സാധാരണയായി പ്രായമാകുമ്പോള്‍ മുഖത്ത് ചുളിവുകള്‍ ഉണ്ടാവാറുണ്ട് അല്ലേ?. ചെറു പ്രായത്തില്‍ മുഖത്ത് ചുളിവുകള്‍ വന്നതില്‍ വിഷമിക്കുന്നവരാണോ നിങ്ങള്‍?. ഇത് തടയാന്‍ ബ്യൂട്ടി പാര്‍ലറുകളും ആന്റി ഏജിംഗ് ക്രീമുകളും ചികിത്സയും തേടി പോകുന്നവരാണോ നിങ്ങള്‍?. എന്നാല്‍ ഒരു കാര്യം ശ്രദ്ധിച്ചോളൂ…
ബ്യൂട്ടി പാര്‍ലറുകളും ക്രീമുകളും കൊണ്ട് മാത്രം മുഖത്തെ ചുളിവുകള്‍ മാറ്റാന്‍ സാധിക്കില്ല. അതിനായി നിങ്ങളുടെ ഭക്ഷണക്രമത്തിലും ചില മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്. ചുളിവുകള്‍ കൂടുതലായും കാണപ്പെടുന്നത് പ്രായമാകുമ്പോഴാണ് എന്നാല്‍ ചില സമയങ്ങളില്‍ അത് മാത്രമല്ല കാരണം.
അമിതമായി സൂര്യപ്രകാശമേല്‍ക്കുന്നത് ചര്‍മ്മത്തിന് പെട്ടെന്ന് പ്രായം തോന്നാന്‍ കാരണമാകുമെന്ന് പലര്‍ക്കുമറിയില്ല. മോശം ഭക്ഷണം ശീലം കൊണ്ടും അമിത സമ്മര്‍ദ്ദം കൊണ്ടും ചുളിവുകള്‍ ഉണ്ടാവാം. ഈ പ്രശ്നം പരിഹരിക്കാന്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ട ചില ചേരുവകള്‍ നോക്കാം.
സാല്‍മണ്‍: സാല്‍മണില്‍ ഓമേഗ-3 ഫാറ്റി ആസിഡുകളും പ്രോട്ടീനും കൂടുതലാണ്. ഇത് ചര്‍മ്മകോശങ്ങളെ കേടുപാടുകളില്‍ നിന്ന് സംരക്ഷിക്കുകയും ആരോഗ്യകരമായ ചര്‍മ്മം നിലനിര്‍ത്തുകയും ചെയ്യും.
ഒലിവ് ഓയില്‍: ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യത്തിനും ഇത് വളരെ നല്ലതാണ്. ഇതില്‍ അടങ്ങിയിരിക്കുന്ന പോളിഫെനോളുകള്‍, ആന്റിഓക്സിഡന്റുകള്‍, മോണോസാച്ചുറേറ്റഡ് കൊഴുപ്പുകള്‍ എന്നിവ പ്രായത്തിന്റെ പാടുകള്‍ തടയാന്‍ സഹായിക്കും. ഇത് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് വളരെ നല്ല കാര്യമാണ്. മാത്രമല്ല ഇടക്കിടെ ഒലീവ് ഓയില്‍ ഉപയോഗിച്ച് ചര്‍മ്മത്തില്‍ മസാജ് ചെയ്യുന്നതും ഗുണം ചെയ്യും.
ഡാര്‍ക്ക് ചോക്ലേറ്റ്: സൂര്യപ്രകാശവും അള്‍ട്രാവയലറ്റ് രശ്മികളും മുഖത്ത് ചുളിവുകള്‍ വരാന്‍ കാരണമാകും. കൊക്കോ ബീന്‍സില്‍ നിന്ന് ഉണ്ടാക്കുന്ന ഡാര്‍ക്ക് ചോക്ലേറ്റ് ഒരു പരിധിവരെ ചുളിവുകള്‍ കുറയ്ക്കും. ഡാര്‍ക്ക് ചോക്ലേറ്റില്‍ കാണപ്പെടുന്ന ആന്റിഓക്സിഡന്റുകള്‍ ചര്‍മ്മത്തിലേക്കുള്ള രക്തചംക്രമണം മെച്ചപ്പെടുത്തുകയും ഈര്‍പ്പം നഷ്ടപ്പെടുന്നതില്‍ നിന്ന് ചര്‍മ്മത്തെ സംരക്ഷിക്കുകയും അതുവഴി യുവത്വം നിലനിര്‍ത്തുകയും ചെയ്യും.
ഡ്രൈ ഫ്രൂട്ട്‌സ്: ബദാം, കശുവണ്ടി, പിസ്ത തുടങ്ങിയ ഡ്രൈ ഫ്രൂട്ട്‌സ് പതിവായി കഴിക്കുന്നത് വിറ്റാമിനുകള്‍, ആന്റിഓക്സിഡന്റുകള്‍ എന്നിവ വര്‍ധിപ്പിക്കാന്‍ സഹായിക്കും. ഇത് സൗന്ദര്യം മെച്ചപ്പെടുത്താനും സഹായിക്കും. ഏങ്കിലും ഇവ അമിതമായി കഴിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
വെളുത്തുള്ളി: ഇതിന്റെ ഔഷധ ഗുണങ്ങള്‍ രക്തം ശുദ്ധീകരിക്കുകയും ചീത്ത കൊളസ്‌ട്രോള്‍ നീക്കം ചെയ്യുകയും അതുവഴി മുഖത്തെ ചുളിവുകള്‍ കുറയ്ക്കുന്നതിനും സഹായിക്കും.
ഇവയും ചര്‍മ്മ ആരോഗ്യത്തിന് ഗുണം ചെയ്യും: ഓറഞ്ചില്‍ വിറ്റാമിന്‍ സിയും ഉയര്‍ന്ന ജലാംശവും അടങ്ങിയിട്ടുണ്ട്. അവ ചര്‍മ്മ ആരോഗ്യത്തിന് വളരെ ഗുണം ചെയ്യും. അതിനാല്‍ ഇവ പതിവായി കഴിക്കുന്നത് വളരെ നല്ലതാണ്. ദിവസവും ശരിയായ അളവില്‍ വെള്ളം കുടിക്കുന്നത് ചര്‍മ്മത്തിന് ആവശ്യമായ ഈര്‍പ്പം ലഭിക്കാന്‍ സഹായിക്കും.