അടുക്കളയിൽ നമ്മൾ പലതരം സാധനങ്ങൾ ഉപയോഗിക്കാറുണ്ട്. എല്ലാ അടുക്കളയിലും സാധാരണമായി കാണാൻ സാധിക്കുന്ന ഒന്നാണ് എണ്ണ കുപ്പികൾ. എണ്ണ ഇല്ലാതെ അടുക്കളയിൽ ഒരു തരത്തിലുള്ള പാചകവും ചെയ്യാൻ സാധിക്കില്ല. അതിനാൽ തന്നെ അടുക്കളയിൽ ഒഴിവാക്കാൻ കഴിയാത്ത ഒന്നാണ് എണ്ണ. എന്നാൽ എണ്ണക്കറയുള്ള പാത്രങ്ങളും കുപ്പികളും വൃത്തിയാക്കുന്നത് കുറച്ചധികം ബുദ്ധിമുട്ടുള്ള കാര്യമാണ്. എണ്ണ ഉപയോഗിക്കുന്ന പാത്രങ്ങൾ കൃത്യമായ ഇടവേളകളിൽ വൃത്തിയാക്കേണ്ടത് അത്യാവശ്യമാണ്. വൃത്തിയാക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം.
ചൂട് വെള്ളം ഉപയോഗിക്കാം
എണ്ണ കറയുള്ള കുപ്പികള്‍ ചൂട് വെള്ളത്തില്‍ കഴുകുന്നതാണ് നല്ലത്. ഇങ്ങനെ ചെയ്യുമ്പോള്‍ കുപ്പിയുടെ അടിഭാഗത്ത് തങ്ങി നില്‍ക്കുന്ന എണ്ണയുടെ കറയെ എളുപ്പത്തില്‍ നീക്കം ചെയ്യാന്‍ സാധിക്കുന്നു.
തുണി ഉപയോഗിച്ച് തുടച്ചെടുക്കാം
കിച്ചന്‍ ടവല്‍ അല്ലെങ്കില്‍ വൃത്തിയുള്ള ടിഷ്യൂ ഉപയോഗിച്ച് കുപ്പിയിലെ എണ്ണയെ തുടച്ചെടുക്കാന്‍ സാധിക്കും. കുപ്പിയില്‍ അവശേഷിക്കുന്ന എണ്ണയെ പൂര്‍ണമായും നീക്കം ചെയ്യാന്‍ ഇങ്ങനെ ചെയ്യുന്നത് നല്ലതാണ്.
ഡിഷ് വാഷ് ലിക്വിഡ്
ഡിഷ് വാഷ് സോപ്പ് അല്ലെങ്കില്‍ ലിക്വിഡ് ചേര്‍ത്ത ചൂട് വെള്ളം ബോട്ടിലിലാക്കി കഴുകിയാല്‍ എണ്ണക്കറ പൂര്‍ണമായും പോകും. ബോട്ടില്‍ വൃത്തിയാക്കുന്ന ബ്രഷ് ഉണ്ടെങ്കില്‍ അത് ഉപയോഗിച്ചും ഉരച്ച് കഴുകിയെടുക്കാവുന്നതാണ്.
നാരങ്ങ അല്ലെങ്കില്‍ വിനാഗിരി
കുപ്പിയില്‍ ദുര്‍ഗന്ധമോ അണുക്കളോ ഉണ്ടെങ്കില്‍ അവ പോകാന്‍ നാരങ്ങ അല്ലെങ്കില്‍ വിനാഗിരി ഉപയോഗിക്കുന്നത് നല്ലതായിരിക്കും. വെള്ളത്തിനൊപ്പം നാരങ്ങ നീര് ചേര്‍ത്ത് കുപ്പി വൃത്തിയായി കഴുകിയെടുത്താല്‍ മാത്രം മതി.
ഉണക്കണം
നനവുള്ള കുപ്പിയില്‍ എണ്ണ സൂക്ഷിക്കാന്‍ പാടില്ല. ഇത് എണ്ണയുടെ ഗുണത്തെയും ഉപയോഗത്തെയും ബാധിക്കുന്നു. അതിനാല്‍ തന്നെ കുപ്പി വൃത്തിയാക്കി കഴിയുമ്പോള്‍ നന്നായി ഉണങ്ങിയതിന് ശേഷം മാത്രം ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം.