മുഖസൗന്ദര്യത്തിനായി എപ്പോഴും പ്രകൃതിദത്ത മാർഗങ്ങൾ പരീക്ഷിക്കുന്നതാണ് ഏറെ നല്ലത്. മുഖകാന്തി കൂട്ടുന്ന ചേരുവകളിലൊന്നാണ് കടലമാവ്. ചർമ്മത്തിലെ കരിവാളിപ്പ് മാറ്റി നല്ല നിറം നൽകാൻ കടലമാവ് ഏറെ സഹായിക്കും. എണ്ണമയമുള്ളവർക്ക് ഉപയോഗിക്കാൻ കഴിയുന്നതാണ് കടലമാവ്.ചർമ്മത്തിലെ അഴുക്കും ബാക്ടീരിയയുമൊക്കെ പുറന്തള്ളാൻ ഇത് നല്ലതാണ്. കടലമാവ് കൊണ്ടുള്ള ഫേസ് പാക്കുകൾ ഉപയോഗിക്കുന്നത് വൃത്തിയുള്ളതും തിളക്കമുള്ളതുമായ ചർമ്മത്തിനും കറുത്ത പാടുകൾ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. മുഖം സുന്ദരമാക്കാൻ പരീക്ഷിക്കാം കടലമാവ് കൊണ്ടുള്ള ഫേസ് പാക്കുകൾ.
ഒന്ന്
ഒരു സ്പൂൺ കടലമാവ്, ഒരു സ്പൂൺ കാപ്പിപൊടിയും അൽപം പാലും യോജിപ്പിച്ച് പാക്കുണ്ടാക്കുക..ഈ മാസ്ക് മുഖത്തിട്ട് 20 മിനുട്ട് ഇട്ട ശേഷം ഉണങ്ങി കഴിയുമ്പോൾ കഴുകി കളയുക. ചർമ്മത്തിൻ്റെ പല പ്രശ്നങ്ങളും ഇല്ലാതാക്കാൻ ഈ പായ്ക്ക് ഏറെ നല്ലതാണ്. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാവുന്നതാണ്.
രണ്ട്
2 ടീസ്പൂൺ കടലമാവ്, ½ ടീസ്പൂൺ നാരങ്ങ നീര്, ഒരു നുള്ള് മഞ്ഞൾ, ആവശ്യത്തിന് തൈര് എന്നിവ യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി പുരട്ടുക. നന്നായി ഉണങ്ങിയ ശേഷം കഴുകി കളയുക. മുഖത്തെ കരുവാളിപ്പ് മാറ്റാൻ ഈ പാക്ക് സഹായകമാണ്.
മൂന്ന്
2 ടീസ്പൂൺ കടലമാവ്, 2 ടീസ്പൂൺ വെള്ളരിക്ക ജ്യൂസ്, ഒരു സ്പൂൺ നാരങ്ങ നീര് എന്നിവ യോജിപ്പിച്ച മുഖത്തും കഴുത്തിലുമായി പുരട്ടുക. 20 മിനുട്ടിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയുക. വെള്ളരിക്ക പതിവായി ചർമ്മത്തിൽ ഉപയോഗിക്കുന്നത് വരൾച്ച, പാടുകൾ എന്നിവ ഇല്ലാതാക്കാൻ സഹായിക്കുന്നു