നല്ല ഭംഗിയുള്ള ചായക്കപ്പുകൾ കണ്ടാൽ പൊതുവേ മലയാളികൾ വിട്ടുകളയില്ല. ദിവസവും രണ്ടും മൂന്നും തവണ ചായ കുടിക്കുന്നത് ശീലമാക്കിയതുകൊണ്ട് കപ്പുകൾക്ക് അടിക്കടി ഉപയോഗവും ഉണ്ടാവും. എന്നാൽ കുറച്ചു തവണ ഉപയോഗിച്ച് കഴിയുമ്പോൾ ചായയുടെയും കാപ്പിയുടെയും കറ പടർന്ന് കപ്പുകളുടെ ഭംഗി നഷ്ടപ്പെട്ടിട്ടുണ്ടാവും. അവ അതിഥികൾക്ക് മുന്നിലേക്ക് എടുത്തുവയ്ക്കാൻപോലും പലരും മടിക്കും. എന്നാൽ ചായക്കപ്പിൽ പറ്റിക്കൂടിയ എത്ര കടുത്ത കറയും എളുപ്പത്തിൽ നീക്കം ചെയ്യാൻ വീട്ടിലെ ചില നിത്യോപയോഗ സാധനങ്ങൾ മതിയാവും.
* ചായ കപ്പുകൾ ബേക്കിങ് സോഡ ഉപയോഗിച്ച് കഴുകാം. കപ്പിൽ കറപിടിച്ച ഭാഗത്ത് അര മുതൽ ഒരു ടീസ്പൂൺ വരെ ബേക്കിങ് സോഡ വിതറുക. ഇതിനു മുകളിലേക്ക് ഏതാനും തുള്ളി വെള്ളം കൂടിയൊഴിച്ചാൽ പേസ്റ്റ് രൂപത്തിലാക്കി എടുക്കാം. ശേഷം മൃദുവായ സ്പോഞ്ചോ തുണിയോകൊണ്ട് ഉരച്ചു കൊടുത്താൽ കറ നീങ്ങും
* അധികമായി കറ പറ്റിയിരിക്കുകയാണെങ്കിൽ കപ്പിനുള്ളിൽ അരക്കപ്പ് വെളുത്ത വിനാഗിരി ഒഴിക്കാം. ഇതിലേക്ക് ഒരു ടീസ്പൂൺ ഉപ്പു ഇട്ടുകൊടുക്കുക. ഇത് നന്നായി ഇളക്കി യോജിപ്പിക്കണം. ശേഷം കപ്പ് ചെറുതായി ചുറ്റിച്ച് മിശ്രിതം എല്ലാ ഭാഗത്തും എത്തിയിട്ടുണ്ടെന്ന് ഉറപ്പാക്കുക. 5 -10 മിനിറ്റ് നേരം വിനാഗിരി കപ്പിനുള്ളിൽ സൂക്ഷിക്കണം. പിന്നീട് മൃദുവായ സ്പോഞ്ച് ഉപയോഗിച്ച് ഉരച്ചെടുത്തശേഷം നന്നായി കഴുകി എടുത്താൽ മതിയാകും. കപ്പുകളുടെ നഷ്ടപ്പെട്ട ഭംഗി വീണ്ടെടുത്ത് പുതിയത് പോലെ തോന്നിക്കും.
* പാത്രങ്ങൾക്ക് പുതുമ നൽകാൻ നാരങ്ങയോളം പോന്ന മറ്റൊന്നില്ല. ചായക്കപ്പുകളുടെ കാര്യത്തിലും അങ്ങനെതന്നെ. ഒരു നാരങ്ങ പകുതിയായി മുറിച്ചശേഷം കപ്പിന്റെ അകത്തും പുറത്തുമായി കറ പറ്റിപ്പിടിച്ചിരിക്കുന്ന ഭാഗത്ത് ഉരച്ചുകൊടുക്കാം. നാരങ്ങനീര് നന്നായി കപ്പിൽ പറ്റിപ്പിടിച്ച ശേഷം അല്പം ബേക്കിങ് സോഡ ഇതിനു മേലേക്ക് വിതറി കൊടുക്കാം. വിട്ടുപോകാത്ത കടുത്ത കറ നീക്കാൻ ഇത് സഹായിക്കും. കപ്പിനുള്ളിലെ ദുർഗന്ധം പൂർണമായും അകറ്റാൻ നാരങ്ങനീരിൽ ഉപ്പു കലർത്തി അതുപയോഗിച്ച് കഴുകിയാലും മതി. സ്പോഞ്ച് ഉപയോഗിച്ച് ഉരച്ചുകഴിഞ്ഞ് ചെറുചൂടുവെള്ളത്തിൽ കപ്പ് നന്നായി കഴുകിയെടുക്കുക.
*ടൂത്ത് പേസ്റ്റ് കൊണ്ടും ചായ കപ്പിലെ കറയകറ്റാം. ജെൽ രൂപത്തിലല്ലാത്ത വെളുത്ത ടൂത്ത് പേസ്റ്റ് മൃദുവായ ബ്രിസിൽസുള്ള ടൂത്ത് ബ്രഷിൽ തേച്ച ശേഷം കപ്പിലെ കറയുള്ള ഭാഗത്ത് ഉരച്ചു കൊടുക്കുക. മൃദുവായ തുണിയിൽ പേസ്റ്റ് തേച്ച് തുടച്ചാലും കറ നീങ്ങും. പേസ്റ്റ് കപ്പിൽ അവശേഷിക്കാത്ത വിധത്തിൽ നന്നായി കഴുകിയെടുക്കുകയും വേണം.
• ഐസ് കട്ട ചെറിയ കഷ്ണങ്ങളായി പൊട്ടിച്ച് കറപിടിച്ച കപ്പിനുള്ളിലേക്ക് ഇട്ടുകൊടുക്കാം. ഒരു ടീസ്പൂൺ ഉപ്പുപൊടി കൂടി വിതറുക. മൃദുവായ സ്പോഞ്ച് ഉപയോഗിച്ച് കപ്പിന്റെ ഉൾഭാഗം സ്ക്രബ്ബ് ചെയ്തെടുക്കാം. കറ വേഗത്തിൽ അകന്നു കിട്ടും.
• തടിയോ വിറകോ കത്തിച്ച ചാരമുണ്ടെങ്കിൽ അവയും ചായക്കപ്പിലെ കറ നീക്കാൻ ഏറെ ഉപയോഗപ്രദമാണ്. അൽപം ചാരം ചായക്കപ്പിനുള്ളിലേക്ക് ഇട്ടശേഷം വെള്ളം തളിച്ച് പേസ്റ്റ് പരുവത്തിലാക്കി അത് ഉപയോഗിച്ച് കപ്പ് നന്നായി ഉരച്ചു കഴുകിയെടുക്കുക. കറ മാറും.
ദുർഗന്ധം അകറ്റി ഫ്രഷ്നെസ്സ് നിലനിർത്താൻ
* കപ്പുകളിൽ ചായയോ കാപ്പിയോ കുടിച്ചശേഷം അത് ഉടൻതന്നെ കഴുകിവയ്ക്കുക. കൂടുതൽ സമയം കപ്പിൽ അവശേഷിക്കുന്നതിലൂടെ കറ പറ്റിപ്പിടിക്കാൻ കാരണമാകും.
* കപ്പ് കഴുകിയ ശേഷവും ചായയുടെ ഗന്ധം തങ്ങി നിൽക്കുന്നുണ്ടെങ്കിൽ രണ്ടോ മൂന്നോ ഗ്രാമ്പൂ അതിൽ ഇട്ടു വയ്ക്കാം. ചെറിയ അടപ്പ് ഉപയോഗിച്ച് കപ്പു മൂടിയ നിലയിൽ അരമണിക്കൂർ വയ്ക്കാവുന്നതാണ്. ശേഷം ഗ്രാമ്പു നീക്കം ചെയ്യാം.
• സവാള, വെളുത്തുള്ളി, മസാലകൾ പോലെ അടുക്കളയിലെ രൂക്ഷ ഗന്ധമുള്ള വസ്തുക്കൾക്ക് സമീപം ചായക്കപ്പുകൾ സൂക്ഷിക്കരുത്. ഇവയുടെ ഗന്ധം ചായക്കപ്പുകൾ ആഗിരണം ചെയ്യാനും അതിൽ തന്നെ തങ്ങിനിൽക്കാനും സാധ്യതയുള്ളതിനാലാണിത്.
• ഉപയോഗശേഷം കഴുകി തുടച്ചെടുത്ത കപ്പുകൾ കബോർഡുകൾക്കുള്ളിൽ വയ്ക്കുന്നതാണ് രീതി. എന്നാൽ മാസത്തിൽ ഒന്നോ രണ്ടോ തവണയെങ്കിലും ഇവയിൽ നേരിട്ട് സൂര്യപ്രകാശം ഏൽപിക്കുക. പത്തോ പതിനഞ്ചോ മിനിറ്റ് വെയിലത്ത് വച്ചാൽ തന്നെ ദുർഗന്ധം പടർത്തുന്ന ബാക്ടീരിയകൾ അകന്നുകിട്ടും.




