കുട്ടികളിലെ വിരബാധ ശ്രദ്ധിക്കണം വിരബാധ കുട്ടികളില്‍ വിളര്‍ച്ച, പോഷകാഹാരക്കുറവ്, ക്ഷീണം എന്നിവയ്ക്ക് കാരണമാകുന്നു. ഇത് അവരുടെ ശാരീരിക ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുകയും പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുള്ള കഴിവ് കുറയ്ക്കുകയും പ്രവര്‍ത്തന മികവിനെ ബാധിക്കുകയും ചെയ്യുന്നു. ഒന്ന് മുതല്‍ 19 വയസു വരെ പ്രായമുള്ള എല്ലാ കുട്ടികള്‍ക്കും വിരനശീകരണത്തിനുള്ള ആല്‍ബന്‍ഡസോള്‍ ഗുളികകള്‍ നല്‍കും.കൊക്കപ്പുഴു ഉള്‍പ്പെടെയുള്ള വിരകളെ നശിപ്പിക്കുവാന്‍ ആല്‍ബന്‍ഡസോള്‍ ഗുളിക ഫലപ്രദമാണ്. ആറുമാസത്തിലൊരിക്കല്‍ വിര നശീകരണത്തിനായി ആല്‍ബന്‍ഡസോള്‍ ഗുളിക കഴിക്കുന്നത് വിളര്‍ച്ച തടയുകയും കുട്ടികളുടെ ശാരീരിക വളര്‍ച്ച ഉറപ്പാക്കുകയും ചെയ്യും. കുട്ടികള്‍ക്ക് സ്‌കൂളുകളിലും അങ്കണവാടികളിലും വച്ചാണ് ആല്‍ബന്‍ഡസോള്‍ ഗുളികകള്‍ വിതരണം ചെയ്യുന്നത്. ഒന്നു വയസു മുതല്‍ രണ്ട് വയസു വരെയുള്ള കുട്ടികള്‍ക്ക് അര ഗുളിക (200 മി.ഗ്രാം)യും രണ്ടു മുതല്‍ മൂന്ന് വയസു വരെയുള്ള കുട്ടികള്‍ക്ക് ഒരു ഗുളിക (400 മി.ഗ്രാം)യും തിളപ്പിച്ചാറ്റിയ വെള്ളത്തില്‍ അലിയിച്ച് കൊടുക്കണം.മൂന്നു മുതല്‍ 19 വരെ പ്രായമുള്ള കുട്ടികള്‍ ഒരു ഗുളിക (400 മി.ഗ്രാം) ഒരു ഗ്ലാസ് തിളപ്പിച്ചാറ്റിയ വെള്ളത്തോടൊപ്പം ചവച്ചരച്ച് കഴിക്കണം. ഉച്ച ഭക്ഷണത്തിനു ശേഷമാണ് ഗുളിക കഴിക്കേണ്ടത്. അസുഖങ്ങള്‍ ഉള്ളവരും മറ്റ് മരുന്ന് കഴിക്കുന്ന കുട്ടികളും ഗുളിക കഴിക്കേണ്ടതില്ല. കുട്ടികള്‍ ആല്‍ബന്‍ഡസോള്‍ ഗുളികകള്‍ കഴിച്ചു എന്ന് മാതാപിതാക്കളും, അധ്യാപകരും ഉറപ്പാക്കണം.
വിരബാധ ലക്ഷണങ്ങള്‍
വിരബാധ ഒരാളില്‍ വിളര്‍ച്ച, ഉത്സാഹക്കുറവ്, ക്ഷീണം, ശ്രദ്ധക്കുറവ്, പഠനത്തില്‍ പിന്നാക്കം പോവുക, പോഷകക്കുറവ്, വിശപ്പില്ലായ്മ, ഭാരക്കുറവ്, വയറുവേദന, തലകറക്കം, ഛര്‍ദ്ദി, വയറിളക്കം എന്നിവയുണ്ടാക്കും.
വിരബാധ പകരുന്നതെങ്ങനെ
നഖം കൊണ്ട് ചൊറിഞ്ഞ ശേഷം നഖം കടിക്കുകയോ കൈകഴുകാതെ ഭക്ഷണം കഴിക്കുകയോ ചെയ്യുക, മണ്ണില്‍ കളിക്കുക, ഈച്ചകള്‍ വഴി, മലം കലര്‍ന്ന വെള്ളം തിളപ്പിക്കാതെ ഉപയോഗിക്കുക എന്നിവ വഴി വിരബാധ പകരാം.