സൂക്ഷ്മജീവികളായ വൈറസുകളിൽ ചിലത് മാരകവും അത്രമാരകമല്ലാത്തതുമായ രോഗങ്ങൾ പരത്തുന്നവയാണ്. പലതരം വൈറസുകളെ നമുക്കറിയാം. എന്നാൽ ലോകത്തെ ഏറ്റവും അപകടകാരിയായ വൈറസ് ഏതെന്നറിയാമോ? അതിന്റെ പേരാണ് മാർബർഗ്. ഇതു ബാധിക്കപ്പെടുന്ന 10 പേരിൽ ഏകദേശം 9 രോഗികളും മരണപ്പെടാം.
1967ലാണ് മാർബർഗ് ആദ്യമായി വൈദ്യശാസ്ത്രത്തിനു മുന്നിലെത്തുന്നത്. പശ്ചിമജർമനിയിലെ മാർബർഗ് എന്ന പട്ടണത്തിലാണ് ആദ്യമായി വൈറസ് ബാധ ഉടലെടുക്കുന്നത്. പിന്നീട് ജർമനിയിലെ തന്നെ ഫ്രാങ്ക്ഫർട്ടിലും യൂഗോസ്ലാവിയയിലെ ബെൽഗ്രേഡിലും ഈ വൈറസ് രോഗികളിൽ കണ്ടെത്തി.
കടുത്ത പനി, കിടുകിടുപ്പ്, ശക്തമായ പേശിവേദന, നിർത്താതെയുള്ള ഛർദ്ദി എന്നിവയായിരുന്നു രോഗികളിലെ ആദ്യ ലക്ഷണങ്ങൾ. എന്നാൽ താമസിക്കാതെ ലക്ഷണങ്ങൾ മൂർച്ഛിച്ചു. ശരീരത്തിലെ സുഷിരങ്ങളിൽ നിന്നും കടുത്ത രക്തസ്രാവം ഉൾപ്പെടെ ഉണ്ടായി. ഏഴു പേർ മരിച്ചു.
ഇവരിൽ പലർക്കും മസ്തിഷ്കജ്വരവും സ്ട്രോക്കുമുണ്ടായിരുന്നു. ഭയാനകവും അപൂർവവുമായ ഈ വൈറസ് ബാധയ്ക്ക് അത് ആദ്യമായി ഉടലെടുത്ത പട്ടണത്തിന്റെ പേര് തന്നെ നൽകി. ലോക വൈദ്യശാസ്ത്രത്തിന്റെ ശക്തമായ നിരീക്ഷണങ്ങൾക്കു പാത്രമായ മാർബർഗ് വൈറസിന്റെ തുടക്കം അങ്ങനെയായിരുന്നു.
ജർമനിയിൽ ഈ രോഗം പകർന്നവരെല്ലാവരും വാക്സീൻ ലബോറട്ടറികളിൽ ജോലി ചെയ്തവരായിരുന്നു. ഇവർക്ക് രോഗമെങ്ങനെ കിട്ടിയെന്നുള്ള അന്വേഷണം എത്തി നിന്നത് കുരങ്ങുകളിലാണ്. ആഫ്രിക്കയിൽ നിന്ന് വാക്സീനുകൾ പരിശോധിക്കാനായി എത്തിച്ച ഗ്രീൻ മങ്കി എന്നറിയപ്പെടുന്ന കുരങ്ങുകളുടെ അവയവങ്ങൾ കൈകാര്യം ചെയ്തതിനിടെയാണ് ഈ രോഗം പകർന്നതെന്ന് താമസിക്കാതെ ഗവേഷകർ കണ്ടെത്തി.
അതിതീവ്രമായ വൈറസ് ബാധയായ എബോളയുടെ ബന്ധു എന്ന് മാർബർഗ് വൈറസ് ബാധയെ വിളിക്കാം. 2004–2005 കാലയളവിൽ ആഫ്രിക്കൻ രാജ്യമായ അംഗോളയിലുണ്ടായ മാർബർഗ് വ്യാപനത്തിൽ 252 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരിൽ 227 പേരും മരിച്ചു.
ഏകദേശം 90 ശതമാനം മരണനിരക്ക്. ഈ സംഭവം മാർബർഗിനെപ്പറ്റിയുള്ള ഭീതി കൂട്ടി. രോഗത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വ്യാപനവും ഇതായിരുന്നു. അംഗോള, യുഗാണ്ട, കോംഗോ തുടങ്ങിയ ആഫ്രിക്കൻ രാജ്യങ്ങളിലാണ് ഈ രോഗം ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെട്ടതും മരണമുണ്ടാക്കിയതും. യുഎസിലും യൂറോപ്പിലും കേസുകളുണ്ടായിട്ടുണ്ട്.
നിലവിൽ ഈ വൈറസിനെ ചെറുക്കാനായി ഫലപ്രദമായ വാക്സീനുകൾ വികസിപ്പിച്ചിട്ടില്ല. ഗുരുതരമായ രോഗാവസ്ഥയുണ്ടാക്കുമെങ്കിലും കൂടുതൽ പേരിലേക്കു വ്യാപിക്കാനുള്ള കഴിവ് മാർബർഗ് വൈറസുകൾക്ക് കുറവാണ്. എന്നാൽ ഭാവിയിൽ കൂടുതൽ വ്യാപനശേഷിയുള്ള വകഭേദങ്ങൾ വന്ന് മാർബർഗ് ഒരു മഹാമാരിയാകുന്നത് തടയിടാൻ ഇപ്പോഴേ ശ്രമങ്ങളുണ്ട്. ബുഷ്മീറ്റ് എന്നറിയപ്പെടുന്ന വന്യജീവികളുടെ മാംസം കഴിക്കുന്നത് കഴിയുന്നത്ര കുറയ്ക്കാൻ വിവിധ ആരോഗ്യസംഘടനകൾ ആഫ്രിക്കയിൽ ബോധവൽക്കരണം നടത്തുന്നുണ്ട്.