- Advertisement -Newspaper WordPress Theme
HEALTHകോവിഡ് തലച്ചോറിനെ വേഗത്തില്‍ വാര്‍ദ്ധക്യത്തിലേക്ക് നയിച്ചുവെന്ന് പഠനം

കോവിഡ് തലച്ചോറിനെ വേഗത്തില്‍ വാര്‍ദ്ധക്യത്തിലേക്ക് നയിച്ചുവെന്ന് പഠനം

ന്യൂഡല്‍ഹി: കോവിഡ് ബാധിച്ചാലും ഇല്ലെങ്കിലും മഹാമാരി അനുഭവം തലച്ചോറിനെ വേഗത്തില്‍ വാര്‍ദ്ധക്യത്തിലേക്ക് നയിച്ചുവെന്ന് പഠന റിപ്പോര്‍ട്ട്. വൈറസ് മാത്രമല്ല, ലോക്ക്ഡൗണിന്റെ സമ്മര്‍ദ്ദം, ഒറ്റപ്പെടല്‍ അടക്കം വിവിധ ഘടകങ്ങള്‍ തലച്ചോറിന്റെ ആരോഗ്യത്തെ ബാധിച്ചു എന്നാണ് ഇത് കാണിക്കുന്നതെന്നും നേച്ചര്‍ മാഗസിനില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.

മഹാമാരിക്ക് മുന്‍പുള്ള തലച്ചോറുകളെ അപേക്ഷിച്ച് മഹാമാരി കാലഘട്ടത്തില്‍ തലച്ചോറുകള്‍ ഏകദേശം 5.5 മാസം വേഗത്തില്‍ പ്രായമായതായും സ്‌കാന്‍ റിപ്പോര്‍ട്ടുകള്‍ കാണിക്കുന്നു. പുരുഷന്മാരിലും പ്രായമായവരിലും ആരോഗ്യക്ഷമത കുറഞ്ഞവരിലും താഴ്ന്ന വിദ്യാഭ്യാസ നിലവാരമുള്ളവരിലും ഈ ആഘാതം കൂടുതലായി കാണപ്പെടുന്നു. യുകെ ബയോബാങ്ക് (യുകെബിബി) പഠനത്തില്‍ നിന്നുള്ള സീരിയല്‍ ന്യൂറോ-ഇമേജിങ്ങും ഡാറ്റയും മഹാമാരിക്ക് മുമ്പും ശേഷവുമുള്ള ബ്രെയിന്‍ സ്‌കാനുകളും ഗവേഷകര്‍ ഉപയോഗിച്ചാണ് ഈ കണ്ടെത്തലില്‍ എത്തിയിരിക്കുന്നത്. ദീര്‍ഘകാലാടിസ്ഥാനത്തില്‍ തലച്ചോറിന്റെ ആരോഗ്യം നിരീക്ഷിക്കുന്നതിന്റെയും ആരോഗ്യകരമായ ജീവിതശൈലി ശീലങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെയും പ്രാധാന്യം ഈ പഠനം എടുത്തുകാണിക്കുന്നുവെന്ന് ഗുരുഗ്രാമിലെ പരാസ് ഹെല്‍ത്തിലെ ന്യൂറോളജി ചെയര്‍പേഴ്‌സണ്‍ ഡോ. എം വി പത്മ ശ്രീവാസ്തവ പറയുന്നു.

കോവിഡ് മഹാമാരി കാലത്ത് ഒരിക്കലും രോഗം ബാധിച്ചിട്ടില്ലാത്ത ആളുകളില്‍ പോലും തലച്ചോര്‍ പ്രായമാകുന്നതിന്റെ വേഗം വര്‍ധിച്ചതായും പഠനം കണ്ടെത്തി. മാറ്റങ്ങള്‍ വൈറസ് കാരണമല്ല. മറിച്ച് എല്ലാവരും അനുഭവിച്ച സമ്മര്‍ദ്ദം, ഒറ്റപ്പെടല്‍, ദൈനംദിന ജീവിതത്തിലെ തടസ്സങ്ങള്‍ എന്നിവ മൂലമാണ് ഉണ്ടായത്. നമ്മുടെ മാനസികവും വൈകാരികവുമായ അന്തരീക്ഷം തലച്ചോറിന്റെ ആരോഗ്യത്തെ എത്രത്തോളം ശക്തമായി ബാധിക്കുമെന്ന് ഇത് കാണിക്കുന്നു.

മഹാമാരി കാലത്ത് തലച്ചോറിന്റെ വാര്‍ദ്ധക്യം ത്വരിതപ്പെടുന്നതിന്റെ ലക്ഷണങ്ങള്‍ പഠനം നിരീക്ഷിച്ചെങ്കിലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ തലച്ചോറിന് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാവുമെന്ന് ഇത് സ്ഥിരീകരിക്കുന്നില്ല. എന്നിരുന്നാലും, ദീര്‍ഘകാലാടിസ്ഥാനത്തില്‍ തലച്ചോറിന്റെ ആരോഗ്യം നിരീക്ഷിക്കുകയും ആരോഗ്യകരമായ ജീവിതശൈലി ശീലങ്ങള്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യം ഇത് എടുത്തുകാണിക്കുന്നു. നിലവിലുള്ള ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നത് സമ്മര്‍ദ്ദം നിയന്ത്രിക്കല്‍, സാമൂഹിക ബന്ധം നിലനിര്‍ത്തല്‍, പതിവ് ശാരീരിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടല്‍, മനസ്സിനെ സജീവമായി നിലനിര്‍ത്തല്‍ എന്നിവയുള്‍പ്പെടെ ആരോഗ്യകരമായ ഒരു ജീവിതശൈലി നിലനിര്‍ത്തുന്നത് മൊത്തത്തിലുള്ള തലച്ചോറിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

തലച്ചോറിന്റെ ആരോഗ്യം എങ്ങനെ പരിപാലിക്കാം?

തലച്ചോറിന്റെ ആരോഗ്യം പരിപാലിക്കുന്നതിന് സമ്മര്‍ദ്ദം കൈകാര്യം ചെയ്യുക, ശാരീരികമായി സജീവമായി തുടരുക, മതിയായ ഉറക്കം, സാമൂഹിക ബന്ധങ്ങള്‍ നിലനിര്‍ത്തുക, സമീകൃതാഹാരം കഴിക്കുക, ചെറിയ ഇടവേളകള്‍ എടുക്കുക, പഠനത്തിലൂടെയും മാനസിക പ്രവര്‍ത്തനങ്ങളിലൂടെയും മനസ്സിനെ സജീവമായി നിലനിര്‍ത്തുക എന്നിവയാണ്. ഒമേഗ-3 ഫാറ്റി ആസിഡുകള്‍, ആന്റിഓക്‌സിഡന്റുകള്‍, വിറ്റാമിനുകള്‍ എന്നിവയാല്‍ സമ്പന്നമായ ഭക്ഷണങ്ങള്‍ തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme