കാസര്‍കോട്: ചെറുവത്തൂരില്‍ ഷവര്‍മ കഴിച്ച് പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. ഐഡിയല്‍ കൂള്‍ ബാര്‍ ഉടമയും ഷവര്‍മ മേക്കറുമാണ് അറസ്റ്റിലായത്. മംഗളൂരു സ്വദേശി അനസ്, നേപ്പാള്‍ സ്വദേശി സന്ദേശ് റായി എന്നിവരാണ് അറസ്റ്റിലായത്. മനപൂര്‍വമല്ലാത്ത നരഹത്യാക്കുറ്റം ചുമത്തിയാണ് ചന്തേര പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്തത്. ഐഡിയല്‍ കൂള്‍ബാറിന്റെ വാന്‍ പുലര്‍ച്ചെ തീവച്ച് നശിപ്പിച്ച നിലയില്‍ കണ്ടെത്തി. സ്ഥാപനത്തിന്റെ വടക്കു ഭാഗത്ത് റോഡിനോട് ചേര്‍ന്ന് നിര്‍ത്തിയിട്ട സ്ഥലത്താണ് വാന്‍ കത്തിയനിലയില്‍ കണ്ടത്. ആരാണ് വാന്‍ കത്തിച്ചത് എന്ന് സൂചനയില്ല. സിസിടിവി പരിശോധിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. അതേ സമയം ഷവര്‍മ വിറ്റ കൂള്‍ബാറിന് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ലൈസന്‍സില്ല എന്നും പരിശോധനയില്‍ കണ്ടെത്തി. ജനുവരിയില്‍ ഇവര്‍ ലൈസന്‍സിനായി അപേക്ഷ നല്‍കിയിരുന്നെങ്കിലും നിലവില്‍ വെബ്സൈറ്റ് ഇവരുടെ അപേക്ഷ നിരസിച്ചതായിട്ടാണ് കാണുന്നത്.
ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ലൈസന്‍സിനുള്ള അപേക്ഷ അപൂര്‍ണമാണെങ്കില്‍ 30 ദിവസത്തിനകം പിഴവുകള്‍ തിരുത്തി സമര്‍പ്പിക്കണമെന്നാണ് ചട്ടം. എന്നാല്‍ കടയുടമ അങ്ങനെ ചെയ്തിട്ടില്ല. പകരം ലൈസന്‍സിനായി നല്കിയ അപേക്ഷയാണു കടയില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.
കണ്ണൂര്‍ കരിവെള്ളൂര്‍ പെരളം സ്വദേശി 16 വയസുകാരിയായ ദേവനന്ദയാണ് മരിച്ചത്. ദേവനന്ദയുടെ പോസ്റ്റ്മോര്‍ട്ടം ഇന്ന് നടക്കും. ഭക്ഷ്യ വിഷബാധയേറ്റ് 31 പേരാണ് ചികിത്സയില്‍ കഴിയുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച ചെറുവത്തൂര്‍ ഐഡിയല്‍ ഫുഡ് പോയിന്റില്‍ നിന്ന് ഷവര്‍മ കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഷവര്‍മയില്‍ ഉപയോഗിച്ച പഴകിയ മയോണൈസാണ് ഭക്ഷ്യ വിഷബാധയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.