അമിത ഭാരം കുറയ്ക്കാനും കുടവയര്‍ കുറയ്ക്കാനുമൊക്കെയായി നടത്തം പതിവാക്കിയവരോ അല്ലെങ്കില്‍ വ്യായാമം ചെയ്യുന്നവരോ ആണ് നമ്മളില്‍ ഏറെ പേരും. പക്ഷേ ഇത്തരം പ്രവൃത്തികള്‍ക്ക് മുന്‍പ് ഭക്ഷണം കഴിക്കണോ, അതോ വെറും വയറോടെ ചെയ്യണോ എന്നതില്‍ പലര്‍ക്കും തിട്ടമില്ല.
കാലി വയറോടെ വ്യായാമം ചെയ്താല്‍ ഫലം എളുപ്പം കിട്ടും എന്ന വിശ്വാസത്തിലാണ് പലരും ഇതിനെല്ലാം മുന്നിട്ടിറങ്ങുന്നത്. ഭക്ഷണം കഴിക്കാതെ വ്യായാമം ചെയ്താല്‍ കൂടുതല്‍ ഫാറ്റ് വേത്തില്‍ ബേണ്‍ ചെയ്ത് കളയാം എന്ന ധാരണയാണ് ഇത്തരക്കാര്‍ക്ക്. ഇതില്‍ എന്തെങ്കിലും കഴമ്പുണ്ടോ എന്നതില്‍ വിദഗ്ധര്‍ പറയുന്നത് എന്താണെന്ന് അറിയുമോ?
വെറും വയറോടെ വ്യായാമം ചെയ്യുന്നത് ഗുണം തരില്ല എന്നുമാത്രമല്ല വലിയ പ്രശ്‌നങ്ങളിലേക്ക് നമ്മെ കൊണ്ട് ചെന്നെത്തിക്കുകയും ചെയ്യും എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. മനുഷ്യ ശരീരം ഒരു യന്ത്രം പോലെയാണെന്നാണ് പറയുന്നത്. അങ്ങനെയെങ്കില്‍ യന്ത്രത്തിന് പ്രര്‍ത്തിക്കാന്‍ ഇന്ധനം വളരെ അത്യാവശ്യമാണ്. അപ്പോള്‍ കാലിവയറോടെ വ്യായാമം ചെയ്യുന്നത് ചിന്തിക്കുകയേ വേണ്ട.
വ്യായാമത്തിന് മുന്‍പുള്ള ഭക്ഷണം, അതായത് പ്രീ വര്‍ക്ക്ഔട്ട് മീല്‍ ഒഴിവാക്കുന്നത് നിങ്ങളെ വലിയ ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നയിക്കുമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. ഇവയില്‍ ചില പ്രശ്‌നങ്ങള്‍ ഗുരുതരമാകുകയും ചെയ്യും.
രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയും
ഭക്ഷണം കഴിക്കാതെയുള്ള വ്യായാമം രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കുറയാന്‍ കാരണമാകും. ഹൈപ്പോഗ്ലൈസീമിയ എന്നാണ് ഈ അവസ്ഥയ്ക്ക് പറയുന്നത്. എനര്‍ജിയെ ബേണ്‍ ചെയ്യാന്‍ ആവശ്യമായ ഗ്ലൂക്കോസ് ശരീരത്തില്‍ ഇല്ലാതെ വരുമ്പോള്‍ ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാകും. ഇത് തലകറക്കം, വിറയല്‍, തലവേദന, തളര്‍ച്ച എന്നീ ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നയിക്കും. ചിലരില്‍ തുടക്കത്തില്‍ ചെറിയ ക്ഷീണം പോലെ അനുഭവപ്പെടാം. പക്ഷേ തുടര്‍ച്ചയായി ഭക്ഷണം കഴിക്കാതെ വ്യായാമം ചെയ്യുകയാണെങ്കില്‍ മേല്‍പറഞ്ഞ ഗുരുതര പ്രശ്‌നങ്ങളിലേക്ക് എത്തും.
വയറില്‍ ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍
ഭക്ഷണം കഴിക്കാതിരുന്നാല്‍ ദഹനത്തിനായി ഉത്പാദിപ്പിക്കുന്ന ആസിഡ് അപകടകാരിയായേക്കും. ശരീരം പ്രവര്‍ത്തിക്കുന്ന സമയത്ത് ഈ ആസിഡ് വയറില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും. ഇത് ഗ്യാസ് ട്രബിള്‍, വയര്‍ വീര്‍ക്കുക, അസിഡിറ്റി എന്നിവയിലേക്ക് നയിക്കും. തുടക്കത്തില്‍ വലിയ ബുദ്ധിമുട്ടൊന്നും തോന്നില്ലെങ്കിലും പോകപ്പോകെ പ്രശ്‌നങ്ങള്‍ കഠിനമാകും.
പേശിബലം ഇല്ലാതാകും
ശരീരോര്‍ജത്തിന് ഭക്ഷണം അത്യാവശ്യമാണ്. ഭക്ഷണം ലഭിക്കാതെ വരുമ്പോള്‍ ശരീരം പേശി ടിഷ്യുവിനെ തകര്‍ക്കാന്‍ തുടങ്ങുന്നു. മസില്‍ കാറ്റബോളിസം എന്നാണ് ഈ അവസ്ഥയെ പറയുന്നത്. ഈ സാഹചര്യത്തില്‍ ശരീരം മസില്‍ പ്രോട്ടീല്‍ ഉപയോഗിച്ച് മുന്നോട്ട് പോകും. കാലാന്തരത്തില്‍ പേശികള്‍ ദുര്‍ബലമാകാന്‍ ഇത് കാരണമാകും. ചുരുക്കി പറഞ്ഞാല്‍ വിചാരിച്ച കാര്യത്തിന് നേര്‍ വിപരീതമാണ് നടക്കുക.
ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍
വെറും വയറോടെ വ്യായാമം ചെയ്താല്‍ ഹൃദയത്തിലേക്കുള്ള രക്തയോട്ടം കുറയാന്‍ സാധ്യതയുണ്ടെന്ന് ചില പഠനങ്ങള്‍ പറയുന്നു. ഹൃദയ സംബന്ധമായ അസുഖങ്ങള്‍ ഉള്ളവര്‍ക്ക് ഇത് അപകടമാണ്. മറ്റുള്ളവര്‍ക്കാകട്ടെ, ഹൃദയമിടിപ്പ് ക്രമരഹിതമാവുക, നെഞ്ചുവേദന തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉണ്ടാകും.
ക്ഷീണം വ്യായാമം ചെയ്യാന്‍ പറ്റാതെ വരിക
ഭക്ഷണം കഴിക്കാത്ത പക്ഷം ഊര്‍ജം ലഭിക്കാതെ ശരീരം ക്ഷീണിക്കും. കൂടാതെ, ശ്വാസതടസം, വ്യായാമം ചെയ്യാന്‍ സാധിക്കാതെ വരിക തുടങ്ങിയ പ്രശ്‌നങ്ങളും ഉണ്ടാകും.
ഹോര്‍മോണ്‍ വ്യതിയാനം
ഭക്ഷണം ഒഴിവാക്കി വ്യായാമം ചെയ്യുന്നത് ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ക്ക് കാരണമാകും. പ്രധാനമായും സ്ട്രസും മെറ്റബോളിസവും കൈകാര്യം ചെയ്യുന്ന ഹോര്‍മോണുകളെയാണ് ഇത് ബാധിക്കുന്നത്. ഹോര്‍മോണുകളില്‍ ഉണ്ടാകുന്ന വ്യതിയാനം ആരോഗ്യത്തോടെ ഇരിക്കാനുള്ള ശരീരത്തിന്റെ കഴിവിനെ ബാധിക്കും. ഇങ്ങനെ വന്നാല്‍ നിങ്ങള്‍ക്ക് ഫിറ്റ്‌നസ് ഗോളിലേക്ക് എത്താന്‍ സാധിക്കില്ല.
അതുകൊണ്ട് തന്നെ ഇനി വ്യായാമത്തിന് മുന്‍പുള്ള ഭക്ഷണം ഒഴിവാക്കേണ്ട. കേട്ടറിവുകള്‍ പലപ്പോഴും നമുക്ക് അപകടം വരുത്തി വച്ചേക്കാം.അതിനാല്‍ ആരോഗ്യ വിദഗ്ധരുടെയോ ഫിറ്റ്‌നസ് വിദഗ്ധരുടെയോ കൃത്യമായ നിര്‍ദേശം സ്വീകരിച്ച ശേഷം മാത്രം മുന്നിട്ടിറങ്ങുക.