ഇന്ന് ലോക മാനസികാരോഗ്യ ദിനം. ശാരീരികാരോഗ്യത്തെപ്പോലെ തന്നെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ് മാനസികാരോഗ്യം. ശരിയായ മാനസികാരോഗ്യം നിലനിര്‍ത്തേണ്ടതിനെ ആവശ്യകത ഊട്ടിയുറപ്പിക്കുന്നതിന്റെ ഭാഗമായാണ് എല്ലാ വര്‍ഷവും ഈ ദിവസം ലോക മാനസികാരോഗ്യ ദിനമായി ആചരിക്കുന്നത്.
നമ്മുടെ ദൈനംദിന ജീവിതത്തിൽ വരുത്തുന്ന ചെറിയ മാറ്റങ്ങൾ പോലും നമ്മുടെ മാനസിക ആരോഗ്യത്തെ പരിപോഷിപ്പിക്കും. മാനസികാരോഗ്യം മെച്ചപ്പെടുത്താൻ നമ്മുടെ ജീവിതശൈലിയിൽ എന്തൊക്കെ മാറ്റങ്ങൾ വരുത്താം എന്ന് പരിശോധിക്കാം.
1. മൈന്‍ഡ് ഫുള്‍നെസ്പരിശീലിക്കുക
മറ്റെല്ലാ കാര്യങ്ങളും ഒഴിവാക്കി ഇപ്പോഴുള്ള ഈ നിമിഷത്തിൽ ചെയ്യുന്ന പ്രവൃത്തിയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് മൈന്‍ഡ് ഫുള്‍നെസ്. ഇത് ഉത്കണ്ഠയും മാനസിക സമ്മർദവും അകറ്റി മനസ്സ് ശാന്തമാക്കാൻ നമ്മെ സഹായിക്കും. ധ്യാനം, ശ്വസന വ്യായാമം എന്നിവ ചെയ്യുന്നതും മാനസിക സമ്മർദ്ദം കുറച്ച് നിലവിലുള്ള കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു മുന്നോട്ടുപോകാൻ സഹായിക്കും.
2. സമീകൃതാഹാരം
നിങ്ങളുടെ ശാരീരിക-മാനസികാരോഗ്യത്തെ കാത്തുസൂക്ഷിക്കുന്നതിന് പോഷകസമൃദ്ധവും ശരിയായതുമായ ഭക്ഷണക്രമം പിന്തുടരേണ്ടത് വളരെ അത്യാപേക്ഷിതമാണ്. ഒമേഗ -3 ഫാറ്റി ആസിഡുകൾ, ആൻ്റിഓക്‌സിഡൻ്റുകൾ, പഴങ്ങൾ, പച്ചക്കറികൾ എന്നിവയിലെ വിറ്റാമിനുകൾ തലച്ചോറിൻ്റെ പ്രവർത്തനത്തെയും മാനസികക്ഷേമത്തെയും മെച്ചപ്പെടുത്തും. കൂടാതെ സംസ്കരിച്ച ഭക്ഷണങ്ങൾ, പഞ്ചസാര എന്നിവ ഭക്ഷണത്തിൽ നിന്ന് കുറയ്ക്കുന്നത് ഊർജ്ജം നിലനിർത്താനും സഹായിക്കും.
3. പതിവായി വ്യായാമം ചെയ്യുക
പതിവായി വ്യായാമം ചെയ്യുന്നത് ശരീരത്തില്‍ എന്‍ഡോര്‍ഫിന്റെ അളവ് ക്രമീകരിക്കാന്‍ സഹായിക്കും. ഇത് നിങ്ങളുടെ മാനസികനില, മൂഡ് എന്നിവയെ സ്വാധീനിക്കുന്ന ഘടകമാണ്. കൂടാതെ യോഗ, നടത്തം എന്നിവ ദിനചര്യയുടെ ഭാഗമാക്കുന്നതും നിങ്ങളുടെ മാനസികാരോഗ്യത്തെ സ്വാധീനിക്കും.
4. ശരിയായ ഉറക്കം
മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിന് കൃത്യസമയത്ത് ഉറങ്ങേണ്ടതും വളരെ നിർണായകമാണ്. ദിവസവും ഏഴ് മുതല്‍ ഒൻപത് മണിക്കൂർ വരെ ഉറങ്ങുന്നുണ്ടെന്ന് നിങ്ങൾ ഉറപ്പ് വരുത്തുക. നല്ല ഉറക്കശീലം മാനസികാരോഗ്യത്തെ പിന്തുണക്കുകയും ഏകാഗ്രത വർദ്ധിപ്പിക്കാൻ സഹായിക്കുകയും ചെയ്യും.
5. സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായി ആരോഗ്യകരമായ ബന്ധം നിലനിർത്തുക
സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായി ഇടപഴകുന്നതും ആശയവിനിമയം നടത്തുന്നതും മാനസിക സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുകയും മാനസികാരോഗ്യം നിലനിർത്തുകയും ചെയ്യും.
6. അതിരുകൾ സ്വയം നിശ്ചയിക്കുക
ആവശ്യമുള്ള സ്ഥലങ്ങളിൽ നോ എന്ന് തന്നെ പറയാൻ പഠിക്കണം. എല്ലാവരോടും എല്ലാറ്റിനും യെസ് എന്നു പറയുന്ന ആളാണെങ്കിൽ നിങ്ങളുടെ സമയവും ഊർജ്ജവും കൂടുതലായി നഷ്ടപ്പെടുകയും ഇത് നിങ്ങളിൽ മാനസിക സമ്മർദ്ദം സൃഷ്ടിക്കുകയും ചെയ്യും.
7. കൃജ്ഞതയുള്ളവരായിരിക്കുക
ജീവിതത്തിലെ നല്ല കാര്യങ്ങൾ തിരിച്ചറിയുകയും അവയെ അഭിനന്ദിക്കുകയും ചെയ്യാൻ സമയം കണ്ടെത്തുക. കൃതജ്ഞത പ്രകടിപ്പിക്കുന്നത് നെഗറ്റീവ് ചിന്തകളിൽ നിന്ന് പോസിറ്റീവ് വികാരങ്ങളിലേക്ക് നയിക്കുകയും അതുവഴി ഒരാളുടെ മാനസികാരോഗ്യവും മൊത്തത്തിലുള്ള ക്ഷേമവും മെച്ചപ്പെടുകയും ചെയ്യും.
8. സ്ക്രീൻ സമയവും സോഷ്യൽ മീഡിയ ഉപയോഗവും പരിമിതപ്പെടുത്തുക
സ്ക്രീൻ സമയം പരിമിതപ്പെടുത്തുന്നതിലൂടെ നമുക്ക് മറ്റ് കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സമയവും അവസരവും ലഭിക്കും.
9. ഇഷ്ടമുള്ള ഹോബികളിൽ ഏർപ്പെടുക
പെയിൻ്റിംഗ്, പൂന്തോട്ടപരിപാലനം, സംഗീതോപകരണങ്ങൾ വായിക്കൽ പോലുള്ള ക്രിയാത്മകമായ കാര്യങ്ങളിൽ സമയം ചെലവഴിക്കുന്നത് നിങ്ങളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്താൻ ഏറെ സഹായിക്കും.
10. ആവശ്യമെങ്കിൽ ഒരു മാനസികാരോഗ്യ വിദഗ്ധന്റെ സഹായം തേടുക
ഉത്കണ്ഠ, വിഷാദം എന്നിവ മൂലം നിങ്ങളുടെ മാനസികനില തകർന്നിരിക്കുകയാണെന്ന് തോന്നുന്ന സാഹചര്യങ്ങളിൽ ഒരു മാനസികാരോഗ്യ വിദഗ്ധന്റെ സഹായം തേടാൻ മടിക്കരുത്. അവരുടെ നിർദ്ദേശപ്രകാരമുള്ള ചികിത്സയിലൂടെയും കൗൺസിലിങ്ങിലൂടെയും നിങ്ങളുടെ മാനസികാരോഗ്യം വീണ്ടെടുക്കാൻ സാധിക്കുന്നതാണ്.