മഴക്കാലം ചൂടിന് ശമനം നല്‍കുമെങ്കിലും അതിനൊപ്പം ചില വെല്ലുവിളികളും നമ്മള്‍ നേരിടേണ്ടതായി വരുന്നു. അടുക്കളയില്‍ സൂക്ഷിക്കുന്ന ഭക്ഷണ സാധനങ്ങളുടെ കാര്യം പ്രത്യേകിച്ച് പറയേണ്ടതില്ല. മഴക്കാലത്ത് സുഗന്ധവ്യഞ്ജനങ്ങള്‍ പെട്ടെന്ന് കേടുവരുന്നു. അമിതമായ ഈര്‍പ്പം മൂലം പൂപ്പല്‍ ഉണ്ടാവുകയും രുചി നഷ്ടപ്പെടുകയും ചെയ്യുന്നു. അതിനാല്‍ തന്നെ ഇത് സൂക്ഷിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ നിങ്ങള്‍ ശ്രദ്ധിക്കണം.
ഗ്ലാസ് പാത്രങ്ങള്‍
പുനരുപയോഗിക്കാവുന്ന ഗ്ലാസ് പാത്രങ്ങളില്‍ സുഗന്ധവ്യഞ്ജനങ്ങള്‍ സൂക്ഷിക്കാം. ഈര്‍പ്പത്തെ ആഗിരണം ചെയ്യാന്‍ കഴിയാത്തതുകൊണ്ട് തന്നെ സുഗന്ധവ്യഞ്ജനങ്ങള്‍ കേടുവരാതിരിക്കാന്‍ ഇത് സഹായിക്കുന്നു. ഉള്ളിലേക്ക് വായുകടക്കാത്ത രീതിയില്‍ അടച്ച് സൂക്ഷിക്കാവുന്നതാണ്.
ഈര്‍പ്പമില്ലാത്ത സ്ഥലങ്ങള്‍
ഈര്‍പ്പം ഇല്ലാത്ത, തണുപ്പുള്ള അധികം വെളിച്ചമടിക്കാത്ത സ്ഥലങ്ങളില്‍ സുഗന്ധവ്യഞ്ജനങ്ങള്‍ സൂക്ഷിക്കാം. സ്റ്റൗ, സിങ്ക് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും മാറ്റി സൂക്ഷിക്കാന്‍ ശ്രദ്ധിക്കണം. നല്ല വായു സഞ്ചാരമുണ്ടെന്ന് ഉറപ്പാക്കുകയും വേണം.
ഫ്രീസ് ചെയ്യാം
കൂടുതല്‍ അളവില്‍ സുഗന്ധവ്യഞ്ജനങ്ങള്‍ വാങ്ങി സൂക്ഷിക്കുമ്പോള്‍ അവ എളുപ്പത്തില്‍ കേടുവരാന്‍ സാധ്യതയുണ്ട്. ആവശ്യമുള്ളത് ഉപയോഗിച്ചതിന് ശേഷം ബാക്കിവന്നവ ഫ്രീസറിലാക്കി സൂക്ഷിക്കാവുന്നതാണ്. എത്രദിവസം വരെയും ഇത് കേടുവരാതിരിക്കും.
പൊടിച്ച് സൂക്ഷിക്കാം
സുഗന്ധവ്യഞ്ജനങ്ങള്‍ കടയില്‍ നിന്നും വാങ്ങുന്നതിനേക്കാളും വീട്ടില്‍ തന്നെ പൊടിച്ചെടുക്കുന്നതാണ് നല്ലത്. ഇത് കടയില്‍ നിന്നും വാങ്ങുന്നവയെക്കാളും കൂടുതല്‍ ദിവസം കേടുവരാതിരിക്കാന്‍ സഹായിക്കുന്നു.
പരിശോധിക്കാം
ഇടയ്ക്കിടെ സാധനങ്ങള്‍ പരിശോധിച്ച് കേടു വന്നിട്ടില്ലെന്ന് ഉറപ്പാക്കേണ്ടതുണ്ട്. നിറം, മണം എന്നിവയില്‍ മാറ്റങ്ങള്‍ വന്നിട്ടുണ്ടെങ്കില്‍ ഉപയോഗിക്കാന്‍ പാടില്ല. ആദ്യം വാങ്ങിവെച്ചത് ആദ്യം തന്നെ ഉപയോഗിച്ച് തീര്‍ക്കാന്‍ ശ്രദ്ധിക്കണം. ഇത് സാധനങ്ങള്‍ കേടാകുന്നത് ഒഴിവാക്കാന്‍ സഹായിക്കുന്നു.
അമിതമായി വാങ്ങരുത്
സുഗന്ധവ്യഞ്ജനങ്ങള്‍ അമിതമായി വാങ്ങി സൂക്ഷിക്കാന്‍ പാടില്ല. ഇത് ഉപയോഗിച്ച് തീരുന്നതിന് മുമ്പ് തന്നെ കേടുവരാന്‍ സാധ്യതയുണ്ട്.