ചെറുവത്തുരിലെ കൂള്‍ബാറില്‍ നിന്ന് ഷവര്‍മ കഴിച്ചവര്‍ക്കാണ് അസ്വസ്ഥത അനുഭവപ്പെട്ടത്.
കാസര്‍ഗോഡ് (Kasaragod) ഷവര്‍മ (shawarma) കഴിച്ച് അസ്വസ്ഥത അനുഭവപ്പെട്ട ഒരു വിദ്യാര്‍ത്ഥിനി മരിച്ചു. പിലിക്കോട് മട്ടലായി സ്വദേശിനി ദേവനന്ദ (16) ആണ് മരിച്ചത്. ഷവര്‍മ കഴിച്ച് അസ്വസ്ഥരായ 15 ഓളം പേരെ ചെറുവത്തൂരിലെ സര്‍ക്കാര്‍ ആശുപത്രിയിലും പിന്നീട് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്കും മാറ്റി.
ഏപ്രില്‍ 29ന് ചെറുവത്തുരിലെ കൂള്‍ബാറില്‍ നിന്ന് ഷവര്‍മ കഴിച്ചവര്‍ക്കാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. പനി, വയറിളക്കം തുടങ്ങിയ കാരണങ്ങളില്‍ നിരവധി പേരാണ് ശനി, ഞായര്‍ ദിവസങ്ങളില്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയത്.
ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിലാണു ഷവര്‍മ കഴിച്ചവര്‍ക്കാണു ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായതെന്നു കണ്ടെത്തിയത്. കൂള്‍ബാര്‍ അടപ്പിച്ചതായി ചെറുവത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സി. പ്രമീള പറഞ്ഞു. മറ്റു കടകളിലും പരിശോധന നടത്തുമെന്നും പ്രമീള അറിയിച്ചു. കടയില്‍ നിന്ന് ഭക്ഷ്യ സാംപിളുകള്‍ ശേഖരിച്ചു.
ചെറുവത്തൂരിലെ ഐഡിയല്‍ കൂള്‍ ബാറാണ് ആരോഗ്യ വകുപ്പ് അടച്ചു പൂട്ടിയത്. ജനരോഷം ഭയന്ന് കൂള്‍ബാറിന് പൊലീസ് കാവല്‍ ഏര്‍പ്പെടുത്തി. കൂള്‍ബാറിന് നേരെ കല്ലേറുണ്ടായി.
ചെറുവത്തൂര്‍ ബസ് സ്റ്റാഡിന് സമീപത്താണ് ഈ കൂള്‍ബാര്‍. ട്യൂഷന് ക്ലാസ് കഴിഞ്ഞ് കുട്ടികള്‍ കൂട്ടത്തോടെ കൂള്‍ബാറിലേക്ക് വരികയായിരുന്നു. വൈകുന്നേരത്തോടെ അസ്വസ്ഥത അനുഭവപ്പെട്ട കുട്ടികളെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഷവര്‍മയില്‍ ഉപയോഗിച്ച ഇറച്ചി പഴക്കമുള്ളതാണോ എന്നറിയാന്‍ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചു.