പ്രായമാകുമ്പോള്‍ പുരുഷന്മാരുടെ ബീജത്തില്‍ മാറ്റങ്ങള്‍ സംഭവിക്കുകയും ഈ മാറ്റങ്ങള്‍ കുട്ടികളില്‍ ജനിതക വൈകല്യത്തിന് കാരണമാകുകയും ചെയ്യുന്നുവെന്ന പുതിയ കണ്ടെത്തല്‍ നടത്തിയിരിക്കുകയാണ് ഗവേഷകര്‍. നേച്ചര്‍ കമ്യൂണിക്കേഷന്‍സില്‍പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യത്തെക്കുറിച്ച് റിപ്പോര്‍ട്ടുകളുള്ളത്. നിരവധി വ്യക്തികളില്‍നിന്ന് ബീജ സാമ്പിളുകള്‍ ശേഖരിച്ചുകൊണ്ട് നടത്തിയ പഠനത്തില്‍ പുരുഷബീജരേഖയിലെ മ്യൂട്ടേഷന്‍നിരക്ക് അളന്നാണ് പരിശോധനകള്‍ നടത്തിയത്. ബീജകോശങ്ങളില്‍ എങ്ങനെയാണ് മ്യൂട്ടേഷനുകള്‍ അടിഞ്ഞുകൂടുന്നത് എന്നതിനെക്കുറിച്ചുള്ള വിശദമായ വിവരങ്ങളാണ് ഗവേഷണം നല്‍കുന്നത്.

പ്രായമാകുമ്പോള്‍ പുരുഷബീജത്തിലുണ്ടാകുന്ന മാറ്റങ്ങള്‍
ഗവേഷണങ്ങള്‍ വ്യക്തമാക്കുന്നതനുസരിച്ച് വാര്‍ദ്ധക്യം ബീജമ്യൂട്ടേഷനുകള്‍ ഉണ്ടാക്കുകയും ഈ മ്യൂട്ടേഷനുകള്‍ ബീജകോശങ്ങള്‍ വേഗത്തില്‍ പെരുകാന്‍ അനുവദിക്കുകയും ഇത് ജനിതകമാറ്റങ്ങള്‍ക്കുള്ള സാധ്യത വര്‍ധിപ്പിപ്പിക്കുകയും ചെയ്തേക്കാം. കാലങ്ങള്‍ മുന്നോട്ടുപോകുമ്പോള്‍ ഡിഎന്‍എ തകരാറുകള്‍ സംഭവിക്കുകയും വൃഷണങ്ങളിലെ കോശവിഭജന സമയത്ത് ചില മ്യൂട്ടേഷനുകള്‍ ക്രമരഹിതമായി സംഭവിക്കുകയും ചെയ്യുന്നു. ഇങ്ങനെ സംഭവിക്കുന്നത് പലപ്പോഴും നിരുപദ്രവകരമാണെങ്കിലും ഒരു ഉപവിഭാഗം പാരമ്പര്യമായി ലഭിക്കാം. ഇത് കുഞ്ഞുങ്ങളില്‍ വളര്‍ച്ചാപരമായോ ജനിതകപരമായോ വൈകല്യങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കും.

ബീജത്തിന്റെ ആരോഗ്യത്തെ ബാധിക്കുന്ന മറ്റ് ഘടകങ്ങള്‍
വാര്‍ദ്ധക്യം മാത്രമല്ല മറ്റ് ചില ജീവിതശൈലികളും ബീജത്തിന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിച്ചേക്കാം. ഭക്ഷണങ്ങള്‍, പുകവലി, വിഷവസ്തുക്കളുമായുള്ള സമ്പര്‍ക്കം എന്നിവയും ബീജത്തിന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിച്ചേക്കാം.
കുട്ടികളില്‍ ഉണ്ടാകുന്ന വൈകല്യങ്ങള്‍
ബീജത്തില്‍ സംഭവിക്കുന്ന മ്യൂട്ടേഷനുകള്‍ കുട്ടികളില്‍ ഓട്ടിസം, ബുദ്ധിപരമായ വൈകല്യങ്ങള്‍, ചില നാഡീവൈകല്യങ്ങള്‍ തുടങ്ങിയ അവസ്ഥകള്‍ ഉണ്ടാകാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു.
ഗര്‍ഭധാരണവും ഗര്‍ഭം അലസലും
ചില ദോഷകരമായ മ്യൂട്ടേഷനുകള്‍ ഭ്രൂണത്തിന്റെ പ്രവര്‍ത്തനക്ഷമതയെ ബാധിച്ചേക്കാം. ബീജത്തിലെ ജനിതക ഘടകങ്ങള്‍ മൂലം ഗര്‍ഭം അലസല്‍ നിരക്കില്‍ നേരിയ വര്‍ധനവോ ഗര്‍ഭധാരണ ബുദ്ധിമുട്ടുകളോ നേരിടേണ്ടിവന്നേക്കാം
ചികിത്സാമാര്‍ഗ്ഗങ്ങളും പ്രതിരോധ മാര്‍ഗ്ഗങ്ങളും
സമീകൃത ആഹാരം പാലിക്കുക, പുകവലി ഒഴിവാക്കുക, മദ്യപാനം കുറയ്ക്കുക എന്നിവയൊക്കെ ബീജത്തിൻ്റെ ഗുണനിലവാരം നിലനിര്‍ത്താന്‍ സഹായിക്കും. ജീവിതശൈലിയിലുള്ള മാറ്റങ്ങള്‍കൊണ്ട് പ്രായമാകുന്നതുമായി ബന്ധപ്പെട്ട എല്ലാ മ്യൂട്ടേഷനുകളും തടയാന്‍ കഴിയില്ലെങ്കിലും പ്രത്യുല്‍പാദന കോശങ്ങളിലെ അധിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും. ജനിതക പരിശോധന പോലെയുള്ള സാങ്കേതികവിദ്യകള്‍കൊണ്ട് ദോഷകരമായ ബീജത്തെയോ ഭ്രൂണത്തെയോ തിരിച്ചറിയാന്‍ കഴിയും. ഇത് കുഞ്ഞുങ്ങളിലെ ജനിതക വൈകല്യങ്ങള്‍ തടയാന്‍ സഹായിക്കും.