in

മൂത്രാശയ രോഗങ്ങളെ മനസ്സിലാക്കാം, പരിഹരിക്കാം

Share this story

മൂത്രാശയത്തിലെ അണുബാധ

വളരെയേറെ ആളുകളെ ബുദ്ധിമുട്ടിക്കുന്ന ഒരു അസുഖമാണ് ഇത്. ഇത് ഏറ്റവും കൂടുതല്‍ കാണപ്പെടുന്നത് 15 മുതല്‍ 45 വയസ്സുള്ള സ്ത്രീകളിലും, ഗര്‍ഭിണികളിലും പ്രായം ചെന്ന സ്ത്രീ-പുരുഷന്മാരിലും മൂത്രാശയത്തില്‍ തടസ്സം ഉള്ള ആളുകളിലുമാണ്. ഇതില്‍ നല്ലൊരു ശതമാനം ആളുകളും പ്രമേഹ രോഗികളും ആയിരിക്കാം.

ലക്ഷണം
മൂത്രം ഒഴിക്കുന്നതിലെ ബുദ്ധിമുട്ട് തന്നെയാണ് പലപ്പോഴും രോഗത്തിന്‍റെ ആദ്യ ലക്ഷണമായി കാണുന്നത്. തുടര്‍ച്ചയായുള്ള മൂത്രശങ്ക, അടിവയറ്റിലെ വേദന, ഒരിക്കല്‍ പോയാലും ഉടന്‍ തന്നെ വീണ്ടും പോകണമെന്ന തോന്നല്‍, തോന്നലുണ്ടായാലും മൂത്രം ഒഴിക്കാന്‍ കഴിയാതിരിക്കുക തുടങ്ങിയ ലക്ഷണങ്ങളും കാണുന്നു.

മൂത്രാശയ അണുബാധകള്‍ വളരെക്കൂടുതലായി കാണുന്നത് സ്ത്രീകളിലാണ്. ആണുങ്ങളിലും ഇതുണ്ടാകാമെങ്കിലും സ്ത്രീകളില്‍ രോഗത്തിന്റെ തോത് അധികമാണ്. ഇതിന് രണ്ടു കാരണങ്ങളുണ്ട്. രോഗാണുക്കള്‍ വളരാനും കടന്നുപോകാനും സാധ്യത കൂടിയ ഇടമായ മലദ്വാരത്തില്‍ നിന്ന് മൂത്രനാളിയിലേക്ക് രോഗാണുക്കള്‍ എത്താനുള്ള സാധ്യത സ്ത്രീകളില്‍ കൂടുതലാണ്. സ്ത്രീകളിലുണ്ടാകുന്ന മൂത്രാശയ അണുബാധകളുടെ മുഖ്യകാരണങ്ങളിലൊന്ന് ഇ കോളി എന്ന ബാക്ടീരിയയാണ്.

മലാശയത്തില്‍ ഈ രോഗാണു ഉണ്ടാകാനുള്ള സാധ്യത കൂടുതലുമാണ്. നമ്മുടെ നാട്ടിലെ സ്ത്രീകളില്‍ പലരും വളരെനേരം മൂത്രം പിടിച്ചുനിര്‍ത്തുന്ന ശീലമുള്ളവരാണ്. അതുമൂലം മൂത്രസഞ്ചി നിറഞ്ഞ് അതിലെ മ്യൂക്കസ് സ്തരം വലിഞ്ഞു പോകും. വളരെയേറെ നേരം മൂത്രം കെട്ടിനില്‍ക്കുന്നതുകൊണ്ടു തന്നെ അണുബാധയ്ക്കുള്ള സാധ്യത കൂടും. കടുത്ത പ്രമേഹം, പ്രോസ്റ്ററ്റൈറ്റിസ് പോലുള്ള മൂത്രാശയ രോഗങ്ങള്‍ മൂത്രവ്യവസ്ഥയുടെ പ്രശ്‌നങ്ങള്‍ തുടങ്ങിയവയൊക്കെയാണ് പുരുഷന്മാരില്‍ അണുബാധയ്ക്കു വഴിയൊരുക്കുന്ന പ്രധാന കാരണങ്ങള്‍. മറ്റൊരു പ്രധാന കാരണം വൃക്കയിലെ കല്ലുകളാണ്.

ലക്ഷണങ്ങള്‍

മൂത്രമൊഴിക്കുമ്പോഴുള്ള അസ്വസ്ഥതകളും വേദനയുമൊക്കെയാണ് മിക്കപ്പോഴും ഈ അണുബാധകളുടെ ലക്ഷണങ്ങള്‍. വളരെക്കൂടുതല്‍ തവണ മൂത്രമൊഴിക്കേണ്ടി വരുന്നതും മൂത്രമൊഴിക്കുമ്പോള്‍ കടച്ചില്‍ അനുഭവപ്പെടുന്നതും സാധാരണയാണ്. മൂത്രസഞ്ചിയില്‍ മാത്രമുള്ള അണുബാധയാണെങ്കില്‍ പുകച്ചില്‍ അനുഭവപ്പെടുകയും കൂടെക്കൂടെ മൂത്രമൊഴിക്കണമെന്ന തോന്നല്‍ ഉണ്ടാവുകയും ചെയ്യും. എന്നാല്‍ ഓരോ തവണയും വളരെക്കുറച്ചേ പോകാനുണ്ടാവൂ.

++++++++++

രാത്രി കൂടുതല്‍ തവണ മൂത്രമൊഴിക്കേണ്ടിവരും. മൂത്രമൊഴിക്കുമ്പോള്‍ മൂത്രനാളിയില്‍ പുകച്ചിലും വേദനയും അനുഭവപ്പെടും. മൂത്രനാളിയിലൂടെ ഒരു മുള്ളു കടത്തിവിടുന്നതു പോലെ അതികഠിനമായ വേദനയുണ്ടാകുന്നത് വിരളമല്ല. നാഭിക്കു താഴെ മൂത്രവ്യവസ്ഥയോടു ചേര്‍ന്ന ഭാഗത്ത് വേദനയുണ്ടാവാം. മൂത്രത്തില്‍ പഴുപ്പുണ്ടാവാം. മൂത്രനാളിയില്‍ നിന്ന് ചില സ്രവങ്ങളുണ്ടായെന്നും വരാം. മൂത്രത്തില്‍ രക്തത്തിന്റെ അംശം കാണാം. നേരിയ പനിയുണ്ടാകാം. മൂത്രം കലങ്ങിയിരിക്കുക, രൂക്ഷമായ ദുര്‍ഗന്ധമുണ്ടായിരിക്കുക എന്നിവയും ലക്ഷണങ്ങളാണ്. സ്വയമറിയാതെ മൂത്രം കിനിഞ്ഞു വരാനിടയുണ്ട്. ചില അണുബാധകളിലാകട്ടെ കാര്യമായ ലക്ഷണങ്ങളൊന്നും ഉണ്ടായില്ലെന്നും വരാം. അങ്ങനെയുള്ളപ്പോഴാണ് പ്രശ്‌നം രൂക്ഷമായി വൃക്കകളിലേക്കും മറ്റും അണുബാധ കടന്നുകയറുന്നത്.

രോഗനിര്‍ണയം

അണുബാധ മൂലം മൂത്രമൊഴിക്കാന്‍ അസ്വസ്ഥതയും വേദനയും അനുഭവപ്പെട്ടു തുടങ്ങിയാല്‍ അത് അവഗണിക്കുക എളുപ്പമല്ല. അതുകൊണ്ടു തന്നെ ഒട്ടുമിക്കവരും ഉടന്‍ തന്നെ ചികില്‍സ തേടിയെത്താറുണ്ട്. ലഘുവായ മൂത്രപരിശോധന കൊണ്ടുതന്നെ മിക്കയിനം അണുബാധയും കണ്ടെത്താന്‍ കഴിയും. കൂടുതല്‍ കൃത്യമായി രോഗനിര്‍ണയം നടത്തേണ്ടപ്പോള്‍ മൂത്രം കള്‍ച്ചര്‍ ചെയ്തു പരിശോധിക്കേണ്ടി വരാം. മൂത്രപരിശോധനയ്ക്കു വേണ്ടി സാമ്പിള്‍ എടുക്കുമ്പോള്‍ തികഞ്ഞ ശുചിത്വം പാലിക്കണം. എങ്ങനെയാണ് സാമ്പിള്‍ എടുക്കേണ്ടത് എന്ന് ഡോക്ടറോടു ചോദിച്ചു മനസ്സിലാക്കുന്നത് നന്ന്.

മൂത്രം ഒഴിച്ചുതുടങ്ങി ഏതാണ്ട് പകുതിയോളമാകുമ്പോഴാണ് അണുബാധരഹിതമായ ചെറിയൊരു കുപ്പിയിലേക്ക് അല്പം മൂത്രം ശ്രദ്ധയോടെ എടുക്കേണ്ടത്. കടുത്ത പനി തുടങ്ങിയ ലക്ഷണങ്ങളുണ്ടെങ്കില്‍ മൂത്രത്തിലെ ക്രിയാറ്റിനിന്റെയും യൂറിയയുടെയും അളവുകൂടി പരിശോധിക്കണം. സ്ത്രീകളിലുണ്ടാകുന്ന അണുബാധ വിശദപരിശോധനകളില്ലാതെ തന്നെ കണ്ടെത്താന്‍ കഴിയാറുണ്ട്. കുട്ടികളിലാണ് രോഗമെങ്കില്‍ കൂടുതല്‍ വിശദമായ പരിശോധന നടത്തണം. എക്‌സ്‌റേ, അള്‍ട്രാസൗണ്ട് സ്‌കാനിങ് എന്നീ പരിശോധനകള്‍കൂടി ആവശ്യാനുസരണം നടത്താറുണ്ട്.

ചികില്‍സ

മൂത്രാശയ അണുബാധയുടെ ചികില്‍സയ്ക്ക് വിവിധതരത്തിലുള്ള ആന്റിബയോട്ടിക് മരുന്നുകള്‍ ഇപ്പോള്‍ ഉപയോഗിക്കുന്നുണ്ട്. ഗര്‍ഭകാലത്ത് മൂത്രാശയ അണുബാധയുണ്ടാകുന്നത് സാധാരണയാണ്. ഹോര്‍മോണ്‍ നിലകളില്‍ ഇടയ്ക്കിടെയുണ്ടാകുന്ന മാറ്റങ്ങളും മറ്റുമാണ് ഇതിനു പ്രധാന കാരണം. ഈ സമയത്ത് വളരെ ശ്രദ്ധ പുലര്‍ത്തണം. ശക്തിയേറിയ ആന്റിബയോട്ടിക്കുകള്‍ കൊടുക്കാന്‍ കഴിയില്ല. അതിനാല്‍, വേണ്ടത്ര വെള്ളം കുടിച്ചും ശരിയായി വിശ്രമിച്ചും ശ്രദ്ധാപൂര്‍വം തിരഞ്ഞെടുത്ത മരുന്നുകളുപയോഗിച്ചും അണുബാധ നീക്കേണ്ടതാണ്.

കുട്ടികളില്‍

മൂത്രനാളിയുടെയോ മറ്റോ തകരാറുകള്‍ മൂലം കുട്ടികളില്‍ കൂടെക്കൂടെ മൂത്രാശയ അണുബാധ ഉണ്ടാകുന്നതായി കാണാറുണ്ട്. മൂത്രസഞ്ചിയില്‍ നിന്ന് മൂത്രനാളിയിലേക്കും വൃക്കയിലേക്കും തിരികെ മൂത്രം ഒഴുകിപ്പോകുന്ന ഒരു രോഗാവസ്ഥയുണ്ട്. വെസിക്കോയൂറെറ്റിക് റിഫ്ലക്‌സ് എന്നാണ് ഇത് അറിയപ്പെടുന്നത്. ഈ രോഗാവസ്ഥയാണ് മൂത്രാശയ അണുബാധയ്ക്കു കാരണമെങ്കില്‍ അത് നേരത്തേ കണ്ടെത്തി ശരിയായ ചികില്‍സ ചെയ്യണം. ഇല്ലെങ്കില്‍ വൃക്കകള്‍ക്ക് ഗുരുതര രോഗം ബാധിച്ചേക്കാം.

പ്രത്യേകം ശ്രദ്ധിക്കുക

പ്രമേഹം നിയന്ത്രണത്തിലല്ലെങ്കില്‍ രോഗപ്രതിരോധശേഷി കുറയുകയും രോഗാണുക്കള്‍ വളര്‍ന്ന് മൂത്രാശയാണുബാധ ഉണ്ടാവാന്‍ സാധ്യത കൂടുകയും ചെയ്യും. മൂത്രാശയക്കല്ലുകള്‍ പലപ്പോഴും അണുബാധയുടെ കേന്ദ്രങ്ങളാകാറുണ്ട്. ഈ സ്ഥിതിയില്‍ ചികില്‍സ വിഷമം പിടിച്ചതായിരിക്കും. പ്രോസ്‌റ്റേറ്റ് രോഗങ്ങളുള്ളവരില്‍ മൂത്രസഞ്ചിയില്‍നിന്ന് മൂത്രം പൂര്‍ണമായി ഒഴിഞ്ഞുപോകാതെ കെട്ടിക്കിടക്കുന്നത് അണുബാധയ്ക്കു വഴിതെളിക്കാം.

പ്രതിരോധ മാര്‍ഗങ്ങള്‍

ധാരാളം വെള്ളം കുടിക്കുക എന്നതാണ് മൂത്രാശയ അണുബാധ ഒഴിവാക്കാനുളള ഏറ്റവും നല്ല വഴി. വേണ്ടത്ര വെള്ളം കുടിക്കുക, യഥാസമയങ്ങളില്‍ മൂത്രമൊഴിക്കുക. യാത്ര ചെയ്യുമ്പോഴായാലും രണ്ടോമൂന്നോ മണിക്കൂറിനിടയില്‍ മൂത്രമൊഴിക്കുക തന്നെ വേണം. സ്‌കൂളുകള്‍, കോളേജുകള്‍, ഓഫീസുകള്‍, കച്ചവടസ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലൊക്കെ മികച്ച ടോയ്‌ലറ്റുകളുണ്ടായിരിക്കണം. ടോയ്‌ലറ്റില്‍ ശരിയായ ശുചിത്വം പാലിക്കുക. ലൈംഗികബന്ധത്തില്‍ ശരിയായ ശുചിത്വം പാലിക്കുക. കൂടെക്കൂടെ മൂത്രാശയ അണുബാധയുണ്ടാകുന്നവര്‍ പരിശോധന നടത്തി ചികില്‍സ നടത്തണം.

The Big Read: A Healthy Diet Need Not Cost More, Say Experts

നിപ വൈറസ് … നേരിടാം വിവേകത്തോടെയും വകതിരിവോടെയും