രാജ്യത്തെ കോടിക്കണക്കിന് ട്രെയിൻ യാത്രക്കാർക്ക് ആശ്വാസം നൽകുന്ന സുപ്രധാന തീരുമാനം ഇന്ത്യൻ റെയിൽവേ കൈക്കൊണ്ടു. ഇനി മുതൽ ട്രെയിൻ ടിക്കറ്റുകളുടെ റിസർവേഷൻ സ്റ്റാറ്റസ് യാത്രയ്ക്ക് 10 മണിക്കൂർ മുൻപേ അറിയാൻ സാധിക്കും.
ഇതിനായി ആദ്യ റിസർവേഷൻ ചാർട്ട് തയ്യാറാക്കുന്ന സമയത്തിൽ മാറ്റം വരുത്തിയതായി റെയിൽവേ ബോർഡ് അറിയിച്ചു.
നേരത്തെ ട്രെയിൻ പുറപ്പെടുന്നതിന് വെറും നാല് മണിക്കൂർ മുൻപാണ് ആദ്യ ചാർട്ട് തയ്യാറാക്കിയിരുന്നത്. ഇതുമൂലം വെയിറ്റിംഗ് ലിസ്റ്റിലുള്ള യാത്രക്കാർക്ക് അവസാന നിമിഷം വരെ ആശങ്ക അനുഭവിക്കേണ്ടിവന്നിരുന്നു. പുതിയ സംവിധാനത്തിലൂടെ സീറ്റ് സ്ഥിരീകരിച്ചിട്ടുണ്ടോ എന്ന് യാത്രക്കാർക്ക് മുൻകൂട്ടി ഉറപ്പാക്കാൻ സാധിക്കും.
പുതിയ ക്രമീകരണം ഇങ്ങനെ:
രാവിലെ 5 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെ പുറപ്പെടുന്ന ട്രെയിനുകളുടെ ആദ്യ ചാർട്ട് തലേദിവസം രാത്രി 8 മണിക്ക് തയ്യാറാക്കും.
ഉച്ചയ്ക്ക് 2.01 മുതൽ പുലർച്ചെ 5 മണി വരെ പുറപ്പെടുന്ന ട്രെയിനുകളുടെ ആദ്യ ചാർട്ട്, ട്രെയിൻ പുറപ്പെടുന്നതിന് കൃത്യം 10 മണിക്കൂർ മുൻപ് തയ്യാറാക്കും.
ഈ മാറ്റം ദൂരസ്ഥലങ്ങളിൽ നിന്ന് യാത്ര ചെയ്യുന്നവർക്കു യാത്ര മുൻകൂട്ടി ആസൂത്രണം ചെയ്യാൻ സഹായകരമാകും. സ്റ്റേഷനിലെത്തിയ ശേഷം ടിക്കറ്റ് കൺഫേം ആയില്ലെന്ന് അറിഞ്ഞ് മടങ്ങേണ്ടി വരുന്ന സാഹചര്യം ഇതോടെ ഒഴിവാകും.
യാത്രക്കാരിൽ നിന്ന് ദീർഘകാലമായി ലഭിച്ച പരാതികൾ പരിഗണിച്ചാണ് റെയിൽവേ മന്ത്രാലയം ഈ തീരുമാനം എടുത്തത്. ഇതുമായി ബന്ധപ്പെട്ട നിർദേശങ്ങൾ എല്ലാ സോണൽ റെയിൽവേ ഡിവിഷനുകൾക്കും കൈമാറിയിട്ടുണ്ട്.
പുതിയ സംവിധാനം പ്രാബല്യത്തിൽ വരുന്നതോടെ ട്രെയിൻ യാത്രകൾ കൂടുതൽ സുതാര്യവും സമ്മർദ്ദരഹിതവുമാകുമെന്ന് ഇന്ത്യൻ റെയിൽവേ അറിയിച്ചു.




