ആരോഗ്യകരമായ ഡയറ്റ് എടുക്കുന്ന പലരും അവരുടെ ഭക്ഷണത്തില്‍ പലതരത്തിലുള്ള വിത്തുകള്‍ ഉള്‍പ്പെടുത്തുന്നത് നാം കാണാറുണ്ട്. എന്തിനാണ് ഇങ്ങനെ ചെയ്യുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ? കാരണം പലതാണ്. പലതരത്തിലുള്ള വിത്തുകള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്. അവയില്‍ പ്രധാനിയാണ് മത്തങ്ങ വിത്തുകള്‍ ( Pumpkin Seeds). വിറ്റാമിനുകള്‍, ധാതുക്കള്‍, ആരോഗ്യകരമായ കൊഴുപ്പുകള്‍, ആന്റിഓക്‌സിഡന്റുകള്‍, ഫൈബര്‍ എന്നിവയുടെ മികച്ച കലവറയാണ് മത്തങ്ങ വിത്തുകള്‍. വിറ്റാമിന്‍ സി, മഗ്നീഷ്യം, പ്രോട്ടീന്‍, സിങ്ക്, അയേണ്‍, പൊട്ടാസ്യം എന്നിവയും ഈ കുഞ്ഞന്‍ വിത്തില്‍ നിന്നും ലഭിക്കും. മത്തങ്ങ വിത്തുകള്‍ കഴിക്കുന്നതിന്റെ ഗുണങ്ങള്‍ അറിഞ്ഞിരിക്കാം.
ആരോഗ്യകരമായ ജീവിതശൈലിയുടെ ഒരു പ്രധാന ഭാഗമാണ് പോഷകാഹാരം. അത് ശരിയായി കഴിക്കുന്നതിന്റെ ഗുണങ്ങള്‍ എത്ര പറഞ്ഞാലും അധികമാകില്ല. മത്തങ്ങ വിത്തുകള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് മൂത്ര സംബന്ധമായ പ്രശ്‌നങ്ങളില്‍ നിന്ന് സംരക്ഷിക്കാന്‍ സഹായിക്കും. മത്തങ്ങ വിത്തില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്ന എണ്ണ മൂത്ര സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് സഹായിക്കുമെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. വെബ്എംഡി പ്രകാരം, അവയിലെ ചില രാസവസ്തുക്കള്‍ പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ വീക്കം കുറയ്ക്കുകയും ചെയ്യുന്നു.
ബീജങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ മത്തങ്ങ വിത്തുകള്‍ സഹായിക്കുന്നു. പ്രത്യുല്‍പാദന പ്രശ്നം നേരിടുന്ന പുരുഷന്മാരുടെ ഭക്ഷണത്തില്‍ സിങ്കിന്റെ കുറവ് ഉണ്ടാകാം. മത്തങ്ങ വിത്തുകളില്‍ സിങ്ക്, മഗ്‌നീഷ്യം എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ബീജങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതില്‍ ഇത് ഒരു പ്രധാന പങ്ക് വഹിക്കും. മത്തങ്ങ വിത്തുകള്‍ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനും സഹായിക്കും. വെളുത്ത രക്താണുക്കളുടെ ഉത്പാദനത്തില്‍ പ്രധാന പങ്ക് വഹിക്കുന്ന വിറ്റാമിന്‍ സി മത്തങ്ങ വിത്തുകളില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. അവ ശരീരത്തെ അണുബാധകളില്‍ നിന്നും രോഗങ്ങളില്‍ നിന്നും സംരക്ഷിക്കുന്നു.
മികച്ച ഉറക്കം ലഭിക്കാന്‍ ഇവ സഹായിക്കുന്നു.ഉറങ്ങാന്‍ പോകുന്നതിനു മുമ്പ് മത്തങ്ങ വിത്തുകള്‍ കഴിക്കുന്നത് നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കും. അവയില്‍ ട്രിപ്‌റ്റോഫാന്‍ എന്ന അമിനോ ആസിഡ് അടങ്ങിയിട്ടുണ്ട്, ഇത് ഉറങ്ങാന്‍ എടുക്കുന്ന സമയം കുറയ്ക്കാന്‍ സഹായിക്കുന്നു. മത്തങ്ങ വിത്തുകളില്‍ സിങ്ക്, ചെമ്പ്, സെലിനിയം എന്നിവ അടങ്ങിയിട്ടുണ്ടെന്ന് വെബ്എംഡി അവകാശപ്പെടുന്നു, ഇത് ഉറക്കത്തിന്റെ ദൈര്‍ഘ്യത്തെയും ഗുണനിലവാരത്തെയും സംരക്ഷിക്കും.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്നു. ഡോ. അശ്വിനി സരോഡ് ചന്ദ്രശേഖര പറയുന്നതിനനുസരിച്ച് മത്തങ്ങ വിത്തുകള്‍ക്ക് ഹൈപ്പോഗ്ലൈസമിക് ഗുണങ്ങളുണ്ടെന്ന്. അവ ഉയര്‍ന്ന രക്തത്തിലെ പഞ്ചസാരയുടെയും കൊളസ്‌ട്രോളിന്റെയും സാധ്യത കുറയ്ക്കുന്നു. ഇത് പ്രമേഹ സാധ്യത കുറയ്ക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന് ആവശ്യമായ അളവില്‍ പ്രോട്ടീനും ആരോഗ്യകരമായ കൊഴുപ്പും അവയില്‍ അടങ്ങിയിട്ടുണ്ട്. മത്തങ്ങയും ലിന്‍സീഡുകളും (ഫ്‌ളാക്‌സ്) ഒരുമിച്ച് കഴിക്കുന്നത് പ്രമേഹ സങ്കീര്‍ണതകള്‍ കുറയ്ക്കുമെന്ന് ഒരു പഠനം കണ്ടെത്തിയിട്ടുണ്ട്.