നമുക്ക് ചുറ്റുമുള്ള സ്ത്രീസമൂഹം, എടുത്ത് നോക്കിയാല്‍ അതിനുള്ള ഉത്തരം കിട്ടും ശാരീരികമായും മാനസികമായും അധികം മുന്നൊരുക്കങ്ങള്‍ ഇല്ലാതെ ജീവിതത്തിന്റെ ഒരു പാടു ഘട്ടങ്ങളിലൂടെ അവള്‍ കടന്നുപോകുന്നു.
കുഞ്ഞി കുറുമ്പ് കാട്ടി ഓടി നടക്കുന്ന ബാല്യത്തില്‍ നിന്ന് കൗമാരത്തിലേക്ക് കടക്കുമ്പോള്‍ അവള്‍ അനുഭവിക്കുന്ന മാനസിക സമ്മര്‍ദ്ദം എത്രത്തോളം നമ്മള്‍ മനസ്സിലാക്കിയിട്ടുണ്ട്. ഒരു പക്ഷെ
അവളുടെ അമ്മ മാത്രം തിരിച്ചറിഞ്ഞിരുന്നിരിക്കണം. കാരണം അവര്‍ കടന്നുപോയ വഴികളിലാണ് ഇന്നവരുടെ മകളും കടന്നുപോകുന്നത്.
കുഞ്ഞുടുപ്പുകളില്‍ ഒളിപ്പിക്കാന്‍ കഴിയാത്ത ശരീര വളര്‍ച്ച ഓര്‍ത്ത് വിങ്ങിയ ദിവസങ്ങള്‍. യൗവ്വനത്തിലേക്ക് കടക്കുമ്പോള്‍ അവിടെയും വെല്ലുവിളിയായി എത്ര നോട്ടങ്ങള്‍ക്കു അവള്‍ ഉള്‍പിടഞ്ഞു നിന്നുകൊടുത്തിട്ടുണ്ട്? വിവാഹശേഷം അവള്‍ പൂര്‍ണ്ണമായി എന്നു കരുതരുത്. പറിച്ചു നട്ട ഒരു പുല്‍നാമ്പിനു പുതിയ മണ്ണില്‍ വേരുറയ്ക്കാന്‍ ചിലപ്പോള്‍ ദിവസങ്ങളും മാസങ്ങളും വേണ്ടി വന്നേക്കാം.
ഭാര്യയില്‍ നിന്നും അമ്മയിലേക്ക് നീളുന്ന യാത്രയില്‍ അവള്‍ കടന്നുപോകുന്നത് പരീക്ഷണങ്ങള്‍ നിറഞ്ഞ വഴികളിലൂടെയാണ് ചിലപ്പോള്‍ ഒരു ആശ്വാസവാക്കില്‍ അവള്‍ എല്ലാം മറന്ന് ശാന്തമായേക്കാം . എല്ലാം ഉ ള്ളിലടക്കി പിടിച്ച് കഴിയുന്ന സാധാരണ സ്ത്രീയായി അവള്‍ക്കു മാറാന്‍ കഴിഞ്ഞില്ലെന്നുണ്ടെങ്കില്‍ കുറ്റമായി കാണരുത്.
അവളിലേക്ക് വിരല്‍ ചൂണ്ടുമ്പോള്‍ സ്വയം ചോദിക്കുക അവളെ അറിയാന്‍ നിങ്ങള്‍ ശ്രമിച്ചിട്ടുണ്ടോയെന്ന്. അകാരണമായി അവള്‍ പൊട്ടി തെറിക്കുമ്പോള്‍, ‘പീരിയഡ്സ് ആണോ ? ‘എന്നൊരു മറുചോദ്യം വരുന്നുണ്ടെങ്കില്‍ അത് അടിച്ചേല്‍പ്പിക്കലാണ്.
അപ്പോള്‍ മാത്രമേ അവള്‍ക്കു അതിനുള്ള അനുവാദമുള്ളുവെന്ന ഓര്‍മ്മപ്പെടുത്തല്‍ .
നിങ്ങളുടെ ഭാര്യ എത്ര തവണ നിങ്ങളോടു ലൈംഗികതയെ പറ്റി വാചാലയായിട്ടുണ്ട് ?
കുറവായിരിക്കും. കാരണം അവള്‍ക്കതിനുള്ള സ്വാതന്ത്ര്യം നമ്മുടെ സമൂഹം അംഗീകരിച്ച് കൊടുക്കുന്നില്ല.
പെണ്ണെഴുത്തുകളില്‍ കാമമോ, രതിയോ, ചുംബനമോ അവള്‍ എഴുതിയാല്‍ നിങ്ങളില്‍ എത്രപേര്‍ അതിനു സപ്പോര്‍ട്ട് ചെയ്യും?
എന്ത് കൊണ്ട് അവള്‍ക്കും ആയിക്കൂടാ?
കാലം മാറിയെന്നൊക്കെ പറയുന്നുണ്ടെങ്കിലും ഇപ്പോഴും മാറാത്ത ചിലതുണ്ട്.
അവളെ കൊണ്ടെത്തിക്കുന്ന മാനസിക പിരിമുറുക്കത്തില്‍ നിന്ന് രക്ഷപെടാന്‍ അവള്‍ക്കായി വഴിയൊരുക്കാന്‍ കഴിയുന്നത് ചുറ്റുമുള്ളവര്‍ക്ക് മാത്രമാണ്.
എന്നിട്ടും ദിനം പ്രതി വര്‍ദ്ധിച്ച് വരുന്ന വിഷാദരോഗികളുടെ എണ്ണം കൂടുന്നു. അതില്‍ കൂടുതലും സ്ത്രീകള്‍.
മാറി ചിന്തിക്കുന്ന തലമുറ നമുക്കിടയില്‍ ഉണ്ടാവട്ടെ!
സ്ത്രീസമത്വത്തെപ്പറ്റി വാചാലരാവുന്നവര്‍ പലരും ഇതുപോലുള്ള കാര്യങ്ങള്‍ക്കു പ്രതികരിച്ചു കണ്ടിട്ടില്ല. വിഷാദരോഗത്തിന് അടിമപ്പെട്ട് ജീവനും ജീവിതവും നശിച്ച് പോയവര്‍ അനവധി ആണ്. ശരിയായ ചികിത്സയും കൗണ്‍സിലിങ്ങും കൊണ്ട് മാറാവുന്ന ഒന്നാണ് വിഷാദം.
എന്നിട്ടും അത് ഒരു രോഗാവസ്ഥയായി കണക്കാക്കപ്പെടാതെ പോകുന്നത് വെല്ലുവിളി തന്നെ ആണ്. ഭ്രാന്തും വിഷാദവും ഒന്നാണെന്ന ചിന്താഗതി വേറെ.
വുമണ്‍’സ് ഡേയും മദര്‍’സ് ഡേയും ഒക്കെ വെറും പ്രഹസനങ്ങള്‍ ആയി പോകരുത് . ഓരോന്നും ഓരോ ഓര്‍മ്മപ്പെടുത്തലാണ്. തിരിച്ചറിവുകളുടെ ഓര്‍മ്മപെടുത്തല്‍!
സബിത രാജ്