വൃക്ക തകരാറായെന്നു അറിയണമെങ്കില്‍ ഈ ലക്ഷണങ്ങള്‍ ആണ് ശ്രദ്ധിക്കേണ്ടത്. മൂത്രത്തിന്റെ അളവ് കുറയുക, മൂത്രമൊഴിക്കുമ്പോള്‍ ഉണ്ടാകുന്ന അസ്വസ്ഥതകള്‍, മുഖത്തും കാല്‍പ്പാദങ്ങളിലും നീരുണ്ടാകുക, മൂത്രമൊഴിക്കുമ്പോള്‍ പതയുണ്ടാകുക, വാരിയെല്ലിനു കീഴ്ഭാഗത്തായി പുറംവേദന, മൂത്രത്തില്‍ രക്തം കലരുക തുടങ്ങിയവയാണ് വൃക്കരോഗത്തിന്റെ പ്രധാന ലക്ഷണങ്ങള്‍. വൃക്ക രോഗങ്ങള്‍ ഏതൊക്കെയെന്നും അവ സംരക്ഷിക്കാന്‍ ചെയ്യേണ്ട കാര്യങ്ങളെ കുറിച്ച് ഇന്ന് വിശദികരിക്കാം.
വൃക്ക രോഗങ്ങള്‍ എന്തൊക്കെ?
വൃക്കകളെ ബാധിക്കുന്ന പലതരം രോഗങ്ങളുണ്ട്. നെഫ്രോട്ടിക് സിന്‍ഡ്രോം, നെഫ്രൈറ്റിസ്, റീനല്‍ ഫെയ്ലിയര്‍ എന്നിവയാണ് പ്രധാന വൃക്ക രോഗങ്ങള്‍. ഏതുതരം വൃക്ക രോഗമായാലും രക്തത്തില്‍ മാലിന്യങ്ങള്‍ പതുക്കെ കൂടും. അതോടെ ശരീരത്തിലെ എല്ലാ അവയവങ്ങളുടെയും പ്രവര്‍ത്തനം മന്ദീഭവിക്കുന്നു. വൃക്ക രോഗം പിടിപെട്ടാല്‍ ചെയ്യേണ്ട കാര്യങ്ങള്‍ അവസാനം വിവരിക്കാം.
ഡയബെറ്റിക് നെഫ്രോപ്പതി (Diabetic Nephropathy)
പ്രമേഹം മൂലമുണ്ടാകുന്ന വൃക്കരോഗം. പ്രമേഹമുണ്ടായി 10-15 വര്‍ഷം കഴിയുമ്പോഴാണ് ഈ വൃക്കരോഗം പ്രത്യക്ഷപ്പെടുന്നത്. മൂത്രത്തിലൂടെ പ്രോട്ടീന്‍ നഷ്ടപ്പെടുന്ന അവസ്ഥയാണ് മൈക്രോ ആല്‍ബുമിനൂറിയ. തുടര്‍ന്ന് പ്രമേഹം നിയന്ത്രിച്ചില്ലെങ്കില്‍ കൂടുതല്‍ ഗ്ലോമറുലകള്‍ക്ക് നാശമുണ്ടായി ആല്‍ബുമിന്‍ കൂടുതലായി മൂത്രത്തിലൂടെ പോകുന്ന അവസ്ഥയുണ്ടാകും. സൂക്ഷിച്ചില്ലെങ്കില്‍ കുറച്ചു നാള് കഴിയുമ്പോള്‍ വൃക്കസ്തംഭനമുണ്ടാകാം.
നെഫ്രോടിക് സിന്‍ഡ്രം (Nephrotic Syndrome)
കുട്ടികളെയും പ്രായമായവരെയും ബാധിക്കുന്ന ഒരു രോഗമാണ് നെഫ്രോട്ടിക് സിന്‍ഡ്രോം. അസുഖം ബാധിക്കുന്നവരുടെ രക്തത്തില്‍ നിന്നും ധാരാളം പ്രോട്ടീന്‍ മൂത്രം വഴി നഷ്ടപ്പെടുന്നു. കാലക്രമേണ ശരീരത്തില്‍ നീരു വരികയും മൂത്രത്തിലൂടെ അമിതമായി ആല്‍ബുമിന്‍ നഷ്ടപ്പെടുകയും ചെയ്യുന്നു.
നെഫ്രൈറ്റിസ് (Nephritic Syndrome)
പ്രായ-ലിംഗഭേദമന്യേ കണ്ടുവരുന്ന രോഗമാണ് നെഫ്രൈറ്റിസ് അഥവാ വൃക്കവീക്കം. ശരീരത്തില്‍ പെട്ടെന്ന് നീരുണ്ടാവുകയും മൂത്രത്തിന്റെ അളവ് കാര്യമായി കുറയുകയും ചെയ്യുന്നു. നെഫ്രോണുകള്‍ക്ക് കേടുവരുന്നതിനെ തുടര്‍ന്ന് പ്രോട്ടീന്‍, രക്താണുക്കള്‍ എന്നിവ മൂത്രത്തിലൂടെ നഷ്ടമാവുന്നു. തലവേദന, ഓക്കാനം, ഛര്‍ദ്ദി, മുഖത്തും കൈകാലുകളിലും നീര് തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങള്‍, നെഫ്രോണുകളിലെ രക്തക്കുഴലുകളുടെ കൂട്ടമായ ഗ്ലോമറുലെസിനെ ബാധിക്കുന്ന നീര്‍ക്കെട്ടാണ് ഗ്ലോമറുലോ നെഫ്രൈറ്റിസ്. കുട്ടികളില്‍ കൂടുതലായി കണ്ടു വരുന്ന ഈ രോഗം ബാക്ടീരിയല്‍ അണു ബാധമൂലമാണ് കൂടുതലായി കാണപെടുന്നത്.
അക്യൂട്ട് റീനല്‍ഫെയിലര്‍ (Acute Renal Failure)
വൃക്കസ്തംഭനം രണ്ടുതരത്തിലുണ്ട്. ക്രോണിക് റീനല്‍ ഫെയിലിയറും അക്യൂട്ട് റീനല്‍ ഫെയിലിയറും. വൃക്കകളുടെ പ്രവര്‍ത്തനം പൊടുന്നനെ തകരാറിലാകുന്ന അവസ്ഥയെ അക്യൂട്ട് റീനല്‍ഫെയിലര്‍ എന്ന് വിളിക്കുന്നു. തുടര്‍ച്ചയായുള്ള രക്തസ്രാവം, ഛര്‍ദ്ദി-അതിസാര രോഗങ്ങള്‍, പൊള്ളല്‍, ഹൃദയസ്തംഭനം, വേദനാസംഹാരികളുടെ അമിത ഉപയോഗം, നെഫ്രൈറ്റിസ്, വൃക്കധമനികളുടെ തകരാറുകള്‍, മൂത്രനാളിയിലും മൂത്രസഞ്ചിയിലുമുണ്ടാകുന്ന തടസ്സങ്ങള്‍ തുടങ്ങിയവ പെട്ടെന്നുള്ള വൃക്കസ്തംഭനത്തിന് കാരണമാകും. വിഷജന്തുക്കള്‍ കടിച്ചോ (അണലി മുതലായ ജന്തുക്കള്‍) വിഷം അകത്തുചെന്നോ കോളറ പോലുള്ള ചില തീവ്രരോഗങ്ങള്‍ മൂലവും അക്യൂട്ട് റീനല്‍ ഫെയിലിയര്‍ സംഭവിക്കുന്നു. മൂത്രത്തിന്റെ അളവ് തീരെ കുറയുക, രക്തത്തിലെ യൂറിയ, ക്രിയാറ്റിനിന്‍ എന്നിവയുടെ അളവ് കൂടുക തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങള്‍.
കടപ്പാട്