- Advertisement -Newspaper WordPress Theme
HEALTHഎച്ച്എംപിവി ലക്ഷണങ്ങളും ചികിത്സയും; രോഗികളെ പരിപാലിക്കേണ്ടത് എങ്ങനെ?

എച്ച്എംപിവി ലക്ഷണങ്ങളും ചികിത്സയും; രോഗികളെ പരിപാലിക്കേണ്ടത് എങ്ങനെ?

ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്(ഐസിഎംആര്‍) നടത്തിയ പതിവ് പരിശോധനയ്ക്കിടെയാണ് കര്‍ണാടകയില്‍ രണ്ട് കുട്ടികളില്‍ ഹ്യൂമന്‍ മെറ്റാപ് ന്യൂമോവൈറസ്(എച്ച്എംപിവി) കണ്ടെത്തിയത്. ഇക്കാര്യം കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് തിങ്കളാഴ്ച അറിയിച്ചത്.

നേരത്തെ ബ്രോങ്കോപ് ന്യൂമോണിയ ബാധിച്ച മൂന്ന് മാസം പ്രായമുള്ള പെണ്‍കുട്ടിയിലാണ് ആദ്യം എച്ച്എംപിവി റിപ്പോര്‍ട്ട് ചെയ്തത്. ബംഗളൂവിലെ ബാപ്റ്റിസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുഞ്ഞ് ചികിത്സയ്ക്ക് ശേഷം രോഗം ഭേദമാകുകയും ആശുപത്രി വിടുകയും ചെയ്തു. ബ്രോങ്കോപ് ന്യുമോണിയ ബാധിച്ച എട്ട് മാസം പ്രായമുള്ള ആണ്‍കുട്ടിയിലാണ് ജനുവരി മൂന്നിന് എച്ച്എംപിവി രണ്ടാമത് സ്ഥിരീകരിച്ചത്. ഈ കുട്ടി ഇപ്പോള്‍ സുഖം പ്രാപിച്ച് വരികയാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. അതേസമയം, ഇരുവരും വിദേശരാജ്യങ്ങളിലേക്ക് യാത്ര ചെയ്തിട്ടില്ലെന്നതും ശ്രദ്ധേയമാണെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.

ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ എച്ച്എംപിവി കണ്ടെത്തിയിട്ടുണ്ടെന്നും അതുമായി ബന്ധപ്പെട്ട ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ വിവിധ രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. അതേസമയം, രാജ്യത്ത് ശ്വാസകോശ സംബന്ധമായ രോഗങ്ങളില്‍ അസാധാരണമായ വര്‍ധനവ് രേഖപ്പെടുത്തിയിട്ടില്ലെന്നും മന്ത്രാലയം അറിയിച്ചു.

ചൈനയിലെ സ്ഥിതിഗതികള്‍ സംബന്ധിച്ച് ലോകാരോഗ്യസംഘടന ഇതിനോടകം തന്നെ സമയബന്ധിതമായി വിവരങ്ങള്‍ നല്‍കുന്നുണ്ട്.

എന്താണ് എച്ച്എംപിവി?

തന്റെ കൂടുതല്‍ പകര്‍പ്പുകള്‍ നിര്‍മിക്കാന്‍ കോശങ്ങള്‍ ഉപയോഗിക്കുന്ന ഒരു വൈറസാണ് ഇതെന്ന് ക്ലെവെലാന്‍ഡ് ക്ലിനിക്കല്‍ വെബ്‌സൈറ്റില്‍ പറയുന്നു. ഇത് ഹ്യൂമന്‍ മെറ്റാന്യുമോവൈറസിന് കാരണമാകുന്നു.

സാധാരണ ജലദോഷത്തിന് കാണിക്കുന്ന ലക്ഷണങ്ങളുമായി ഇതിന് സാമ്യമുണ്ട്. ഇത് സാധാരണഗതിയില്‍ അപ്പര്‍ റെസ്പിരേറ്ററി അണുബാധയ്ക്കാണ് എച്ച്എംപിവി കാരണമാകുന്നത്. എന്നാല്‍, ന്യൂമോണിയ, ആസ്ത്മ, ക്രോണിക് ഒബ്‌സ്ട്രക്റ്റീവ് പള്‍മണറി ഡിസീസ്(സിഒപിഡി) എന്നിവയ്ക്കും വഴിവെക്കാന്‍ സാധ്യതയുണ്ട്.

റെസ്പിറേറ്ററി സിന്‍സിറ്റിയല്‍ വൈറസ്(ആര്‍എസ് വി) അഞ്ചാംപനി, മുണ്ടിനീര് എന്നിവയ്ക്കു കാരണമാകുന്ന അതേ വൈറസിന്റെ വിഭാഗത്തിലാണ് ഇതും ഉള്‍പ്പെടുന്നത്. ആറ് മാസത്തിനും 12 മാസത്തിനും ഇടയില്‍ പ്രായമുള്ള കുട്ടികളിലാണ് എച്ച്എംപിവി ഗുരുതരമാകുക. ആറ് മാസത്തിന് താഴെ പ്രായമുള്ള കുട്ടികളില്‍ ആര്‍എസ് വി ഗുരുതരമാകാനുള്ള സാധ്യത കൂടുതലാണ്.

ശൈത്യകാലത്തും വേനല്‍ക്കാലത്തിന്റെ തുടക്കത്തിലും എച്ച്എംപിവി അണുബാധകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. മിക്ക ആളുകള്‍ക്കും അഞ്ച് വയസ്സ് തികയുന്നതിന് മുമ്പ് എച്ച്എംപിവി പിടിപെടാനുള്ള സാധ്യതയുണ്ട്. വീണ്ടും എച്ച്എംപിവി ബാധിക്കുമെങ്കിലും ലക്ഷണങ്ങള്‍ ഗുരുതരമാകില്ല.

ഇത് പകരുന്നത് എങ്ങനെ?

രോഗം ബാധിച്ചവരില്‍ നിന്നുള്ള നേരിട്ടുള്ള സമ്പര്‍ക്കം വഴിയാണ് ഇത് പടരുന്നത്. രോഗം ബാധിച്ചവര്‍ സ്പര്‍ശിച്ച വസ്തുക്കള്‍ സ്പര്‍ശിക്കുന്നത് വഴിയും വൈറസ് പകരാം.

രോഗം ബാധിച്ചവര്‍ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും രോഗം പടരും. ഷേക്ക് ഹാന്‍ഡ് നല്‍കുക, ചുംബിക്കുക എന്നിവയിലൂടെയും രോഗം പടരാന്‍ സാധ്യതയുണ്ട്.

രോഗത്തിന്റെ ലക്ഷണങ്ങള്‍ എന്തൊക്കെ?

  • ചുമ
  • പനി
  • മൂക്കൊലിപ്പ്
  • വരണ്ട ചുമ
  • ശ്വാസം മുട്ടല്‍
  • ശ്വാസതടസ്സം
  • ചൊറിഞ്ഞ് തടിക്കല്‍

ഇത് കേവലം ഒരു ജലദോഷം മാത്രമോ?

ജലദോഷത്തിന് സമാനമായ ലക്ഷണങ്ങളാണ് എച്ച്എംപിവിയും സാധാരണ പ്രകടിപ്പിക്കാറ്. എന്നാല്‍, ചില ആളുകളില്‍ ഇത് ഗുരുതരമാകും. ആദ്യത്തെ തവണ എച്ച്എംപിവി ബാധിക്കുമ്പോഴും ചിലരില്‍ ഗുരുതരമാകാറുണ്ട്. അതിനാലാണ് ചെറിയ കുട്ടികളിലും രോഗം ഗുരുതരമാകുന്നത്. തുടര്‍ന്ന് ആദ്യ അണുബാധയില്‍ നിന്ന് നിങ്ങള്‍ക്ക് രോഗപ്രതിരോധശേഷി ലഭിക്കുകയും പിന്നീട് രോഗം ബാധിക്കുമ്പോള്‍ ചെറിയ ലക്ഷണങ്ങള്‍ മാത്രം പ്രകടിപ്പിക്കുകയും ചെയ്യും.

65 വയസ്സിന് മുകളില്‍ പ്രായമുള്ളവരില്‍ ശ്വസന പ്രശ്‌നങ്ങളും കുറഞ്ഞ രോഗപ്രതിരോധ ശേഷിയുള്ളവരില്‍ ഇത് ഗുരുതരമാകാന്‍ സാധ്യതയുണ്ട്.

ഇത് സാധാരണമാണോ?

ക്ലീവ്‌ലാന്‍ഡ് ക്ലിനിക്ക് വെബ്‌സൈറ്റില്‍ രേഖപ്പെടുത്തിയത് അനുസരിച്ച് കുട്ടികളിലെ 10 ശതമാനം മുതല്‍ 20 ശതമാനം വരെയുള്ള ശ്വാസകോശ രോഗങ്ങളും എച്ച്എംപിവി മൂലമാണ്.

ആരാണ് രോഗം പിടിപെടാന്‍ സാധ്യത കൂടുതല്‍ ഉള്ളവര്‍?

  • അഞ്ച് വയസ്സിന് താഴെയുള്ള (മാസം തികയാതെ പ്രസവിച്ച കുട്ടികള്‍) കുട്ടികളിലും 65 വയസ്സിന് മുകളില്‍ പ്രായമുള്ള മുതിര്‍ന്നവരിലുമാണ് രോഗം ഗുരുതമാകാന്‍ സാധ്യതയുള്ളത്
  • രോഗപ്രതിരോധ ശേഷി കുറഞ്ഞവരിലും എച്ച്‌ഐവി, കാന്‍സര്‍, ഓട്ടോഇമ്യൂണ്‍ ഡിസോഡര്‍ എന്നിവ ബാധിച്ചവരിലും രോഗം ഗുരുതരമാകാന്‍ സാധ്യതയുണ്ട്.
  • ആസ്ത്മ അല്ലെങ്കില്‍ സിഒപിഡി ഉള്ളവര്‍

ഡോക്ടറെ കാണേണ്ടത് എപ്പോള്‍?

  • ഉയര്‍ന്ന പനി(103 ഡിഗ്രി ഫാരന്‍ഹീറ്റ് അല്ലെങ്കില്‍ 40 ഡിഗ്രി സെല്‍ഷ്യസ്)
  • ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട്
  • ത്വക്ക്, ചുണ്ടുകള്‍, നഖം എന്നിവയ്ക്ക് നീലനിറം പ്രത്യക്ഷപ്പെട്ടാല്‍
  • മറ്റ് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുകയാണെങ്കില്‍
  • നിങ്ങള്‍ക്കോ നിങ്ങളുടെ കുട്ടിക്കോ ശ്വാസകോശ സംബന്ധമായ അണുബാധയുടെ ലക്ഷണങ്ങളും നിങ്ങളോ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാകുമ്പോള്‍
  • രോഗത്തിന് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ശമനമുണ്ടായില്ലെങ്കിലും ചികിത്സ തേടണം.
  • മൂന്ന് ദിവസത്തിനുള്ളില്‍ പനിക്ക് ആശ്വാസം ലഭിച്ചില്ലെങ്കിലും എത്രയും വേഗം ചികിത്സ തേടേണ്ടതുണ്ട്.

രോഗനിര്‍ണയവും സങ്കീര്‍ണതകളും

നിങ്ങളുടെ ലക്ഷണങ്ങളും ആരോഗ്യചരിത്രവും അടിസ്ഥാനമാക്കിയാണ് ആരോഗ്യവിദഗ്ധര്‍ സാധാരണയായി എച്ച്എംപിവി രോഗനിര്‍ണയം നടത്തുന്നത്. മൂക്കില്‍നിന്നും തൊണ്ടയില്‍നിന്നും സാമ്പിള്‍ ശേഖരിച്ചാണ് പരിശോധന. ലാബിലാണ് പരിശോധന. ചിലപ്പോള്‍ ശ്വാസകോശം കൂടുതല്‍ പരിശോധനയ്ക്ക് വിധേയമാക്കാന്‍ നെഞ്ചിന്റെ എക്‌സ്-റേ എടുക്കാനും നിര്‍ദേശിച്ചേക്കാം.

ചികിത്സ

ആന്റിവൈറല്‍ മരുന്നുകളൊന്നും ലഭ്യമല്ല. ഗുരുതരമായ സങ്കീര്‍ണതകള്‍ ഉണ്ടായാല്‍ രോഗികള്‍ക്ക് ഓക്‌സിജന്‍ തെറാപ്പിയും, ഐവിയും കോര്‍ട്ടികോസ്റ്റിറോയിഡുകളും നല്‍കാം. എച്ച്എംപിവിയുടെ ലക്ഷണങ്ങള്‍ ചിലപ്പോള്‍ ഒരാഴ്ച വരെ നീണ്ടുനില്‍ക്കും. രോഗം ഗുരുതരമായാല്‍ സുഖം പ്രാപിക്കാനും കൂടുതല്‍ സമയമെടുക്കും. ചുമ പിടിപെട്ടാല്‍ അത് സുഖമാകുന്നതിന് കൂടുതല്‍ സമയെടുക്കും.

രോഗം പടരുന്നത് എങ്ങനെ തടയാം?

  • സോപ്പും വെള്ളവും ഉപയോഗിച്ച് ഇടയ്ക്കിടെ കൈകള്‍ കഴുകുക. വെള്ളം സോപ്പും ഉപയോഗിക്കാന്‍ കഴിയാത്ത സാഹചര്യമാണെങ്കില്‍ സാനിറ്റൈസര്‍ ഉപയോഗിച്ച് ഇടയ്ക്കിടയ്ക്ക് വൃത്തിയാക്കാം.
  • മൂക്കം വായും മാസ്‌ക് കൊണ്ട് മറയ്ക്കുക. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മൂക്കും വായും പൊത്തിപ്പിടിക്കുക.
  • രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ആള്‍ക്കൂട്ടത്തിനിടയ്ക്ക് പോകാതെയിരിക്കുക.
  • രോഗബാധയുണ്ടെങ്കില്‍ മാസ്‌ക് ധരിക്കണം
  • മുഖത്തും കണ്ണുകളിലും വായിലും മൂക്കിലും സ്പര്‍ശിക്കുന്നത് ഒഴിവാക്കുക.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme