ഐസ്ക്രീം ഉരുകാതെ അതിന്റെ തണുപ്പും മധുരവും ആസ്വദിക്കാൻ കഴിഞ്ഞലോ ? മുഖം ചുളിക്കണ്ട. ആ കാലവും വരും.
നമ്മൾ സാധാരണയായി കഴിക്കുന്ന ഐസ്ക്രീമിൽ വെള്ളം, പാൽക്കൊഴുപ്പ്, പാൽ പ്രോട്ടീനുകൾ, പഞ്ചസാര, വായു, കൂടാതെ സ്റ്റെബിലൈസറുകൾ, എമൽസിഫയറുകൾ എന്നിവയാണ് പ്രധാനമായും അടങ്ങിയിട്ടുള്ളത്. ഐസ്ക്രീം ഉരുകുമ്പോൾ, ഇതിലെ കൊഴുപ്പും വെള്ളവും വേർപിരിയുകയും അതുവഴി ഘടന നഷ്ടപ്പെടുകയും ചെയ്യുന്നു. ഇത് തടയാനാണ് പുതിയ ഗവേഷണങ്ങൾ സഹായിക്കുന്നത്.
ഐസ്ക്രീം ഉരുകുന്നത് എങ്ങനെ തടയും
ഐസ്ക്രീം ഉരുകുന്നത് തടയാൻ പരമ്പരാഗതമായി ചില സ്റ്റെബിലൈസറുകൾ ഉപയോഗിക്കാറുണ്ട്. എന്നാൽ ഇവയെല്ലാം രാസവസ്തുക്കളായതിനാൽ ആരോഗ്യപരമായ ആശങ്കകൾക്ക് കാരണമാകുന്നു. ഈ സാഹചര്യത്തിലാണ് പ്രകൃതിദത്തമായ മാർഗ്ഗങ്ങൾ തേടിയുള്ള ഗവേഷണങ്ങൾ സജീവമാകുന്നത്.
ജപ്പാനിലെ കനസാവ യൂണിവേഴ്സിറ്റിയിലെ ഗവേഷകർ യാദൃച്ഛികമായിട്ടാണ് ഈ വിഷയത്തിൽ ഒരു വഴിത്തിരിവുണ്ടാക്കിയത്. അവർ സ്ട്രോബെറിയിൽ നിന്ന് വേർതിരിച്ചെടുത്ത ഒരു പ്രത്യേക തരം പോളിഫെനോൾ, ഐസ്ക്രീം മിശ്രിതത്തിൽ ചേർത്തു. ഐസ്ക്രീമിന്റെ പ്രധാന ഘടകങ്ങളായ കൊഴുപ്പും വെള്ളവും വേർപിരിയാതെ കൂട്ടിച്ചേർത്ത് നിർത്താനുള്ള കഴിവ് ഈ പോളിഫെനോളിനുണ്ടെന്ന് അവർ കണ്ടെത്തി. ഇത് ഐസ്ക്രീമിന് ഒരു ദൃഢമായ ഘടന നൽകുകയും, സാധാരണ താപനിലയിൽ പോലും ഉരുകി ഒലിക്കാതെ നിലനിർത്തുകയും ചെയ്യമെന്നാണ് അവരുടെ കണ്ടെത്തൽ.
ഇതേ പാത പിന്തുടർന്ന് അമേരിക്കയിലെ വിസ്കോൺസിൻ-മാഡിസൺ യൂണിവേഴ്സിറ്റിയിലെ ഗവേഷകരും ഗ്രീൻ ടീ, ബ്ലൂബെറി തുടങ്ങിയവയിൽ കാണുന്ന പോളിഫെനോളുകൾ ഉപയോഗിച്ച് പരീക്ഷണം നടത്തി. ഈ പോളിഫെനോളുകൾ ചേർത്ത് ഉണ്ടാക്കിയ ഐസ്ക്രീം നാല് മണിക്കൂറിലധികം ഉരുകിപ്പോകാതെ അതിന്റെ രൂപം നിലനിർത്തിയതായി അവർ കണ്ടെത്തി. ഈ പോളിഫെനോളുകൾ ഐസ്ക്രീമിനെ കട്ടിയുള്ളതാക്കുന്നു, അതിനാൽ ഐസ്ക്രീമിലെ ഐസ് ഉരുകിയാലും ദ്രാവകം പുറത്തേക്ക് ഒഴുകിപ്പോകുന്നില്ല.
ഇത് ആരോഗ്യകരമാണോ ?
ഈ ഗവേഷണങ്ങൾ പ്രാധാന്യമർഹിക്കുന്നത്, രാസവസ്തുക്കൾക്ക് പകരം സസ്യങ്ങളിൽ നിന്ന് വേർതിരിച്ചെടുക്കുന്ന പോളിഫെനോളുകൾ പോലുള്ള പ്രകൃതിദത്ത ഘടകങ്ങൾ ഉപയോഗിച്ചാണ് ഈ മാറ്റങ്ങൾ സാധ്യമാക്കുന്നത് എന്നതുകൊണ്ടാണ്. അതിനാൽ ആരോഗ്യത്തെക്കുറിച്ച് ആശങ്കയുള്ളവർക്കും ഇത് കൂടുതൽ സ്വീകാര്യമാകും.
കൂടാതെ, ഈ സാങ്കേതികവിദ്യ ഐസ്ക്രീമിന്റെ ഗുണനിലവാരവും സംഭരണശേഷിയും മെച്ചപ്പെടുത്താൻ സഹായിക്കും. വിതരണ സമയത്ത് ഉരുകുന്നതും വീണ്ടും കട്ടപിടിക്കുന്നതും കാരണം ഐസ്ക്രീമിന്റെ രുചിയിലും ഘടനയിലും മാറ്റങ്ങൾ വരാറുണ്ട്. പോളിഫെനോളുകൾ ഈ പ്രശ്നത്തെ ഒരു പരിധി വരെ ഇല്ലാതാക്കുന്നു.