എസ്എംഎ ബാധിച്ച കുട്ടികള്‍ക്ക് സ്പൈന്‍ സ്‌കോളിയോസിസ് ശസ്ത്രയ്ക്കായി സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി പുതിയ സംവിധാനം വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതിനായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി ഓര്‍ത്തോപീഡിക് വിഭാഗത്തില്‍ പ്രത്യേക സംവിധാമൊരുക്കും. പ്രത്യേകമായി ഓപ്പറേഷന്‍ ടേബിള്‍ സജ്ജമാക്കും. സ്വകാര്യ ആശുപത്രികളില്‍ 15 ലക്ഷത്തോളം രൂപ ചെലവുവരുന്ന സര്‍ജറിയാണ് മെഡിക്കല്‍ കോളജില്‍ സര്‍ക്കാര്‍ പദ്ധതിയിലൂടെ സൗജന്യമായി ചെയ്തുകൊടുക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എസ്എംഎ ബാധിച്ച കുട്ടികള്‍ക്കായി സ്പൈന്‍ സ്‌കോളിയോസിസ് ശസ്ത്രക്രിയ ആരംഭിക്കുന്നതിനായി മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ പ്രത്യേക യോഗം ചേര്‍ന്നു. നട്ടെല്ലിന്റെ വളവ് സര്‍ജറിയിലൂടെ നേരയാക്കുന്നതാണ് സ്പൈന്‍ സ്‌കോളിയോസിസ് സര്‍ജറി. 8 മുതല്‍ 12 മണിക്കൂര്‍ സമയമെടുക്കുന്ന സങ്കീര്‍ണ ശസ്ത്രക്രിയയാണിത്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിലവില്‍ 300 ഓളം സ്പൈന്‍ സ്‌കോളിയോസിസ് സര്‍ജറികള്‍ നടത്തിയതിന്റെ അനുഭവ പരിചയവുമായാണ് പുതിയ സംരംഭത്തിലേക്കു കടക്കുന്നത്. എസ്എംഎ ബാധിച്ച കുട്ടികള്‍ക്കു സ്വകാര്യ ആശുപത്രിയില്‍ മാത്രം ചെയ്തിരുന്ന സര്‍ജറിയാണ് മെഡിക്കല്‍ കോളജിലും യാഥാര്‍ഥ്യമാക്കുന്നത്. എന്‍എച്ച്എം വഴി അനസ്തീഷ്യ ഡോക്ടറുടെ സേവനം അധികമായി ലഭ്യമാക്കുംഎസ്എംഎ രോഗികളുടെ ചികിത്സയ്ക്കായി സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി ഈ സര്‍ക്കാര്‍ എസ്എംഎ ക്ലിനിക് തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ ആരംഭിച്ചു. എസ്എടി ആശുപത്രിയെ കേന്ദ്ര ആരോഗ്യ മന്ത്രാലയം അപൂര്‍വ രോഗങ്ങള്‍ക്കു വേണ്ടിയുള്ള സെന്റര്‍ ഓഫ് എക്‌സലന്‍സ് പട്ടികയില്‍ അടുത്തിടെ ഉള്‍പ്പെടുത്തി. ഇതുകൂടാതെയാണ് എസ്എംഎ ബാധിച്ച കുട്ടികള്‍ക്ക് സ്പൈന്‍ സ്‌കോളിയോസിസ് ശസ്തരക്രിയയ്ക്ക് പുതിയ സംവിധാനം വരുന്നത്.
ആരോഗ്യ വകുപ്പ് അഡിഷനല്‍ ചീഫ് സെക്രട്ടറി, പ്രിന്‍സിപ്പല്‍ സെക്രട്ടറി, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍, എന്‍എച്ച്എം ജില്ലാ പ്രോഗ്രാം മാനേജര്‍, മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍, മെഡിക്കല്‍ കോളേജ് സൂപ്രണ്ട്, എസ്എടി ആശുപത്രി സൂപ്രണ്ട്, ഓര്‍ത്തോപീഡിക്സ്, അനസ്തീഷ്യ വിഭാഗം ഡോക്ടര്‍മാര്‍, അപൂര്‍വ രോഗങ്ങളുടെ സ്റ്റേറ്റ് നോഡല്‍ ഓഫിസര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.