ഭക്ഷണം കഴിക്കാതെ നമുക്ക് ജീവിക്കാനാകില്ല. പക്ഷേ തെറ്റായ സമയത്ത് കഴിക്കുമ്പോള്‍ അത് ഗുണത്തേക്കാളുപരി ദോഷം ചെയ്യും. അനാരോഗ്യകരമായ ഭക്ഷണശീലങ്ങള്‍ ദഹനത്തെയും ചര്‍മ്മ ആരോഗ്യത്തെയും ഊര്‍ജ്ജ നിലയേയും ഒരുപോലെ ബാധിക്കും.
വെറും വയറ്റിലെ ചായയും കാപ്പിയും
ഭക്ഷണം കഴിക്കുന്നതിന് പകരം ഒഴിഞ്ഞ വയറ്റില്‍ ചായയോ കാപ്പിയോ കുടിക്കുന്നത് കടുത്ത അസിഡിറ്റിക്കും കുടലിലെ അസ്വസ്ഥതകള്‍ക്കും കാരണമാകും. ചായയിലെയും കാപ്പിയിലെയും കഫീന്‍ ആസിഡ് ഉത്പാദനത്തെ ഉത്തേജിപ്പിക്കുന്നു. ഇത് ആമാശയ പാളിയെ ദോഷകരമായി ബാധിക്കും. ചായക്കും കാപ്പിക്കും മുന്‍പ് ഒരു ലഘുഭക്ഷണം കഴിക്കുന്നത് എപ്പോഴും നല്ലതാണ്.
പ്രഭാത ഭക്ഷണവും സ്ട്രസും
പ്രഭാത ഭക്ഷണമാണ് ദിവസത്തിലെ പ്രധാനപ്പെട്ട ഭക്ഷണം. പ്രഭാത ഭക്ഷണം ഒഴിവാക്കുന്നത് സ്ട്രെസ് ഹോര്‍മോണായ കോര്‍ട്ടിസോളിന്റെ അളവ് വര്‍ധിക്കാന്‍ കാരണമാകും. ഇത് ഉത്കണ്ഠ, ക്ഷീണം അനാരോഗ്യകരമായ ഭക്ഷണങ്ങളോടുള്ള ആസക്തി എന്നിവയിലേക്ക് നയിക്കും. കൂടാതെ പ്രഭാതഭക്ഷണം കഴിക്കാന്‍ വൈകുന്നത് മെറ്റബോളിസത്തെ മന്ദഗതിയിലാക്കുകയും ചെയ്യും.
ഉച്ച ഭക്ഷണം
ഉച്ച ഭക്ഷണം ശരീരത്തിന് മന്ദത അനുഭവപ്പെടാന്‍ ഇടയാകാതെ ഊര്‍ജ്ജം നല്കുന്നതായിരിക്കണം. വൈകുന്നേരം മൂന്ന് മണിക്ക് മുന്‍പ് തണുത്തതോ അമിതമായതോ ആയ ഭക്ഷണം കഴിക്കുന്നത് ദഹനവ്യവസ്ഥയെ താറുമാറാക്കും. വയറ് വീര്‍ക്കാനും അസ്വസ്ഥതയ്ക്കും കാരണമാകും. ദഹനത്തെ സഹായിക്കാനും ശരീരത്തെ ഊര്‍ജ്വസ്വലമായി നിലനിര്‍ത്താനും ഉച്ചയ്ക്ക് ചൂടുള്ളതും ലഘുവായതുമായ ഭക്ഷണം കഴിക്കേണ്ടതാണ്.
വൈകിയുളള അത്താഴം
ശരീരത്തിലെ വിഷാംശം നീക്കം ചെയ്യാനും പോഷകങ്ങള്‍ സംസ്കരിക്കുന്നതിനും കരള്‍ നിര്‍ണ്ണായക പങ്ക് വഹിക്കുന്നു. എന്നാലും രാത്രി വൈകിയും അമിതമായും ഭക്ഷണം കഴിക്കുന്നത് കരളിന് വിശ്രമം ആവശ്യമുളള സമയത്ത് അമിതമായി പ്രവര്‍ത്തിക്കാന്‍ കാരണമാകും. ഇത് ദഹനം മന്ദഗതിയിലാക്കും. കൊഴുപ്പ് അടിഞ്ഞുകൂടാനും ശരീരത്തില്‍ വിഷാംശം വര്‍ധിക്കാനും ഇടയാകും. കാലക്രമേണ അകാല വാര്ദ്ധക്യത്തിന് വരെ ഇത് കാരണമാകും.
അര്‍ധരാത്രിയിലെ ലഘുഭക്ഷണം
അത്താഴത്തിന് ശേഷം വളരെ വൈകി അര്‍ധരാത്രിയില്‍ ലഘുഭക്ഷണം കഴിക്കുന്നത് ശരീരത്തിന്റെ സ്വാഭാവികമായ ഉറക്ക ചക്രത്തെ തടസ്സപ്പെടുത്തിയേക്കാം. വിശ്രമം പ്രോത്സാഹിപ്പിക്കുന്നതിനായി രാത്രിയില്‍ ശരീരം മെലറ്റോണിന്‍ പുറത്തുവിടുന്നുണ്ട്. വൈകി ലഘുഭക്ഷണം കഴിക്കുമ്പോള്‍ മെലറ്റോണിന്റെ ഉത്പാദനത്തെ തടയുകയും ഉറക്കക്കുറവ് ഉണ്ടാക്കുകയും ചെയ്യുമെന്നും ആരോഗ്യ വിദഗ്ധർ പറയുന്നു.




