- Advertisement -Newspaper WordPress Theme
HEALTHവിലകൂടിയ സൗന്ദര്യവർദ്ധക ഉത്പന്നങ്ങൾക്ക് ബൈ പറയാം

വിലകൂടിയ സൗന്ദര്യവർദ്ധക ഉത്പന്നങ്ങൾക്ക് ബൈ പറയാം

ചോദിക്കുന്ന വിലകൊടുത്ത് സൗന്ദര്യവർദ്ധക ഉത്പന്നങ്ങൾ വാങ്ങികൂട്ടുന്നവരാണ് നമ്മളിൽ പലരും. എന്നാൽ വിലകൂടിയ ഉത്പന്നങ്ങളോ, അധികം സമയമോ ചിലവാക്കാതെ തന്നെ ലളിതവും ചിലവ് കുറഞ്ഞതുമായ രീതിയിൽ എങ്ങനെ ചർമ്മ സംരക്ഷണം ചെയ്യാമെന്നതിന്റെ പിന്നാലെയാണ് ഇന്ന് ജെൻസികൾ. സോഷ്യൽ മീഡിയയിൽ കണ്ട് വാങ്ങിക്കൂട്ടുന്ന രാസവസ്തുക്കൾ അടങ്ങിയ ഉത്പന്നങ്ങൾ പലപ്പോഴും ചർമ്മത്തിന് ദോഷം ചെയ്യുന്നു. അതിനാൽ തന്നെ, ചർമ്മത്തെ ആരോഗ്യത്തോടെയും തിളക്കത്തോടെയും നിലനിർത്താൻ, ജെൻ സി-ക്ക് ഏറ്റവും അനുയോജ്യമായ സ്കിൻകെയർ റൂട്ടീൻ ഏതാണെന്ന് പരിചയപ്പെടുത്താം. വലിയ കഷ്ടപ്പാടുകളോ സമയമോ കളയാതെ തന്നെ ബജറ്റ് ഫ്രണ്ട്ലിയായ രീതിയിൽ ഇത് ചെയ്യാൻ സാധിക്കും. രാവിലെ ചർമ്മത്തെ ഉണർത്താനും, പകൽ മുഴുവൻ സംരക്ഷിക്കാനും ദിവസം മുഴുവനും ഫ്രഷായിരിക്കനും ഈ 3 കാര്യങ്ങൾ മതി.

1. ക്ലെൻസിംഗ്

രാത്രി ഉറങ്ങുന്നതിന് മുമ്പ് മുഖത്ത് അടിഞ്ഞുകൂടിയ എണ്ണമയവും അഴുക്കും കഴുകി കളയുക. കഠിനമായ ക്ലെൻസറുകൾ ഒഴിവാക്കാൻ ശ്രദ്ധിക്കണം. സാലിസിലിക് ആസിഡ് പോലുള്ള നേരിയ ആക്ടീവ് ഇൻഗ്രീഡിയൻസ് ഉള്ള ജെൽ ക്ലെൻസർ ഉപയോഗിക്കുന്നത് മുഖക്കുരു തടയാൻ നല്ലതാണ്. അതേസമയം മുഖം തണുത്ത വെള്ളത്തിൽ മാത്രം കഴുകാൻ ശ്രദ്ധിക്കേണ്ടതുണ്ട്.

2. ചർമ്മം ഹൈഡ്രേറ്റാക്കാം

എപ്പോഴും ഹൈഡ്രേറ്റായിരുന്നാൽ മാത്രമേ ആരോഗ്യമുള്ള ചർമ്മം ലഭിക്കുകയുള്ളു. ചർമ്മത്തിലെ ഈർപ്പം നിലനിർത്താൻ ലൈറ്റ് വെയ്റ്റ് ആയ മോയിസ്ചറൈസർ ഉപയോഗിക്കുക. ഹ്യുമെക്റ്റൻ്റുകൾ (സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങളിൽ ഈർപ്പം നിലനിർത്താൻ സഹായിക്കുന്ന വസ്തു) ആയ ഹൈലുറോണിക് ആസിഡ്, ഗ്ലിസറിൻ, അല്ലെങ്കിൽ കറ്റാർവാഴ ജെൽ എന്നിവ ചേർന്ന മോയിസ്ചറൈസറുകൾ മികച്ചതാണ്. ഇത് എണ്ണമയമുള്ള ചർമ്മം ഉള്ളവർക്കും അനുയോജ്യമാണ്.

3. സൺസ്‌ക്രീൻ ഉപയോഗിക്കാം

സൺസ്‌ക്രീനിനെ ഒരു ഓപ്ഷൻ മാത്രമായി കാണരുത്. ചർമ്മ സംരക്ഷണത്തിന് ഒഴിച്ചുകൂടാൻ കഴിയാത്ത ഒന്നാണിത്. ദോഷകരമായ സൂര്യരശ്മികളിൽ നിന്ന് മാത്രമല്ല, ലാപ്ടോപ്പ്, ഫോൺ തുടങ്ങിയ സ്‌ക്രീനുകളിലെ ബ്ലൂ ലൈറ്റിൽ നിന്നും സംരക്ഷണം നൽകാനും സൺസ്‌ക്രീൻ ആവശ്യമാണ്. കുറഞ്ഞത് SPF 30 ഉള്ള, നോൺ-കൊമഡോജെനിക് ആയ സൺസ്‌ക്രീൻ തെരഞ്ഞെടുക്കുക. വീട്ടിൽ ഇരിക്കുമ്പോൾ പോലും ഇത് ഉപയോഗിക്കാൻ ശ്രദ്ധിക്കണം.

ചർമ്മത്തെ റീചാർജ് ചെയ്യാം

രാത്രിയാണ് ചർമ്മത്തിന്റെ റിപ്പയറിംഗ് സമയം. പകലുണ്ടായ ഡാമേജുകൾ പരിഹരിക്കാൻ ഈ ലളിതമായ ശീലങ്ങൾ പിന്തുടരുക.

1. ഡബിൾ ക്ലെൻസിംഗ് നിർബന്ധം

 സൺസ്‌ക്രീൻ, മേക്കപ്പ്, പകൽ സമയങ്ങളിൽ ചർമത്തിൽ അടിഞ്ഞുകൂടിയ അഴുക്ക് എന്നിവ പൂർണ്ണമായി നീക്കം ചെയ്യാൻ ഡബിൾ ക്ലെൻസിംഗ് ആവശ്യമാണ്. ആദ്യം മൈസെല്ലാർ വാട്ടർ അല്ലെങ്കിൽ വെളിച്ചെണ്ണ പോലുള്ള ഓയിൽ-ബേസ്ഡ് ക്ലെൻസർ ഉപയോഗിച്ച് മുഖം തുടയ്ക്കണം. ശേഷം രാവിലെ ഉപയോഗിച്ച വാട്ടർ-ബേസ്ഡ് ക്ലെൻസർ ഉപയോഗിച്ച് കഴുകുക.

2. ട്രീറ്റ്‌മെൻ്റ് ആവശ്യമെങ്കിൽ മാത്രം

മുഖക്കുരു, കറുത്ത പാടുകൾ തുടങ്ങിയ ചർമ്മ പ്രശ്നങ്ങൾ ഉള്ളവർ മാത്രം ഇത് ഉപയോഗിക്കുക. അതേസമയം ഡോക്ടറുടെ നിർദ്ദേശപ്രകാരം റെറ്റിനോയിഡുകൾ അല്ലെങ്കിൽ നിയാസിനമൈഡ് പോലുള്ള ആക്റ്റീവ് സിറം ഉപയോഗിക്കാവുന്നതാണ്. മോയിസ്ചറൈസറിന് മുമ്പാണ് ഇത് ഉപയോഗിക്കേണ്ടത്.

3. നറിഷിംഗ് മോയിസ്ചറൈസർ

രാവിലെ ഉപയോഗിക്കുന്നതിനേക്കാൾ അൽപം കട്ടിയുള്ള മോയിസ്ചറൈസർ രാത്രിയിൽ ഉപയോഗിക്കാം. ചർമ്മത്തെ റിപ്പയർ ചെയ്യാൻ സഹായിക്കുന്ന സെറാമൈഡ് പോലുള്ള മോയിസ്ചറൈസർ തെരഞ്ഞെടുക്കുക. ഇതല്ലെങ്കിൽ, കറ്റാർവാഴ ജെല്ലും അല്പം ബദാം ഓയിലും ചേർത്ത മിശ്രിതം ഉപയോഗിക്കാവുന്നതാണ്.

വില കൂടിയ ചർമ്മ സംരക്ഷണ ഉത്പന്നങ്ങൾ ഉപയോഗിക്കുന്നതിനേക്കാളും ഈ റുട്ടീൻ മുടങ്ങാതെ ചെയ്യുന്നത് കുറഞ്ഞ ചിലവിൽ ചർമ്മരോഗ്യത്തെ മെച്ചപ്പെടുത്തുന്നു. ഇതിനൊപ്പം ധാരാളം വെള്ളം കുടിക്കുകയും, നന്നായി ഉറങ്ങുകയും, സ്ട്രെസ് കുറയ്ക്കാനും ശ്രമിക്കണം. എങ്കിൽ മാത്രമേ ചർമ്മത്തിന് യഥാർത്ഥ തിളക്കം ലഭിക്കുകയുള്ളൂ. എന്നാൽ ഒരേസമയം ഒന്നിൽകൂടുതൽ ആക്ടീവ് ഇൻഗ്രീഡിയൻസ് ഉപയോഗിക്കരുത്. പുതിയ ഉത്പന്നങ്ങൾ ഉപയോഗിക്കുന്നതിന് മുമ്പ് പാച്ച് ടെസ്റ്റ് ചെയ്യാനും ശ്രദ്ധിക്കേണ്ടതുണ്ട്.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme