spot_img
spot_img
HomeBEAUTYവാംപയർ ഫേഷ്യൽ ട്രീറ്റ്‌മെന്റ് എച്ച്‌ഐവിക്ക് കാരണമാകുന്നു?

വാംപയർ ഫേഷ്യൽ ട്രീറ്റ്‌മെന്റ് എച്ച്‌ഐവിക്ക് കാരണമാകുന്നു?

സൗന്ദര്യം വർദ്ധിപ്പിക്കുന്നതിനായി പല തരത്തിലുള്ള ഫേഷ്യലുകളും ട്രീറ്റ്‌മെന്റുകളും ഇന്ന് നിലവിവുണ്ട്. വില കുറഞ്ഞത് മുതൽ വളരെ വിലപിടിപ്പുള്ള ട്രീറ്റ്‌മെന്റുകൾ വരെയുണ്ട്. ചർമ പ്രശ്നങ്ങൾ മാറാനായി എത്ര പണം ചെലവാക്കാനും മടിയില്ലാത്ത ജനങ്ങൾ തിരക്കിട്ട് പല ക്ലിനിക്കുകളിലും പോകുന്നു. എന്നാൽ, സൗന്ദര്യം മാത്രം മുന്നിൽ കണ്ട് പോകുമ്പോൾ നിങ്ങളുടെ ആരോഗ്യം തന്നെ നഷ്ട‌പ്പെട്ടേക്കാം.

അത്തരത്തിൽ വാംപയർ ഫേഷ്യൽ ചെയ്‌ത് 40കാരിക്ക് എച്ച്‌ഐവി പിടിപെട്ട വാർത്ത സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായിക്കൊണ്ടിരിക്കുകയാണ്. ഇതിന് പിന്നാലെ അതേ ക്ലിനിക്കിൽ ഫേഷ്യൽ ചെയ്‌ത രണ്ടുപേർക്ക് കൂടി എച്ച്‌ഐവി സ്ഥിരീകരിച്ചു. എന്താണ് വാംപയർ ഫേഷ്യൽ എന്നും ഇത് ചെയ്‌തതിന് പിന്നാലെ എച്ച്‌ഐവി വരുന്നത് എന്തുകൊണ്ടാണെന്നും അറിയാം.

വാംപയർ ഫേഷ്യലിനെ പ്ലേറ്റ്‌ലറ്റ് റിച്ച് പ്ലാസ്‌മ (പിആർപി) ഫേഷ്യൽ എന്നും പറയാറുണ്ട്. പെട്ടെന്ന് തന്നെ മുഖത്ത് റിസൾട്ട് കാണാൻ കഴിയുന്ന ഒരു സൗന്ദര്യ വർദ്ധക മാർഗമാണിത്. ശരീരത്തിന്റെ ഏതെങ്കിലും ഭാഗത്ത് നിന്നെടുക്കുന്ന രക്തം മുഖത്ത് കുത്തിവച്ചാണ് ഈ ഫേഷ്യൽ ചെയ്യുന്നത്. മുഖത്തുള്ള കോശങ്ങളെ ഉത്തേജിപ്പിക്കാൻ ഇതിലൂടെ കഴിയുമെന്നാണ് പറയപ്പെടുന്നത്.

ചർമത്തിന്റെ ഘടന മെച്ചപ്പെടുത്താൻ, മുഖത്തെ നേർത്ത വരകളും ചുളിവുകളും കുറയ്‌ക്കാൻ, നിറം വർദ്ധിപ്പിച്ച് തിളക്കം നൽകാനുമാണ് ഈ ഫേഷ്യൽ ചെയ്യുന്നത്. കിം കർദിഷിയാനെ പോലുള്ള പല സെലിബ്രിറ്റികളും ഈ ഫേഷ്യൽ ചെയ്യാറുണ്ട്. കേരളത്തിൽ 80,000 മുതൽ ഒരു ലക്ഷം വരെയാണ് വാംപയർ ഫേഷ്യലിന് വേണ്ടി ക്ലിനിക്കുകൾ ഈ‌ടാക്കുന്നത്.

ശരീരത്തിന്റെ ഏതെങ്കിലും ഭാഗത്ത് നിന്ന് സിറിഞ്ച് ഉപയോഗിച്ച് രക്തം കുത്തിയെടുക്കും. ശേഷം, അതിലുള്ള പ്ലേറ്റ്ലറ്റ് വേർതിരിച്ച് അതിനെയാണ് മുഖത്ത് കുത്തിവയ്‌ക്കുന്നത്. ഇതിലൂടെ ചർമ കോശങ്ങളിൽ കൊളേജന്റെ അളവ് കൂടുതലായി ലഭിക്കുന്നു. ഒരു സെൻട്രിഫ്യൂജ് ഉപയോഗിച്ചാണ് രക്തത്തിൽ നിന്നും പ്ലേറ്റ്‌ലറ്റുകൾ വേർതിരിച്ചെടുക്കുന്നത്.പ്രായം കൂടുമ്പോഴുണ്ടാകുന്നതുൾപ്പെടെ എല്ലാ ചർമ പ്രശ്നങ്ങളെയും പരിഹരിച്ച് യുവത്വം നിലനിർത്താൻ ഈ ഫേഷ്യൽ സഹായിക്കും. മാത്രമല്ല, മുഖത്ത് നല്ലൊരു തിളക്കം കൊണ്ടുവരികയും ചെയ്യുന്നു. അതിനാലാണ് പല സെലിബ്രിറ്റികളും വാംപയർ ഫേഷ്യൽ തങ്ങളുടെ സൗന്ദര്യ സംരക്ഷണത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

മുഖത്ത് ചുളിവുകൾ, കുരുക്കൾ, പാടുകൾ, മറ്റ് ചർമ പ്രശ്‌നങ്ങൾ എന്നിവ വേഗത്തിൽ മാറാൻ വാംപയർ ഫേഷ്യൽ നല്ലതാണെന്നാണ് പല റിപ്പോർട്ടുകളും പറയുന്നത്. നമ്മുടെ തന്നെ രക്തമായതിനാൽ യാതൊരുവിധ പാർശ്വഫലങ്ങളും ഉണ്ടാകില്ലെന്ന് പഠനങ്ങളിൽ പറഞ്ഞിട്ടുണ്ട്. അതിനാൽ, ഈ ഫേഷ്യൽ ചെയ്യുന്നതിന് പ്രായഭേദമില്ല. ചർമ പ്രശ്നങ്ങളുള്ളവർക്ക് അത് മാറ്റുന്നതിനായി ഏത് പ്രായത്തിലും വാംപയർ ഫേഷ്യൽ ചെയ്യാവുന്നതാണ്.

സ്വന്തം രക്തം തന്നെ ഉപയോഗിക്കുന്നതിനാൽ വാംപയർ ഫേഷ്യൽ കൂടുതൽ ഫലപ്രദവും സുരക്ഷിതവുമാണ് എന്നാണ് പറയപ്പെടുന്നത്. എച്ച്‌ഐവി ബാധിതർക്ക് പോലും വളരെ സുരക്ഷിതമായി ചെയ്യാവുന്ന ഫേഷ്യൽ ആണിതെന്നാണ് പല പഠനങ്ങളും തെളിയിച്ചിട്ടുള്ളത്.എന്നാൽ ഉപയോഗിക്കുന്നത് രക്തമായതിനാൽ അപകട സാദ്ധ്യതയും തള്ളിക്കളയാനാവില്ല. അതിനാൽ, പരിചയ സമ്പന്നരായ, ലൈസൻസുള്ള ത്വക്ക്‌രോഗ വിദഗ്ദ്ധരുടെയോ പ്ലാസ്‌റ്റിക് സർജന്റെയോ സഹായത്തോടെ മാത്രമേ ഈ ഫേഷ്യൽ ചെയ്യാവൂ എന്നും പറയപ്പെടുന്നുണ്ട്.ചിലപ്പോൾ ഫേഷ്യൽ ചെയ്‌ത് കുറച്ച് സമയത്തേക്ക് വേദനയോ നീരോ അനുഭവപ്പെടാൻ ഇടയുണ്ട്. എന്നാൽ, കുറഞ്ഞ സമയത്തിനുള്ളിള തന്നെ ഇത് മാറുന്നതാണ്. മാസത്തിലൊരിക്കൽ വാംപയർ ഫേഷ്യൽ ചെയ്യുന്നത് നല്ലതാണെന്നാണ് ത്വക്ക് രോഗ വിദഗ്ദ്ധനും നിക്കോളാസ് എംഡിയും സ്ഥാപകനുമായ ഡോ. കിം നിക്കോളാസ് പറഞ്ഞു.

വാംപയർ ഫേഷ്യൽ ചെയ്‌തതിന് പിന്നാലെ എച്ച്‌ഐവി ബാധിച്ചെന്ന് പറഞ്ഞ് മൂന്ന് സ്ത്രീകൾ രംഗത്തെത്തിയിരുന്നു. യുഎസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച മോർബിഡിറ്റി ആൻഡ് മോർട്ടാലിറ്റി റിപ്പോർട്ടിലാണ് ഇക്കാര്യം പറഞ്ഞിട്ടുള്ളത്. ഒരേ ക്ലിനിക്കിൽ വാംപയർ ഫേഷ്യൽ ചെയ്‌ത സ്ത്രീകൾക്കാണ് എച്ച്‌ഐവി ബാധിച്ചത്.2018 മുതൽ 2023 വരെ ഈ ക്ലിനിക്കിൽ നടത്തിയ അന്വേഷണത്തിൽ ഒറ്റത്തവണ മാത്രം ഉപയോഗിക്കേണ്ട ഡിസ്‌പോസിബിൾ ഉപകരണങ്ങൾ വീണ്ടും ഉപയോഗിച്ചിട്ടുള്ളതായി കണ്ടെത്തി.

ന്യൂ മെക്‌സിക്കോയിലെ ആരോഗ്യ വകുപ്പാണ് ഈ ക്ലിനിക്കിനെപ്പറ്റി അന്വേഷണം നടത്തിയത്. 40 വയസുകാരിക്ക് എച്ച്‌ഐവി ബാധിച്ചതായുള്ള റിപ്പോർട്ട് വന്ന ശേഷമാണ് അന്വേഷണം ആരംഭിച്ചത്. ഈ സ്‌ത്രീയ്‌ക്ക് രോഗബാധയുണ്ടായ അതേവർഷം തന്നെയാണ് ക്ലിനിക്കിൽ വാംപയർ ഫേഷ്യൽ ചെയ്‌ത മറ്റ് രണ്ട് സ്ത്രീകൾക്കും എച്ച്‌ഐവി സ്ഥിരീകരിച്ചത്.ക്ലിനിക്കിലെ റഫ്രിജറേറ്ററിൽ ഭക്ഷണത്തിനൊപ്പമാണ് സിറിഞ്ച് ഉൾപ്പെടെയുള്ള ഉപകരണങ്ങൾ സൂക്ഷിച്ചിരുന്നത്.

ഇതിനൊപ്പം ലേബൽ പോലും ചെയ്യാത്ത ബ്ലഡ് ട്യൂബുകളുടെ ഒരു റാക്കും പരിശോധനയ്‌ക്കിടെ കണ്ടെത്തി. മാത്രമല്ല, ഡ്രോയറുകളിലും കൗണ്ടറുകളിലും ചവറ്റുകുട്ടകളില്‍ ഉപേക്ഷിച്ച നിലയിലും പൊതിയാത്ത നിലയില്‍ സിറിഞ്ചുകളും അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി. ഇതോടെ ആ ക്ലിനിക്ക് അടച്ചുപൂട്ടിയതായും റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്.

- Advertisement -

spot_img
spot_img

- Advertisement -