സ്പോർട്സ്, കോർപറേറ്റ് ജോലികൾ പോലുള്ള ഉയർന്ന സമ്മർദമുള്ള കരിയറുകൾ ഒരിക്കലും വിശ്രമത്തിന് ഇടം നൽകുന്നില്ല. ആന്തരികമായി വലിയ സംഘർഷം വളർത്താനാണ് പലപ്പോഴും ഇത് സഹായിക്കുക. ഇതിന്റെ ആഘാതം തിരിച്ചറിഞ്ഞ കായികതാരമാണം ടെന്നീസ് താരം സാനിയ മിർസ. ഒരിക്കൽ ദ ലൈവ് ലവ് ലാഫ് ഫൗണ്ടേഷനുമായുള്ള പോഡ്കാസ്റ്റിലാണ് സാനിയ മിർസ താൻ വിഷാദരോഗത്തോട് മല്ലിട്ടതിനെ കുറിച്ച് മനസു തുറന്നത്.
2008ൽ സാനിയയുടെ കൈത്തണ്ടക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. അതോടെ ഒളിമ്പിക്സിൽ നിന്ന് പിൻമാറേണ്ടി വന്നു. അതിനു ശേഷം ഒളിമ്പിക്സ് വേദികൾ ഉണ്ടാകുമോ എന്ന കാര്യത്തിലും സാനിയക്ക് സംശയമായിരുന്നു. പക്ഷേ ആ നിമിഷം, തന്റെ കരിയർ…ജീവിതം തന്നെ അവസാനിച്ചതുപോലെയാണ് സാനിയക്ക് തോന്നിയത്. മുടി ചീകാൻ പോലും കഴിഞ്ഞില്ലെന്ന് അവർ അനിഷ പദുക്കോണിനോടും സൈക്യാട്രിസ്റ്റായ ഡോ. ശ്യാം ഭട്ടിനോടും പറഞ്ഞു.
കൈത്തണ്ട ഒട്ടും ചലിപ്പിക്കാൻ കഴിയാതെ വന്നപ്പോൾ തന്റെ ടെന്നീസ് കരിയർ അവസാനിച്ചുവെന്നും തന്നെ സാനിയ കരുതി. ജീവിതത്തിൽ ആദ്യമായായിരുന്നു അത്തരമൊരു അവസ്ഥ. അത് വിഷാദരോഗത്തിലേക്കുള്ള യാത്രയായിരുന്നുവെന്ന് അന്ന് മനസിലാക്കാൻ സാധിച്ചിരുന്നില്ല. ഒന്നരമാസമായി സ്വന്തം മുറിയിൽ തന്നെയായിരുന്നു. ആരെയും കാണാൻ ആഗ്രഹിച്ചില്ല.
മാതാപിതാക്കളെ മാത്രം വല്ലപ്പോഴും കണ്ടു. ഭീകരമായിരുന്നു അത്. മാസങ്ങളോളം ആ അവസ്ഥ തുടർന്നു. എന്നാൽ ആ സമയത്തും കായികരംഗത്തെ ചില കാര്യങ്ങളിൽ സാനിയക്ക് സന്തോഷം കണ്ടെത്താൻ കഴിഞ്ഞിരുന്നു. തുടർന്ന് ടെന്നീസ് കോർട്ടിൽ തിരിച്ചെത്തിയാൽ മനസിനെ തിരികെ പിടിക്കാൻ കഴിയുമെന്ന് തോന്നിത്തുടങ്ങി. ടെന്നീസ് കളിക്കുമ്പോൾ സാനിയ സന്തോഷവതിയായിരുന്നു.
വിഷാദം പലരിലും വ്യത്യസ്തമായാണ് കണ്ടുവരുന്നത് എന്ന് ഡോ. ഭട്ട് പ്രതികരിച്ചു. വലിയ വലിയ വിജയങ്ങൾ നേടിയവരിൽ ഇത് ധാരാളം കണ്ടുവരുന്നുവെന്നും ഡോക്ടർ ചൂണ്ടിക്കാട്ടി. ഉയർന്ന പ്രവർത്തനക്ഷമതയുള്ളവരിൽ പലപ്പോഴും വളരെ വൈകി മാത്രമേ വിഷാദരോഗം തിരിച്ചറിയുന്നുള്ളൂ. അവർ നിരന്തരം വിജയങ്ങൾ നേടുകയും പ്രശംസിക്കപ്പെടുകയും ചെയ്യുമ്പോൾ ഉള്ളിലുള്ള കാര്യങ്ങൾ പുറത്തറിയാതെ പോകുന്നു.




