- Advertisement -Newspaper WordPress Theme
Healthcareശരീരത്തില്‍ മഗ്‌നീഷ്യം കുറഞ്ഞാല്‍ എന്തു സംഭവിക്കും?

ശരീരത്തില്‍ മഗ്‌നീഷ്യം കുറഞ്ഞാല്‍ എന്തു സംഭവിക്കും?

ശരീരത്തിന് അവശ്യം വേണ്ട ഒരു ധാതുവാണ് മഗ്‌നീഷ്യം. ശരീരത്തില്‍ മുന്നൂറിലധികം ജൈവരാസപ്രവര്‍ത്തനങ്ങളില്‍ മഗ്‌നീഷ്യം ഒരു പ്രധാന പങ്ക് വഹിക്കുന്നു. പേശികളുടെയും നാഡികളുടെയും പ്രവര്‍ത്തനം, രക്തസമ്മര്‍ദം നിയന്ത്രിക്കുക, ഊര്‍ജ്ജോല്‍പ്പാദനം തുടങ്ങിയവ അവയില്‍ ചിലതു മാത്രമാണ്.

എല്ലുകളുടെ ആരോഗ്യം നിലനിര്‍ത്തുന്നതിനും രോഗപ്രതിരോധ സംവിധാനത്തിനും ഇത് പ്രധാനമാണ്. ഭക്ഷണത്തില്‍ നിന്ന് ശരീരത്തിന് വേണ്ടത്ര മഗ്‌നീഷ്യം ലഭിക്കാതെ വരുമ്പോഴും ശരീരം മഗ്‌നീഷ്യം ആഗിരണം ചെയ്യുന്നതില്‍ കുറവ് സംഭവിക്കുമ്പോഴും പല രോഗലക്ഷണങ്ങള്‍ക്കും ആരോഗ്യപ്രശ്നങ്ങള്‍ക്കും ഇടയാക്കും.

മഗ്‌നീഷ്യം കുറയുന്നതിന്റെ ലക്ഷണങ്ങള്‍

പേശിവലിവ്, ഞെരമ്പുകോച്ചല്‍, വിറയല്‍ തുടങ്ങിയ ബുദ്ധിമുട്ടുകള്‍ മഗ്‌നീഷ്യം കുറയുന്നതു മൂലം ഉണ്ടാകാം. കാലുകളിലാണ് ഈ ലക്ഷണങ്ങള്‍ കൂടുതലായും കാണാറുള്ളത്.

ഊര്‍ജ്ജം ഉത്പാദിപ്പിക്കാന്‍ മഗ്‌നീഷ്യം അനിവാര്യമാണ്. മഗ്‌നീഷ്യത്തിന്റെ കുറവ് ക്ഷീണവും തളര്‍ച്ചയും അനുഭവപ്പെടാന്‍ ഇടയാക്കും.

ശരീരത്തിന്റെ സര്‍ക്കാഡിയന്‍ താളത്തെ നിയന്ത്രിക്കാന്‍ മഗ്‌നീഷ്യം സഹായിക്കുന്നു. അതുകൊണ്ട് മഗ്‌നീഷ്യത്തിന്റെ അപര്യാപ്തത ഉറക്കമില്ലായ്മ്മ, അസ്വസ്ഥമായ ഉറക്കം തുടങ്ങിയവയിലേക്ക് നയിച്ചേക്കാം.

നാഡീവ്യവസ്ഥയെ നിയന്ത്രിക്കുന്നതിന് മഗ്‌നീഷ്യം പ്രധാനമാണ്. മാനസികാവസ്ഥയെ നിയന്ത്രിക്കുന്ന ന്യൂറോ ട്രാന്‍സ്മിറ്ററുകളുടെ ഉത്പാദനത്തിലും മഗ്‌നീഷ്യം ആവശ്യമായതിനാല്‍ ഇതില്‍ കുറവുണ്ടാകുന്നത് ഉത്കണ്ഠയിലേക്കും വിഷാദത്തിലേക്കും നയിക്കും.

രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ മഗ്‌നീഷ്യം സഹായിക്കും അതുകൊണ്ടുതന്നെ മഗ്‌നീഷ്യത്തിന്റെ കുറവ് രക്തസമ്മര്‍ദ്ദത്തെ ആരോഗ്യകരമായി നിലനിര്‍ത്തുന്നതില്‍ ബുദ്ധിമുട്ടുണ്ടാക്കും.

ഹൃദയത്തിന്റെ താളം നിയന്ത്രിക്കുന്നതില്‍ മഗ്‌നീഷ്യത്തിന് പങ്കുണ്ട്. അതുകൊണ്ടുതന്നെ, മഗ്‌നീഷ്യം കുറയുന്നത് ഹൃദയമിടിപ്പ് ക്രമരഹിതമാകാനും താളംതെറ്റാനും കാരണമായേക്കാം.

മഗ്‌നീഷ്യം രക്തക്കുഴലുകളുടെ നിയന്ത്രണത്തില്‍ പങ്കുവഹിക്കുന്നതിനാല്‍, കുറവുണ്ടാകുമ്പോള്‍ തലവേദന അനുഭവപ്പെട്ടേക്കാം. മൈഗ്രേന്‍ കുറയ്ക്കാന്‍ സഹായിക്കുന്നതാണ് മഗ്‌നീഷ്യം, അതുകൊണ്ട് ഇത് കുറയുമ്പോള്‍ മൈഗ്രേന്റെ തീവ്രത വര്‍ദ്ധിക്കും.

നാഡികളുടെ പ്രവര്‍ത്തനത്തിന് മഗ്‌നീഷ്യം ആവശ്യമാണ്. ഇത് കുറയുന്നപക്ഷം കൈകളിലും കാലുകളിലും മരവിപ്പുണ്ടായേക്കാം.

അസ്ഥികളുടെ ആരോഗ്യത്തിന് മഗ്‌നീഷ്യം ആവശ്യമായതിനാല്‍ ഇതിന്റെ കുറവ് അസ്ഥികളെ പ്രതികൂലമായി ബാധിക്കും. മഗ്‌നീഷ്യത്തിന്റെ അഭാവം ഓസ്റ്റിയോപൊറോസിസിനും മറ്റ് അസ്ഥി തകരാറുകള്‍ക്കും കാരണമാകും.

മഗ്‌നീഷ്യം കുറയുന്നത് മലബന്ധത്തിന് കാരണമാകും. ഇത് ദഹനസംബന്ധമായ ആരോഗ്യപ്രശ്നങ്ങളെ കൂടുതല്‍ വഷളാക്കുകയും നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തെ ബാധിക്കുകയും ചെയ്യും.

ഇന്‍സുലിന്‍ ഉത്പാദനത്തിലും ഗ്ലൂക്കോസ് മെറ്റബോളിസത്തിലും മഗ്‌നീഷ്യം പങ്കുവഹിക്കുന്നുണ്ട്. അതിനാല്‍ മഗ്‌നീഷ്യം കുറയുന്നതുമൂലം ടൈപ്പ് 2 പ്രമേഹത്തിലേക്കും നയിച്ചേക്കാം.

മഗ്‌നീഷ്യം അടങ്ങിയ ഭക്ഷണങ്ങള്‍

ചിയാവിത്തുകള്‍, വാഴപ്പഴം, ഇലക്കറികള്‍, ബദാം, മുരിങ്ങയില, മത്തങ്ങാ വിത്തുകള്‍, ഡാര്‍ക്ക് ചോക്ലേറ്റ്, അവാക്കാഡോ എന്നിവയില്‍ മഗ്‌നീഷ്യം ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ ദൈനംദിന ഡയറ്റില്‍ ചേര്‍ക്കുന്നത് മികച്ചതാണ്.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme