ഒരിക്കലും പുകവലിക്കാത്തവരിൽ ശ്വാസകോശ അർബുദ കേസുകൾ വർദ്ധിച്ചുവരികയാണെന്ന് ലാൻസെറ്റ് പഠനം. അന്തരീക്ഷ മലിനീകരണമാണ് ക്യാൻസർ കേസുകൾ വർദ്ധിക്കാൻ കാരണമായതെന്നും പഠനത്തിൽ പറയുന്നു.
ദി ലാൻസെറ്റ് റെസ്പിറേറ്ററി മെഡിസിൻ ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്.
ലോകാരോഗ്യ സംഘടനയുടെ ഇൻ്റർനാഷണൽ ഏജൻസി ഫോർ റിസർച്ച് ഓൺ ക്യാൻസർ (IARC) ഉൾപ്പെടെയുള്ള ഗവേഷകർ, ഗ്ലോബൽ കാൻസർ ഒബ്സർവേറ്ററി 2022 ഡാറ്റാസെറ്റിൽ നിന്നുള്ള ഡാറ്റ ഉൾപ്പെടെയുള്ള ശ്വാസകോശ അർബുദ കേസുകൾ വിശകലനം ചെയ്തു.
ശ്വാസകോശത്തിൽ ആരംഭിക്കുന്ന മാരകമായ ട്യൂമറാണ് ലംഗ് കാർസിനോമ എന്നും അറിയപ്പെടുന്ന ശ്വാസകോശാർബുദം. പലപ്പോഴും സിഗരറ്റ് വലിക്കുകയോ ദോഷകരമായ രാസവസ്തുക്കൾ ശ്വസിക്കുകയോ ചെയ്യുന്നത് മൂലമാണ് ഇത് ഉണ്ടാകുന്നത്.
നെഞ്ചുവേദന അല്ലെങ്കിൽ അസ്വസ്ഥത, മാറാത്തതോ കാലക്രമേണ വഷളാകുന്നതോ ആയ ചുമ,
ചുമയ്ക്കുമ്പോൾ രക്തം കാണുക, ശ്വാസം മുട്ടൽ, വിശപ്പില്ലായ്മ, ഒരു കാരണവുമില്ലാതെ ശരീരഭാരം കുറയുക, ക്ഷീണം
ഭക്ഷണമിറക്കാൻ പ്രയാസം എന്നിവയെല്ലാം ശ്വാസകോശ ക്യാൻസറിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങളാണ്.
വായുവിലെ ഉയർന്ന അളവിലുള്ള മലിനീകരണത്തിന് കുട്ടികൾ ഇരയാകുന്നു. ഇത് ശ്വാസകോശ അർബുദം, ആസ്ത്മ തുടങ്ങിയ ജീവൻ അപകടപ്പെടുത്തുന്ന അവസ്ഥകൾക്ക് കാരണമാകുന്നതായി പഠനങ്ങൾ പറയുന്നു.
പുകവലിക്കാത്തവരിൽ ശ്വാസകോശ അർബുദത്തിനുള്ള പ്രധാന അപകട ഘടകമാണ് സെക്കൻഡ് ഹാൻഡ് പുക. കാർസിനോജെനിക് രാസവസ്തുക്കൾ (സിലിക്ക, ആർസെനിക്, ക്രോമിയം, കാഡ്മിയം, നിക്കൽ) പോലെയുള്ള കെമിക്കലുമായുള്ള സമ്പർക്കം, കുടുംബ പാരമ്പര്യവും ജനിതക കാരണങ്ങളുമൊക്കെ ശ്വാസകോശ അർബുദ സാധ്യത കൂട്ടുന്നതായി വിദഗ്ധർ പറയുന്നു.