കർക്കടകം കഴിഞ്ഞാല്‍ ദുര്‍ഘടം കഴിഞ്ഞു’ എന്നൊരു ചൊല്ല് പഴമക്കാർക്കിടയിലുണ്ട്. അടുത്ത പതിനൊന്ന് മാസങ്ങളിലേക്കുള്ള ആരോഗ്യപരിചരണത്തിനാണ് കർക്കടക മാസത്തോടെ തുടക്കമായത്. ആയുര്‍വേദ വിധിപ്രകാരം ഔഷധസേവയ്ക്കും ഉഴിച്ചിലിനും പിഴിച്ചിലിനും പറ്റിയ കാലം കൂടിയാണ് കർക്കടകം. താളും തകരയും ഉൾപ്പെടെ ഇലക്കറികൾ കഴിച്ച് ഔഷധക്കഞ്ഞി കുടിച്ച് ആരോഗ്യസംരക്ഷണം നടത്തുന്നതും കർക്കടക മാസത്തിലെ ഒരു പ്രത്യേകതയാണ്.
ശരീരത്തിൽ നിന്ന് മാലിന്യങ്ങളെ നിർമാർജനം ചെയ്യുകയും പ്രതിരോധശേഷി മെച്ചപ്പെടുത്തുകയുമാണ് കർക്കടക ചികിത്സയുടെ പ്രധാനലക്ഷ്യം. ഓരോരുത്തരുടെയും ശാരീരിക-മാനസിക പ്രകൃതി, തൊഴിൽ, ജീവിതശൈലി എന്നിവയെല്ലാം അടിസ്ഥാനമാക്കിയാണ് കർക്കടക ചികിത്സ നടത്തുന്നത്.
എന്താണ് കർക്കടക ചികിത്സ
ആയുർവേദത്തിൽ ഋതുക്കൾക്ക് അനുസരിച്ച് ജീവിത ശൈലി മാറ്റം നിര്‍ദേശിക്കുന്നുണ്ട്. ‘ഋതു ചര്യ’ എന്നാണ് അതിനെ പറയുന്നത്. ഓരോ ഋതുക്കളിലും തണുപ്പും ചൂടും മഴയും വരൾച്ചയും മാറി മാറി വരുന്നതിന് അനുസരിച്ച് ആരോഗ്യ അവസ്ഥകളിൽ മാറ്റം വരാനും ശരീരത്തിൽ ചില രോഗങ്ങൾ വരാനും രോഗങ്ങൾ ഉള്ളവർക്ക് അത് മൂലമുള്ള ബുദ്ധിമുട്ടുകൾ വർധിക്കാനും സാധ്യതയുണ്ട്. അത് കണക്കിലെടുത്ത് ആ ഋതുവിന് അനുസരിച്ച് ജീവിത ശൈലിയിൽ മാറ്റങ്ങൾ വരുത്തുക എന്നതാണ് ഋതു ചര്യ എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്.
വർഷ ഋതു ചര്യ എന്നാൽ മഴക്കാലത്ത് ചെയ്യേണ്ട കാര്യങ്ങളാണ്. കേരളത്തിൽ കർക്കടക മാസത്തിൽ അതിയായ മഴ ലഭിക്കുന്ന സമയം ആയതിനാൽ വർഷ ഋതു ചര്യയ്ക്ക് കർക്കടകത്തിൽ പ്രാധാന്യം കൂടുന്നു.
കർക്കടക ചികിത്സ രണ്ട് തരത്തിലാണ് ഉള്ളത്
രോഗ ചികിത്സ
രോഗ പ്രതിരോധ ചര്യകൾ
രോഗ ചികിത്സ
മഴക്കാല രോഗങ്ങൾക്ക് ആ കാലയളവിൽ ചികിത്സ നൽകുന്നത് രോഗത്തിന്റെ തീവ്രത കുറയ്ക്കാൻ സഹായിക്കും. മഴക്കാലത്തെ തണുപ്പ് കാരണം ശരീര വേദനകൾ, ശ്വാസം മുട്ടൽ, അസ്ഥി-സന്ധി രോഗങ്ങൾ എന്നിവ കഠിനമാകാൻ സാധ്യതയുണ്ട്. അത്തരം രോഗങ്ങൾക്ക് രോഗത്തിന് അനുസരിച്ചുള്ള ചികിത്സ ഈ കാലയളവിൽ തേടാവുന്നതാണ്.
രോഗ പ്രതിരോധ ചര്യകൾ
മഴക്കാലത്തെ ശരീരത്തിന് രോഗപ്രതിരോധ ശേഷി പൊതുവെ കുറയുന്ന കാലാമായിട്ടാണ് ആയുര്‍വേദം വിലയിരുത്തുന്നത്. അണുബാധകളെ ചെറുക്കുന്നതിന് സാധാരണ നിർദേശിക്കപ്പെടാറുള്ള എല്ലാ പ്രതിരോധ മാർഗങ്ങളും പ്രാധാന്യം ഉള്ളവ തന്നെയാണ്. അതിനോടൊപ്പം ആന്തരികമായ ബല വർധനവിനും കൂടി ആയുർവേദം പ്രാധാന്യം നൽകുന്നുണ്ട്.
മരുന്ന് കഞ്ഞി, ഔഷധ പ്രയോഗങ്ങൾ, ശോധന ചികിത്സ, വ്യായാമം, ആഹാര നിയന്ത്രണം എന്നിവയാണ് ആയുർവേദം ആന്തരിക ബലത്തെ വർധിപ്പിക്കാൻ ഉതകുന്ന ചര്യകളായി പറയുന്നത്.
മരുന്ന് കഞ്ഞി
കര്‍ക്കടകത്തിലെ മരുന്ന് കഞ്ഞിക്ക് വളരെ പ്രാധാന്യമുണ്ട്. ജീരകം, ചുക്ക്, കുരുമുളക്, തിപ്പലി, അയമോദകം, ഉലുവ എന്നിവയാണ് മരുന്നു കഞ്ഞിയുടെ പ്രധാന ചേരുവകള്‍. ദഹനത്തിന് ഇത് മികച്ചതാണ്.
ഔഷധ പ്രയോഗങ്ങൾ
രോഗങ്ങള്‍ വരാതെ സംരക്ഷിക്കുന്നതിനും സ്വാഭാവിക പ്രതിരോധ ശേഷിയെ മെച്ചപ്പെടുത്തുന്നതിനും ആയുര്‍വേദ ഔഷധങ്ങള്‍ ഈ കാലയളവില്‍ കഴിക്കാറുണ്ട്. പൊതുവെ ബലവർധനവിനായി നൽകപ്പെടുന്ന ഔഷധങ്ങൾ വൈദ്യ നിർദ്ദേശ പ്രകാരം കഴിക്കുന്നത് ഒരു പരിധിവരെ അണുബാധ തടയുകയോ അണുബാധ ഉണ്ടായാലും വഷളാകാതെ സഹായിക്കുകയോ ചെയ്യും