ശാരീരികവും വൈകാരികവും മാനസികവുമായ ക്ഷീണം അനുഭവപ്പെടുന്നത് ഇന്ന് പുതുമയല്ല. കടുത്ത ജോലിഭാരവും മാനസികമായ ആയാസവും പലപ്പോഴും സമ്മർദത്തിനു കാരണമാകുന്നു. സമ്മർദമകറ്റാനും സൗഖ്യമേകാനും സഹായിക്കുന്ന ഒരു ചികിത്സാരീതിയുണ്ട്, അതാണ് സ്റ്റോൺ മസാജ് തെറാപ്പി. പുരാതനകാലം മുതലേ നിലവിലുണ്ടായിരുന്ന ഒരു ചികിത്സാരീതിയാണ് സ്റ്റോൺ മസാജ്. മൃദുലമായതും ചൂടാക്കിയതുമായ ബസാൾട്ട് ശിലകൾ ശരീരത്തിന്റെ ചില പ്രത്യേക സ്ഥാനങ്ങളിൽ, അതായത് നട്ടെല്ല്, തോളുകൾ, വയറ്, കാൽപാദങ്ങൾ, കൈകൾ എന്നിവിടങ്ങളിൽ വയ്ക്കുന്നു. ഇത് ടെൻഷൻ ഇല്ലാതാക്കുകയും വിശ്രാന്തി (relaxation) നൽകുകയും ചെയ്യുന്നു.
ചിലപ്പോൾ ശരീരത്തിലെ നീർക്കെട്ട് അകറ്റാനും രക്തചംക്രമണം വർധിപ്പിക്കാനും സന്തുലനം നിലനിർത്താനും തണുപ്പുള്ള മാർബിൾ ശിലകളും ഉപയോഗിക്കുന്നു. ശിലകൾക്ക് ചൂട് നിലനിർത്താനും പേശികളെ ചൂടാക്കാനും റിലാക്സ് ചെയ്യിക്കാനും കഴിവുണ്ട്. എന്നാൽ തണുത്ത മാർബിൾ ശിലകളാകട്ടെ വീക്കം കുറയ്ക്കാനും രക്തചംക്രമണം വർധിപ്പിക്കാനും ഉപയോഗിക്കുന്നു. പാരാസിമ്പതറ്റിക് നെർവ്സ് സിസ്റ്റത്തെ ഉണർത്താൻ സ്റ്റോൺ മസാജിന് കഴിവുണ്ട്. ഇത് മനസ്സിനെ ശാന്തമാക്കുന്നതോടൊപ്പം ഹൃദയമിടിപ്പിന്റെ നിരക്ക് സാവധാനത്തിലാക്കാനും ദീർഘമായി ശ്വസിക്കാനും സമ്മർദം അകറ്റാനും സഹായിക്കുന്നു. സ്ട്രെസ്സ് കൂടുമ്പോൾ പേശിവലിവ്, ക്ഷീണം, ഉറക്കക്കുറവ് ഇവയുണ്ടാകും. സ്റ്റോൺ മസാജ് ചെയ്യുന്നതിലൂടെ ഇവയെല്ലാം അകറ്റാൻ സാധിക്കും. ശാരീരികമായും വൈകാരികമായും സമ്മർദങ്ങളെ അകറ്റാൻ സ്റ്റോൺ മസാജ് എങ്ങനെ സഹായിക്കുന്നു എന്നു നോക്കാം.
∙ പേശികളെ വിശ്രാന്തിയിലാക്കുന്നു
ചൂടാക്കിയ ശിലകൾ പേശികളിലെ ഫൈബറുകളിലേക്ക് ആഴത്തിൽ തുളച്ചു കയറുന്നു. ഇത് പേശികളുടെ കട്ടി കുറയ്ക്കുകയും റിലാക്സ് ചെയ്യുകയും ചെയ്യുന്നു.
∙ സമ്മർദം അകറ്റുന്നു
പാരാസിമ്പതറ്റിക് നെർവ്സ് സിസ്റ്റത്തെ ഉദ്ദീപിപ്പിക്കാൻ ഈ സ്റ്റോൺ തെറപ്പി സഹായിക്കും. മനസ്സിനെയും ശരീരത്തെയും ശാന്തമാക്കാനും സ്ട്രെസ്സ് അകറ്റാനും ഇത് സഹായിക്കുന്നു
∙ രക്തചംക്രമണം മെച്ചപ്പെടുത്തുന്നു
ചൂടുള്ള ബസാൾട്ട് ശിലകളും തണുപ്പുള്ള മാർബിൾ ശിലകളും തെറാപ്പിക്ക് ഉപയോഗിക്കുന്നു. ഇത് രക്തചംക്രമണം വർധിപ്പിക്കുകയും ക്ഷീണിച്ച കലകളിലേക്ക് ഓക്സിജൻ എത്തിക്കുകയും വിഷാംശങ്ങളെ നീക്കുകയും ചെയ്യുന്നു. ഇത് റിലാക്സ്ഡ് ആക്കുക മാത്രമല്ല ശാരീരികമായി കൂടുതൽ ഊർജമേകുകയും ചെയ്യും.
∙ ഹോർമോൺ സന്തുലനം
ശിലകളിൽ നിന്നുള്ള ചെറുചൂട്, സ്ട്രെസ്സ് ഹോർമോൺ ആയ കോർട്ടിസോളിന്റെ അളവ് കുറയ്ക്കുന്നു. സെറോടോണിൻ, മെലാടോണിൻ എന്നീ ഹോർമോണുകളുടെ എണ്ണം മെച്ചപ്പെടുത്തുന്നു. മൂഡ് അഥവാ മനോനില നിയന്ത്രിക്കാനും നല്ല ഉറക്കം ലഭിക്കാനും സഹായിക്കുന്ന ഹോർമോണുകളാണിത്. ഉത്കണ്ഠ, അസ്വസ്ഥത, ഉറക്കമില്ലായ്മ തുടങ്ങിയവ മൂലം വിഷമിക്കുന്നവർക്ക് ഈ ഹോർമോൺ സന്തുലനം ആശ്വാസമേകും.
∙ ക്ഷീണം അകറ്റുന്നു
ഉറക്കമില്ലായ്മ മൂലം വിഷമിക്കുന്നവർക്ക് ഈ സ്റ്റോൺ തെറാപ്പി ഏറെ ആശ്വാസം നൽകും. നാഡീവ്യവസ്ഥയെ ശാന്തമാക്കാൻ ഇത് സഹായിക്കും. ചികിത്സയ്ക്കുശേഷം സുഖകരമായ ഉറക്കവും ഉന്മേഷവും ലഭിക്കും. സ്റ്റോൺ മസാജിന്റെ ഓരോ ഘട്ടവും ചൂടുള്ള എണ്ണ ഉപയോഗിക്കുന്നത് കല്ലുകളുടെ പ്രത്യേക താളത്തിലുള്ള ചലനം, പിന്നണിയിലെ സംഗീതം ഇവയെല്ലാം ചേരുമ്പോൾ ഇന്ദ്രിയങ്ങൾ ഉണരുകയും മാനസികമായ ശാന്തത ലഭിക്കുകയും ചെയ്യും. സ്റ്റോൺ മസാജ് എന്നത് വെറുമൊരു ചികിത്സയല്ല, മറിച്ച് ശരീരവും മനസ്സും പൂർണമായി മുഴുകി ശാന്തമായ അവസ്ഥയിലെത്തുന്നതാണ്.
∙ ആരൊക്കെ ഒഴിവാക്കണം
സ്റ്റോൺ മസാജ് സുരക്ഷിതമാണെങ്കിലും ചിലർ ഇത് ഒഴിവാക്കണം. വെരിക്കോസ് വെയിൻ, പ്രമേഹം, ചർമത്തിലെ അണുബാധകൾ ഇവയുള്ളവർ സ്റ്റോൺ മസാജ് ചെയ്യരുത്. വൈദ്യനിർദേശം തേടിയതിനു ശേഷം സ്റ്റോൺ മസാജ് ചെയ്യുന്നതാണ് ഉത്തമം