താരതമ്യേന അപൂര്‍വമായി മാത്രം കണ്ടുവരുന്ന ഒരു അര്‍ബുദമാണ് അസ്ഥി അര്‍ബുദം അഥവാ ബോണ്‍ കാന്‍സര്‍. അസ്ഥിയില്‍ കോശങ്ങള്‍ അനിയന്ത്രിതമായി വളരുമ്പോഴാണ് അസ്ഥി അര്‍ബുദം ഉണ്ടാകുന്നത്. കുട്ടികളിലും കൗമാരക്കാരിലും യുവാക്കളിലുമാണ് ഇത് കൂടുതലായി കണ്ടു വരുന്നത്. പ്രായമായവരിലും അസ്ഥി അര്‍ബുദം പിടിപെടാം. ശരീരത്തിന്റെ മറ്റ് ഭാഗങ്ങളില്‍ കാന്‍സര്‍ ബാധിച്ചിട്ടുള്ളവരിലും മുന്‍ റേഡിയേഷന്‍ തെറാപ്പികള്‍ നടത്തിയിട്ടുള്ളവരിലും എല്ലുകളിലെ അര്‍ബുദ സാധ്യത കൂടുതലാണ്. സ്തനാര്‍ബുദം, പ്രോസ്റ്റേറ്റ് കാന്‍സര്‍, ശ്വാസകോശാര്‍ബുദം, തൈറോയ്ഡ് കാന്‍സര്‍ തുടങ്ങിയ ചിലതരം അര്‍ബുദങ്ങള്‍ അസ്ഥികളിലേക്ക് വ്യാപിക്കുന്നതിലൂടെയും ജനിതക അവസ്ഥകളും അസ്ഥി കാന്‍സറിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കും.
കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ചയുടെ സ്ഥാനം, മറ്റ് ചില അവസ്ഥകള്‍ എന്നിവയെ അടിസ്ഥാനമാക്കി അസ്ഥി കാന്‍സറുകളെ ഓസ്റ്റിയോസാര്‍കോമ, എവിംഗ് സാര്‍കോമ, കോണ്ട്രോസാര്‍കോമ, കോര്‍ഡോമ എന്നിങ്ങനെ നാലായി തരംതിരിച്ചിട്ടുണ്ട്. ഇതില്‍ ഏറ്റവും കൂടുതല്‍ കണ്ടുവരുന്നതും യുവാക്കളെ ബാധിക്കുന്നതും ഓസ്റ്റിയോസാര്‍കോമയാണ്. അതേസമയം കോണ്ട്രോസാര്‍കോമ പ്രായമായവരിലാണ് കൂടുതലായി കാണപ്പെടുന്നത്. ബോണ്‍ കാന്‍സറിന്റെ സാധാരണ ലക്ഷണങ്ങള്‍ എന്തൊക്കെയെന്ന് അറിഞ്ഞിരിക്കാം.
അസ്ഥി വേദന
അസ്ഥി അര്‍ബുദത്തിന്റെ ഏറ്റവും പ്രധാനമായ ലക്ഷണങ്ങളില്‍ ഒന്നാണ് വിട്ടുമാറാത്ത അസ്ഥി വേദന. ചെറിയ തോതില്‍ ആരംഭിക്കുന്ന വേദന കാലക്രമേണ വര്‍ധിക്കുകയും രാത്രി കാലങ്ങളില്‍ തീവ്രമാകുകയും ചെയ്യും.
വീക്കം
അര്‍ബുദം ബാധിച്ച അസ്ഥിയുടെ സമീപം മുഴയോ വീക്കമോ നീര്‍ക്കെട്ടോ ഉണ്ടാകാം. സ്പര്‍ശിക്കുമ്പോള്‍ വേദന അനുഭവപ്പെടുകയും ചെയ്യും.
ഒടിവുകള്‍
ചെറിയ ആഘാതങ്ങള്‍ ഉണ്ടാകുമ്പോള്‍ പോലും എല്ലുകള്‍ പെട്ടന്ന് പൊട്ടുകയോ ഒടിയുകയോ ചെയ്യുന്നതും അസ്ഥി അര്‍ബുദത്തിന്റെ ലക്ഷണമാകാം.
ചലിക്കുമ്പോള്‍ ബുദ്ധിമുട്ട്
ചലിക്കുമ്പോള്‍ ബുദ്ധിമുട്ട്, വേദന, കാഠിന്യം എന്നിവ അനുഭവപ്പെടുന്നതും എല്ലുകളിലെ അര്‍ബുദത്തിന്റെ മറ്റൊരു ലക്ഷണമാണ്.
ക്ഷീണം
അമിതമായ ക്ഷീണം, അസ്വസ്ഥത എന്നിവ പല അവസ്ഥകളുടെയും ഭാഗമായി ഉണ്ടാകാം. എന്നാല്‍ അസ്ഥി അര്‍ബുദത്തിന്റെ ലക്ഷണമായും ക്ഷീണം കണ്ടുവരാറുണ്ട്.
അകാരണമായി ശരീരഭാരം കുറയുക
അകാരണമായി ശരീരഭാരം കുറയുക, വിശപ്പില്ലായമ എന്നിവയും എല്ലുകളിലെ കാന്‍സറിന്റെ ഒരു ലക്ഷണമാണ്.
നാഡീസംബന്ധമായ ലക്ഷണങ്ങള്‍
കൈകാലുകളില്‍ മരവിപ്പ്, ഇക്കിളി അല്ലെങ്കില്‍ ബലഹീനത എന്നിവയും അസ്ഥി കാന്‍സറുകളുടെ ഒരു സൂചനയാണ്.
അമിത വിയര്‍പ്പ്
രാത്രി കാലങ്ങളില്‍ പനി, അമിതമായി വിയര്‍ക്കല്‍ എന്നിവയും എല്ലുകളിലെ കാന്‍സറിന്റെ സൂചനയാകാം.