ഈ കാലഘട്ടത്തിൽ മിക്ക വീടുകളിലും ഓഫീസുകളിലും എസി കാണാറുണ്ട്. മണിക്കൂറുകൾ എസിയുടെ കീഴിൽ ചെലവഴിക്കുന്നവരാണ് നമ്മളിൽ പലരും. എന്നാൽ സ്ഥിരമായി മണിക്കൂറുകളോളം എസിയിൽ ഇരിക്കുന്നത് ചില ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്നാണ് വിദഗ്ധർ പറയുന്നത്. അവ എന്തൊക്കെയാണെന്ന് നോക്കാം.
ശ്വസന പ്രശ്നങ്ങളാണ് അതിൽ ഒന്നാമത്. എസിയിൽ ഒരുപാട് നേരം ചിലവഴിക്കുമ്പോൾ തണുത്തതും വരണ്ടതുമായ വായു ആരോഗ്യത്തിന് ദോഷം ചെയ്യുന്നു. ഇത് വിട്ടുമാറാത്ത ജലദോഷത്തിനും ചുമയ്ക്കും കാരണമാകുന്നു. കൂടാതെ ഇത്തരത്തിൽ എസി റൂമിൽ ഇരിക്കുന്നത് വായുവിലെ ഈർപ്പം കുറയ്ക്കുന്നു. ഇത് ചുണ്ടുകളുടെയും കണ്ണുകളുടെയും വരൾച്ചയ്ക്ക് കാരണമാകുന്നു. എസിയിൽ അമിതനേരം ഇരിക്കുമ്പോൾ ശരീരത്തിലെ ജലാംശം വേഗം നഷ്ടപ്പെടുന്നു. എന്നാൽ തണുത്ത കാലാവസ്ഥ ആയതിനാൽ ആരും വെള്ളം കൂടുതൽ കൂടിക്കാറില്ല.
ഇത് നിങ്ങളിൽ നിർജലീകരണത്തിന് കാരണമാകും. തുടർന്ന് ടെൻഷൻ, തലവേദന എന്നിവ ഉണ്ടാക്കുന്നു. മണിക്കൂറുകളോളം എസിയിൽ ഇരിക്കുമ്പോൾ അത് മെറ്റബൊളിസം മന്ദഗതിയിലാക്കുന്നു. ഇത് ക്ഷീണം, അലസത എന്നിവയ്ക്ക് ഇടയാക്കാം. എസിയിലെ പൊടി ചിലർക്ക് അലർജി ഉണ്ടാക്കുന്നു. കൂടാതെ ദീർഘനേരം എസിയിൽ ഇരിക്കുന്നത് ചർമ്മത്തിലെ സ്വാഭാവിക ഈർപ്പം ഇല്ലാതാക്കുകയും ചർമ്മം വരണ്ടുപോകുകയും ചെയ്യുന്നു. അതിനാൽ എസിയുള്ള റൂമിൽ അമിതനേരം ഇരിക്കുമ്പോൾ നീളൻ കെെയുള്ള വസ്ത്രങ്ങൾ ഉപയോഗിക്കുന്നതാണ് നല്ലത്. എസിയുടെ തണുത്ത കാറ്റ് നേരിട്ട് ഏൽക്കാതിരിക്കാനും ശ്രദ്ധിക്കുക.