്. എന്നാൽ മുടി നന്നായി വളർത്തിയെടുക്കാൻ സഹായിക്കുന്ന ഇലകളാണ് റോസ് മേരി. ഇത് ഉപയോഗിച്ചുള്ള ഒരു ഹെയർ സ്പ്രെ എങ്ങനെയാണ് തയാറാക്കുന്നതെന്ന് നോക്കാം.
റോസ് മേരി
മലയാളികൾ ഈ അടുത്ത കാലത്താണ് കൂടുതലായി റോസ് മേരി ഇലകളെക്കുറിച്ചും അതിൻ്റെ ഗുണങ്ങളെക്കുറിച്ചും അറിയാൻ തുടങ്ങിയത്. മുടികൊഴിച്ചിൽ മാറ്റി മുടി നന്നായി വളർത്തിയെടുക്കാൻ ഏറെ സഹായിക്കുന്നതാണ് റോസ് മേരി ഇലകൾ. ഇത് ഉപയോഗിച്ച് തയാറാക്കുന്ന റോസ് മേരി വാട്ടർ മുടിയിൽ പുരട്ടുന്നത് വളരെ നല്ല ഗുണങ്ങളാണ് നൽകുന്നത്. റോസ് മേരി ഓയിലും അതുപോലെ റോസ് മേരി വാട്ടറും മുടി വളർത്താൻ നല്ലതാണ്. ആൻ്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്. മാത്രമല്ല ഇത് മുടിയ്ക്ക് ആവശ്യമായ ജലാംശം നൽകാനും മുടിയെ വേരിൽ നിന്ന് ഉറപ്പിക്കാനും ഏറെ സഹായിക്കുന്നു.
ഗ്രാമ്പൂ
എല്ലാ വീടുകളിലും സുലഭമായി കണ്ടുവരുന്നതാണ് ഗ്രാമ്പൂ. ഇത് കറികളിൽ മണത്തിന് മാത്രമല്ല നന്നായി മുടി വളർത്തിയെടുക്കാൻ ഏറെ സഹായിക്കും. ധാരാളം ആൻ്റി ഓക്സിഡൻ്റുകളാൽ മുടി വളർത്താൻ ഏറെ സഹായിക്കും. തലയോട്ടിയിൽ ഉണ്ടാകുന്ന താരൻ അകറ്റാനും ഗ്രാമ്പൂ വളരെയധികം സഹായിക്കും. മാത്രമല്ല മുടി കൊഴിച്ചിൽ മാറ്റാനും സഹായിക്കും. വൈറ്റമിൻ കെ അടങ്ങിയിട്ടുള്ളതിനാൽ രക്തയോട്ടം കൂട്ടാനും മുടി വളർച്ചയ്ക്കും വളരെയധികം സഹായിക്കും.
പുതിനയില
കറികൾക്ക് നല്ല രുചിയും മണവും നൽകുന്ന പുതിനയില ആരോഗ്യത്തിനും അതുപോലെ മുടിയ്ക്കും ഏറെ നല്ലതാണ്. ആൻ്റി ഓക്സിഡൻ്റുകളും പോഷകങ്ങളും സമ്പുഷ്ടമാണ് പുതിനയില. മുടി വളർച്ചയ്ക്ക് വളരെയധികം സഹായിക്കുന്നതാണ് പുതിനയില. താരൻ മാറ്റാനും പുതിനയില നല്ലതാണ്. വൈറ്റമിൻ എയും സിയും ഇതിൽ അടങ്ങിയിട്ടുണ്ട്. ഇത് മുടി വളർച്ചയ്ക്ക് ധാരാളം സഹായിക്കും.
എങ്ങനെ തയാറാക്കാം
ഒരു കപ്പ് വെള്ളം നന്നായി തിളപ്പിക്കുക. ഇതിലേക്ക് അൽപ്പം റോസ് മേരിയും ചേർത്ത് നന്നായി തിളപ്പിക്കുക. ഇനി ഇതിലേക്ക് അൽപ്പം ഗ്രാമ്പൂവും ഒരു പിടി പുതിനയിലയും ചേർത്ത് നന്നായി തിളപ്പിക്കുക. നന്നായി ഇത് തിളപ്പിച്ച് വെള്ളത്തിൻ്റെ നിറം മാറുന്നത് വരെ തിളപ്പിക്കുക. ഇനി ഇത് അരിച്ച് എടുക്കുക. തണുത്ത ശേഷം ഇത് ഒരു സ്പ്രെ ബോട്ടിലിലേക്ക് ഇത് മാറ്റിയ ശേഷം മുടിയിൽ സ്പ്രെ ചെയ്ത് മസാജ് ചെയ്യാം. രാത്രിയിൽ കിടക്കുന്നതിന് മുൻപോ അല്ലെങ്കിൽ കുളി കഴിഞ്ഞോ ഇത് ചെയ്യാവുന്നതാണ്.