അടുക്കളയിൽ ഉപയോഗിക്കാൻ കഴിയുന്ന വിവിധ തരം പാത്രങ്ങൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. ഓരോന്നിനും വ്യത്യസ്തമായ ഉപയോഗമാണ് ഉള്ളത്. അതിനാൽ തന്നെ പാത്രങ്ങൾ വ്യത്യസ്തമായ മെറ്റീരിയലുകൾ ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. സ്റ്റെയിൻലെസ് സ്റ്റീൽ, നോൺ സ്റ്റിക്, അലുമിനിയം, കാസ്റ്റ് അയൺ തുടങ്ങി ഓരോ മെറ്റീരിയലിനും ഗുണങ്ങളും അതിന്റെതായ ദോഷങ്ങളും ഉണ്ട്. പാത്രങ്ങൾ ഉപയോഗിക്കുമ്പോൾ പ്രധാനമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ഇതാണ്.
സ്റ്റെയിൻലെസ് സ്റ്റീൽ
അടുക്കളയിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് സ്റ്റെയിൻലെസ് സ്റ്റീൽ പാത്രങ്ങളാണ്. ഉപയോഗിക്കാൻ എളുപ്പവറും കൂടുതൽ കാലം ഈട് നിൽക്കും എന്നതുമാണ് ഇതിന്റെ പ്രത്യേകത. ഭാരം കൂടിയ സ്റ്റീൽ പാത്രങ്ങൾ വാങ്ങുന്നത് പാചകം എളുപ്പമാക്കുകയും കേടുപാടുകൾ ഉണ്ടാകുന്നതിനെ തടയാനും സഹായിക്കുന്നു. ഉപയോഗ ശേഷം നന്നായി വൃത്തിയാക്കി ഉണക്കി സൂക്ഷിക്കാൻ ശ്രദ്ധിക്കണം. ഇല്ലെങ്കിൽ തുരുമ്പെടുക്കാൻ സാധ്യതയുണ്ട്.
അലുമിനിയം
അലുമിനിയം പാത്രങ്ങൾ ഉപയോഗിച്ച് എളുപ്പത്തിൽ പാചകം ചെയ്യാൻ സാധിക്കും. എന്നാൽ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. അലുമിനിയം പാത്രങ്ങളിൽ പ്രതിപ്രവർത്തനം ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്. അതിനാൽ തന്നെ തക്കാളി, വിനാഗിരി, നാരങ്ങ തുടങ്ങിയ അസിഡിറ്റിയുള്ള ഭക്ഷണങ്ങൾ അലുമിനിയം പാത്രത്തിൽ പാകം ചെയ്യുന്നത് ഒഴിവാക്കാം. ഗുണനിലവാരമുള്ള അലുമിനിയം പാത്രങ്ങൾ വാങ്ങിക്കാൻ ശ്രദ്ധിക്കണം. രാസവസ്തുക്കൾ കലർന്ന ക്ലീനറുകൾ ഉപയോഗിച്ച് പാത്രം കഴുകരുത്.
നോൺ സ്റ്റിക്
അടുക്കളയിൽ ഇടംപിടിച്ച മറ്റൊന്നാണ് നോൺ സ്റ്റിക് പാത്രങ്ങൾ. എളുപ്പത്തിൽ ഭക്ഷണം പാകം ചെയ്യാൻ സാധിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത. എന്നാൽ നോൺ സ്റ്റിക് പാത്രങ്ങൾ ഉപയോഗിക്കുമ്പോഴും വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. ഗുണമേന്മയുള്ളവ തെരഞ്ഞെടുക്കാൻ ശ്രദ്ധിക്കാം. ഇല്ലെങ്കിൽ ഇതിന്റെ കോട്ടിങ് ഇളകി പോകാനും അവ ഭക്ഷണത്തിൽ കലരാനും സാധ്യത കൂടുതലാണ്. കട്ടിയുള്ള വസ്തുക്കൾ ഉപയോഗിച്ച് ഉരച്ച് കഴുകുന്നതും ഒഴിവാക്കാം.
കാസ്റ്റ് അയൺ
ചൂടിനെ നിലനിർത്താൻ സാധിക്കുമെന്നതാണ് കാസ്റ്റ് അയൺ പാത്രങ്ങളുടെ പ്രത്യേകത. അതിനാൽ തന്നെ പാചകവും എളുപ്പമാണ്. പാചകത്തിന് മുമ്പായി പാത്രത്തിൽ എണ്ണ പുരട്ടാൻ മറക്കരുത്. ചൂടാകുന്നതിന് മുമ്പ് ഭക്ഷണം ഇടുന്നതും ഒഴിവാക്കണം. ഉപയോഗ ശേഷം കഴുകി വൃത്തിയാക്കി സൂക്ഷിക്കാം. എന്നാൽ പാത്രത്തിൽ ഈർപ്പം തങ്ങി നിൽകുന്നില്ലെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്. ഇത് പാത്രം പെട്ടെന്ന് തുരുമ്പെടുക്കാൻ കാരണമാകുന്നു.