എല്ലാവർക്കും ഇഷ്ടപ്പെട്ട ഒരു നാലുമണി പലഹാരമാണ് കട്ലറ്റ്. ചിക്കൻ ഇപയോഗിച്ചും ബീഫ് ഉപയോഗിച്ചും മറ്റ് പച്ചക്കറികൾ ഉപയോഗിച്ചും നാം കട്ലറ്റ് തയ്യാറാക്കാറുണ്ട്. എന്നാൽ അതിൽ നിന്ന് വ്യത്യസ്തമായി വെള്ളക്കടല ഉപയോഗിച്ച് കട്ലറ്റ് തയ്യാറാക്കിയാലോ. കിടിലൻ രുചിയിൽ സിംപിളായി തയ്യാറാക്കാം വെള്ളക്കടല കട്ലറ്റ്.
വേണ്ട ചേരുവകൾ
വെള്ളക്കടല – 2 കപ്പ്
സവാള – 1 കപ്പ്
പച്ചമുളക് – 3 എണ്ണം
കറിവേപ്പില – 2 സ്പൂൺ
മല്ലിയില – 2 സ്പൂൺ
മുളക് പൊടി – 1 സ്പൂൺ
മല്ലി പൊടി – 1 സ്പൂൺ
ഗരം മസാല – 1 സ്പൂൺ
മഞ്ഞൾ പൊടി – 1/2 സ്പൂൺ
കായപ്പൊടി -1/2 സ്പൂൺ
കടലമാവ് – 1/2 കപ്പ്
എണ്ണ – 1/2 ലിറ്റർ
ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ആദ്യം വെള്ള കടല വെള്ളത്തിൽ ഇട്ട് കുതിർത്തതിനു ശേഷം നന്നായിട്ടൊന്ന് വേവിച്ചെടുക്കുക. വെന്തതിനുശേഷം ഇത് കൈകൊണ്ട് നല്ലപോലെ ഉടച്ചെടുക്കുക. അതിലേക്ക് ആവശ്യത്തിന് സവാള ചെറുതായി അരിഞ്ഞത്, പച്ചമുളക്, കറിവേപ്പില, മല്ലിയില എന്നിവ ചേർത്ത് കൊടുത്ത് മഞ്ഞൾപൊടി, മുളകുപൊടി, മല്ലിപ്പൊടി, ഗരംമസാല എന്നിവ ചേർത്ത് ആവശ്യത്തിന് ഉപ്പും ചേർത്ത് കടലമാവും ചേർത്ത് നല്ലപോലെ കുറച്ചു വെള്ളമൊഴിച്ച് കുഴച്ചെടുക്കുക. ശേഷം ചെറിയ ഉരുളകളാക്കി എടുക്കുക. ശേഷം ഒരു പാനിൽ എണ്ണ ഒഴിച്ചുകൊടുത്ത് ചൂടാകുമ്പോൾ ഈ ഉരുളകൾ അതിലേക്കിട്ട് പൊരിച്ചെടുക്കാം.