യോഗ പതിവായി പരിശീലിക്കുന്നത് തലച്ചോറിന്റെ വാര്‍ദ്ധക്യത്തെ മന്ദീഭവിപ്പിക്കുകയും ചെറുപ്പമായിരിക്കാന്‍ സഹായിക്കുകയും ചെയ്യുന്നുവെന്ന് ഒരു പഠനം. ഡിഫന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിയോളജി ആന്‍ഡ് അലൈഡ് സയന്‍സസിന്റെ (ഡിപാസ്) ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്.
പുരുഷന്മാരിലെ കാര്‍ഡിയോമെറ്റബോളിക് അപകടസാധ്യത ഘടകങ്ങളും തലച്ചോറില്‍ നിന്നുള്ള ന്യൂറോട്രോഫിക്ക് ഘടകങ്ങളും മാറ്റുന്നതിന് യോഗാ പരിശീലനം കൊണ്ടു സാധിക്കും. ഇത് പ്രായവുമായി ബന്ധപ്പെട്ട അപചയം തടയാന്‍ സഹായിക്കുമെന്നാണ് വിലയിരുത്തല്‍.
അമേരിക്കന്‍ ഏജിംഗ് അസോസിയേഷനില്‍ പ്രസിദ്ധീകരിച്ച ഗവേഷണ പഠനത്തില്‍ തലച്ചോറില്‍ മാത്രമല്ല, രക്താതിമര്‍ദ്ദം, രക്തസമ്മര്‍ദ്ദം, ഹൃദയമിടിപ്പ്, സമ്മര്‍ദ്ദം എന്നിവയും പഠനവിധേയമാക്കി. ഗവേഷകരുടെ അഭിപ്രായപ്രകാരം 20 മുതല്‍ 30 വയസ്സ് വരെയാണ് ഒരു മസ്തിഷ്കം വികസിക്കുന്നത്. അതിനുശേഷം തലച്ചോറിന്റെ വികസം നിലയ്ക്കുകയും തുടര്‍ന്ന് 40 വര്‍ഷത്തിനുശേഷം അതിന്റെ മന്ദഗതിയിലുള്ള അപചയം ആരംഭിക്കുകയും ചെയ്യുന്നു.
20 നും 50 നും ഇടയില്‍ പ്രായമുള്ള ആരോഗ്യമുള്ള 124 പുരുഷന്മാരെ തെരഞ്ഞെടുത്ത് 20 -29, 30 -39, 40-50 എന്നിങ്ങനെ മൂന്ന് പ്രായ വിഭാഗങ്ങളായി തരംതിരിച്ചാണ് പഠനം നടത്തിയത്. പുകവലി, മദ്യപാനം തുടങ്ങിയ ശീലമുള്ളവരെ ഒഴിവാക്കി. ഈ സംഘത്തെ മൂന്നുമാസത്തേക്ക് ദിവസവും ഒരു മണിക്കൂര്‍ യോഗ പരിശീലിപ്പിച്ചു.
യോഗ ചെയ്തതിനുശേഷം 20-29 വയസ്സിനിടയില്‍ 122/69 ല്‍ രേഖപ്പെടുത്തിയ രക്തസമ്മര്‍ദ്ദം 119/68 ആയി കുറഞ്ഞു. അതുപോലെ, രക്തസമ്മര്‍ദ്ദം 134/84 ആയിരുന്ന 40-50 പ്രായമുള്ളവരില്‍ യോഗയ്ക്ക് ശേഷമത് 124/79 ആയിമാറി. അഡ്രീനല്‍ ഗ്രന്ഥികള്‍ പുറത്തുവിടുന്ന സ്ട്രെസ് ഹോര്‍മോണായ കോര്‍ട്ടിസോള്‍ 20-29 വയസ്സിനിടയില്‍ 68.5 ശതമാനമാണ്. ഇത് വ്യായാമത്തിന് ശേഷം 47.4 ആയി കുറഞ്ഞു.
40-50 വയസ്സിനിടയിലുള്ള മൂന്ന് മാസത്തെ യോഗയ്ക്ക് ശേഷം യോഗയ്ക്ക് മുമ്പ് 95 ആയിരുന്ന കോര്‍ട്ടിസോളിന്റെ അളവ് 72.7 ആയി കുറഞ്ഞു. കൂടാതെ, യോഗയ്ക്ക് ശേഷം എല്ലാ ഗ്രൂപ്പുകളിലും മാനസികാവസ്ഥ, പോസിറ്റിവിറ്റി, പ്രചോദനം, ശ്രദ്ധ എന്നിവ ഫലപ്രദമായി മെച്ചപ്പെടുത്തുന്ന ഡോപാമൈന്‍, സെറോടോണിന്‍ അളവ് മെച്ചപ്പെട്ടതായും തെളിഞ്ഞു. ഡോപാമൈന്‍ അളവ് കുറവുള്ളവര്‍ക്ക് വിഷാദം, വിരസത അല്ലെങ്കില്‍ നിസ്സംഗത അനുഭവപ്പെടാം. സാധാരണ ജോലികള്‍ ചെയ്യാനുള്ള ഊര്‍ജ്ജവും പ്രചോദനവും അവര്‍ക്ക് ഇല്ലായിരിക്കാമെന്നും ഗവേഷകര്‍ വിലയിരുത്തി.
അതുകൊണ്ടുതന്നെ ശാരീരികവും മാനസികവുമായ മികച്ച ആരോഗ്യത്തിന് യോഗശീലമാക്കുന്നത് ഗുണപ്രദമാണെന്നും ഈ പഠനം വിലയിരുത്തുന്നു