ഇന്ന് വളരെ സാധാരണമായി കണ്ടുവരുന്ന ഒരു അവസ്ഥയാണ് ഹൈപ്പര്‍ യൂറിസെമിയ. രക്തത്തില്‍ യുറിക് ആസിഡിന്റെ അളവ് വലിയതോതില്‍ വര്‍ധിക്കുന്നതാണ് ഹൈപ്പര്‍ യൂറിസെമിയയ്ക്ക് കാരണമാകുന്നത്. അനിയന്ത്രിതമായി യൂറിക് ആസിഡ് അളവ് വര്‍ധിക്കുന്നത് സന്ധിവാതം, സന്ധിവേദന, ഗുരുതരമായ വൃക്ക തകരാറുകള്‍ തുടങ്ങിയ പ്രശ്നങ്ങള്‍ക്ക് കാരണാമാകും. തുടക്കത്തില്‍ ലക്ഷണങ്ങളൊന്നും പ്രകടമാകാത്തതിനാല്‍ കൃത്യസമയത്ത് ചികിത്സ ലഭിക്കാതെ വരുകയും പാരമ്പര്യമായി ഹൃദയപ്രശ്നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതായില്ലാത്ത ആളുകളില്‍ പോലും ഹൃദയഘാതം ഉള്‍പ്പെടെയുള്ള അവസ്ഥകളിലേക്ക് നയിക്കുകയും ചെയ്യും. എന്നാല്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ രക്തത്തില്‍ യൂറിക് ആസിഡ് അളവ് നിയന്ത്രിക്കാന്‍ സാധിക്കും. മാംസാഹാരവും മദ്യവും ഒഴിവാക്കിയാല്‍ ഒരു പരിധി വരെ ഇത് നിയന്ത്രിക്കാനാകുമെങ്കിലും ദൈനംദിന ഭക്ഷണക്രമത്തില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്. യൂറിക് ആസിഡ് അളവ് വര്‍ധിപ്പിക്കുന്ന മറ്റ് ഭക്ഷണങ്ങള്‍ ഏതൊക്കെയെന്ന് അറിഞ്ഞിരിക്കാം.
പരിപ്പ്
പ്രോട്ടീന്‍, നാരുകള്‍ എന്നിവയുടെ സമ്പുഷ്ട ഉറവിടമായ തുവര പരിപ്പ്, ഉഴുന്ന് പരിപ്പ്, തുടങ്ങിയ പരിപ്പുകളില്‍ ഉയര്‍ന്ന അളവില്‍ യൂറിക് ആസിഡായി വിഘടിക്കുന്ന സംയുകതമായ പ്യൂരിനുകള്‍ അടങ്ങിയിട്ടുണ്ട്. പതിവായി ഇത് കഴിക്കുന്നത് യൂറിക് ആസിഡ് അളവ് വര്‍ധിക്കാന്‍ ഇടയാക്കും. അതിനാല്‍ പതിവായി പരിപ്പ് കഴിക്കുന്നത് കുറയ്ക്കാം.
കോളിഫ്‌ലവര്‍
ക്രൂസിഫറസ് കുടുംബത്തില്‍പെട്ട കോളിഫ്‌ലവരില്‍ മിതമായ അളവില്‍ പ്യൂരിനുകള്‍ അടങ്ങിയിട്ടുണ്ട്. വലിയ അളവില്‍ കോളിഫ്‌ലവര്‍ കഴിക്കുന്നത് യൂറിക് ആസിഡിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകും.
കൂണ്‍
നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് കൂണ്‍. എന്നാല്‍ ഇതിലും രക്തത്തിലെ യൂറിക് ആസിഡ് അളവ് വര്‍ധിപ്പിക്കുന്ന പ്യൂരിന്‍ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ പതിവായി കൂണ്‍ കഴിക്കുന്നത് യൂറിക് ആസിഡ് അളവ് ഉയരാന്‍ ഇടയാക്കും.
കിഡ്നി ബീന്‍സ്
സസ്യാധിഷ്ഠിത പ്രോട്ടീന്‍ ധാരാളമടങ്ങിയ കിഡ്നി ബീന്‍സ് അഥവാ രാജ്മയില്‍ പ്യൂരിന്‍ ഉള്ളടക്കം മിതമായി അടങ്ങിയിട്ടുണ്ട്. കൂടാതെ ഇത് ദഹിക്കാന്‍ പ്രയാസമായതിനാല്‍ ദഹനപ്രശ്നങ്ങള്‍ക്ക് കാരണമാകുകയും ചെയ്യും. യൂറിക് ആസിഡുള്ളവര്‍ അമിതമായി ഇത് കഴിക്കുന്നത് വീക്കം ഉണ്ടാക്കാന്‍ ഇടയാക്കും. അതിനാല്‍ യൂറിക് ആസിഡ് അഴവ് നിയന്ത്രിക്കാന്‍ കിഡ്നി ബീന്‍സ് കഴിക്കുന്നത് പരിമിതപ്പെടുത്തുകയോ ഒഴിവാക്കുകയോ ചെയ്യാം.
ചീര
ആരോഗ്യ ഗുണങ്ങള്‍ക്ക് പേരുകേട്ടതാണ് ചീര. എന്നാല്‍ ഇതില്‍ ഓക്സലേറ്റുകള്‍, പ്യൂരിനുകള്‍ എന്നിവയുടെ അളവ് കൂടുതലാണ്. യൂറിക് ആസിഡ് കൂടുതലുള്ള ആളുകള്‍ ദിവസേന പാലക് പനീര്‍ കഴിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്.
കൊഴുപ്പ് കൂടിയ പാല്‍
കൊഴുപ്പ് പാലില്‍ പ്യൂരിനുകള്‍ ഉയര്‍ന്ന അളവില്‍ അടങ്ങിയിട്ടുണ്ട്. കൊഴുപ്പ് കൂടുതലുള്ള പാലുത്പ്പന്നങ്ങള്‍ വീക്കം വര്‍ദ്ധിപ്പിക്കുകയും ഇന്‍സുലിന്‍ പ്രതിരോധത്തെ ബാധിക്കുകയും ചെയ്യും. ഇത് യൂറിക് ആസിഡ് അടിഞ്ഞുകൂടുന്നതിന് കാരണമാകും. കൊഴുപ്പ് കൂടിയ പാല്‍ ചേര്‍ത്തുണ്ടാക്കുന്ന ചായ, മലായ്, ക്രീം എന്നിവ പതിവായി ഉപയോഗിക്കുന്നത് പ്രശ്നം കൂടുതല്‍ വഷളാക്കും.