ട്രെയിൻ യാത്ര ദുരിതമാകുന്നത് പലപ്പോഴും സംവിധാനങ്ങളെല്ലാം ഒരു കുടക്കീഴിൽ ലഭിക്കാത്തപ്പോഴാണ്. സ്ലീപ്പറോ, എസി കോച്ചോ ബുക്ക് ചെയ്യാൻ ഒരു ആപ്പ്, യാത്രയ്ക്കിടെ ഭക്ഷണം ബുക്ക് ചെയ്യണമെങ്കിൽ മറ്റൊരു ആപ്പ്, സെക്കൻഡ് ക്ലാസ് ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ മറ്റൊരു ആപ്പ്, ഇത് ആളുകൾക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്. ഇതിന് പരിഹാരമായി എല്ലാ സംവിധാനങ്ങളും ഒരു കുടക്കീഴിൽ ഒതുക്കാൻ റെയിൽ വൺ ആപ്പ് ഒരുക്കിയിരിക്കുകയാണ് റെയിൽ വേ.
യുടിഎസ്, ഐആർസിടിസി എന്നിങ്ങനെ എല്ലാ ആപ്പുകൾക്കും പകരക്കാരനാകാൻ റെയിൽവണ്ണിന് കഴിയും എന്നാണ് കരുതുന്നത്. ട്രെയിൻ ട്രാക്കിങ് അടക്കമുള്ള സംവിധാനങ്ങളും റെയിൽവൺ വാഗ്ദാനം ചെയ്യുന്നുണ്ട്. പ്ലാറ്റ്‌ഫോം ടിക്കറ്റും ഇതിലൂടെ എടുക്കാനാവും. റെയിൽവൺ ആപ്പ് എങ്ങനെ ഉപയോഗിക്കാം എന്ന് നോക്കാം.
പ്ലേ സ്റ്റോറിൽ നിന്നും റെയിൽവൺ എന്ന ആപ്പ് ഡൗൺലോഡ് ചെയ്യുക. മുന്നേ ഐആർസിടിസി അക്കൗണ്ടുള്ള ആളാണ് നിങ്ങളെങ്കിൽ യൂസർനെയിം പാസ്‌വേർഡ് എന്നിവ നൽകി ലോഗിൻ ചെയ്യുക. അപ്പോൾ മൊബൈലിലേക്ക് വരുന്ന എം പിൻകോഡ് ഉപയോഗിച്ച് റെയിൽവൺ ആപ്പിൽ പ്രവേശിക്കാം. എം പിൻ ഒരിക്കലും മറക്കാതിരിക്കേണ്ടതുണ്ട്. അതിനാൽ എവിടെയെങ്കിലും കുറിച്ചു വയ്ക്കുകയുമാകാം.
ഇനി ഐആർസിടിസി അക്കൗണ്ട് ഇല്ലെങ്കിൽ ആവശ്യമായ വിവരങ്ങൾ നൽകി ഐആർസിടിസിയുടെ ഭാഗമാവുക. ആപ്പിന്റെ ഹോം പേജിൽ തന്നെ കാണുന്ന റിസേർവ്ഡ് എന്ന വിഭാഗത്തിൽ എസി, സ്ലീപ്പർ കോച്ച് ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ കഴിയും. ഇതിലേക്ക് കയറി, നിങ്ങളുടെ യാത്ര എവിടെ തുടങ്ങി, എവിടെ അവസാനിക്കുന്നു എന്ന വിവരങ്ങൾ നൽകുക. തീയതി, ക്ലാസ്, കോട്ട എന്നിവയുടെ കോളം കൂടി പൂരിപ്പിച്ച ശേഷം സെർച്ച് എന്ന ബട്ടൺ അമർത്തുക. നിങ്ങളുടെ യാത്രയ്ക്ക് അനുയോജ്യമായ ട്രെയിനുകളും അതിന്റെ സമയവും അവിടെ കാണാനാവും. ഇതിൽ നിന്ന് പുറപ്പെടുന്ന സമയവും സ്ഥലത്ത് എത്തുന്ന സമയവും നോക്കി, നിങ്ങൾക്ക് അനുയോജ്യമായത് തിരഞ്ഞെടുക്കാവുന്നതാണ്.
പിന്നീട്, യാത്രക്കാരന്റെ വിവരങ്ങൾ ആപ്പിൽ ചോദിക്കുന്നത് പ്രകാരം ഒന്നൊന്നായി പൂരിപ്പിച്ച് സബ്മിറ്റ് ചെയ്യുക. ട്രെയിൻ തിരഞ്ഞെടുക്കുന്നതിന് മുൻപ് അതിന്റെ വലതുവശത്തായി കാണുന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്താൽ ട്രെയിൻ ഏതൊക്കെ സ്റ്റോപ്പുകളിൽ നിർത്തുന്നു എന്ന് അറിയാനാവും. നിലവിൽ ആളുകൾ യുടിഎസ് ആപ്പുകളിലൂടെ ചെയ്യുന്ന അൺറിസർവ്ഡ് കോച്ചുകളിലെ സീറ്റ് ബുക്കിങ് റെയിൽവണ്ണിലൂടെ ചെയ്യാനാകും. ഹോം പേജിലെ അൺറിസർവ്ഡ് എന്ന ഓപ്ഷനാണ് ഇതിനായി സെലക്ട് ചെയ്യേണ്ടത്. ഹോം പേജിലെ മൂന്നാമത്തെ ഓപ്ഷനായ പ്ലാറ്റ്‌ഫോം, പ്ലാറ്റ്‌ഫോം ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുള്ളതാണ്. സെർച്ച് ട്രെയിൻ എന്ന അടുത്ത ഓപ്ഷൻ നിങ്ങൾക്ക് പോകേണ്ട സ്ഥലത്തേക്കുള്ള മുഴുവൻ ട്രെയിനുകളും കാണിച്ച് തരുന്നു. ട്രാക്ക് യുവർ ട്രെയിൻ എന്ന ഓപ്ഷൻ സെലക്ട് ചെയ്യുന്നതിലൂടെ നിങ്ങൾക്ക് യാത്രയിലുള്ള ട്രെയിനുകളും, അവയുടെ സഞ്ചാരപാതയും ട്രാക്ക് ചെയ്യാനാവും.
കോച്ച് പൊസിഷൻ എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്ത് നിങ്ങളുടെ ട്രെയിനിന്റെ പേര് അല്ലെങ്കിൽ നമ്പർ ഏതെങ്കിലും നൽകി ട്രെയിനിന്റെ കോച്ച് പൊസിഷൻ മനസിലാക്കാവുന്നതാണ്. ഫുഡ് ഓർഡർ എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്താൽ ഭക്ഷണം ഓർഡർ ചെയ്യാനാവും. നിങ്ങൾക്ക് ഏത് പ്ലാറ്റ്‌ഫോമിലാണോ ഭക്ഷണം ആവശ്യം അവിടെ ലഭ്യമായ റെസ്‌റ്റോറന്റുകൾ ആപ്പിൽ കാണാനാവും. അത് തിരഞ്ഞെടുത്ത ശേഷം പണമടച്ചാൽ ഭക്ഷണം പ്ലാറ്റ്‌ഫോമിൽ ലഭിക്കും. ഹോം പേജിലെ ഫയൽ റീഫണ്ട് എന്ന ഓപ്ഷനിലൂടെ ടിക്കറ്റ് ക്യാൻസൽ ചെയ്യാനുള്ള അവസരമുണ്ട്.
ഇത് കൂടാതെ യാത്രയെക്കുറിച്ചുള്ള പരാതികളും, ഫീഡ്ബാക്കും അറിയിക്കുന്നതിനായും ആപ്പിൽ അവസരമുണ്ട്.