ചെറിയ കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ വ്യക്തിശുചിത്വത്തില്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് ചെവി വൃത്തിയാക്കുന്നത്. ചെവിയില്‍ അടിഞ്ഞ് കൂടുന്ന അഴുക്ക് പുറത്തെടുക്കാന്‍ സാധാരണഗതിയില്‍ ഇയര്‍ബഡ്‌സ് ആണ് എല്ലാവരും ഉപയോഗിക്കുന്നത്. ചെവിയില്‍ അഴുക്ക് അടിഞ്ഞ് കൂടിയാല്‍ അത് കേള്‍വിയെ ബാധിക്കുകയും ഒപ്പം ചെവി വേദനയ്ക്ക് കാരണമാകുകയും ചെയ്യും. ചെവിയില്‍ അടിഞ്ഞ് കൂടുന്ന വാക്‌സ് (മെഴുക്) അണുബാധയില്‍ നിന്ന് രക്ഷനേടാന്‍ സഹായിക്കുന്ന ഒന്നാണ്.
നമ്മുടെ ശരീരം തന്നെ ഉത്പാദിപ്പിക്കുന്ന ഈ മെഴുക് ഒരു പ്രകൃതിദത്ത വസ്തുവാണ്. ചെവിയില്‍ ബഡ്‌സ് ഉപയോഗിച്ച് വൃത്തിയാക്കുന്നതിലും നല്ലതായി ചില പൊടിക്കൈകള്‍ കൂടി പരീക്ഷിക്കാവുന്നതാണ്. ഇയര്‍വാക്‌സ് വൃത്തിയാക്കാന്‍ കടുക് എണ്ണ ഉപയോഗപ്രദമാണ്. ഇത് ചെറുതായി ചൂടാക്കി അല്‍പ്പം ചെവിയില്‍ ഒഴിക്കുന്നതാണ് രീതി.
എന്നാല്‍ എണ്ണയ്ക്ക് ഇളം ചൂട് മാത്രമേ പാടുള്ളു. ചൂട് കൂടിയാല്‍ അത് ചെവി പൊള്ളിപ്പോകുന്നതിനും മറ്റും കാരണമാകും.ചെവിക്കുള്ളില്‍ അടിഞ്ഞ് കൂടിയിരിക്കുന്ന അഴുക്ക് വൃത്തിയാക്കാന്‍ വെളിച്ചെണ്ണയും ഉപയോഗിക്കാവുന്നതാണ്. ചെവിയില്‍ വെളിച്ചെണ്ണ ഒഴിച്ചതിന് ശേഷം തല ആ വശത്തേക്ക് ചരിച്ച് പിടിക്കുകയും വൃത്തിയാക്കുകയുമാണ് വേണ്ടത്. എന്നാല്‍ ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യുമ്പോള്‍ അതീവ ശ്രദ്ധ വേണം.
അതുപോലെ തന്നെ ചെറുചൂട് വെള്ളത്തില്‍ വൈറ്റ് വിനേഗര്‍ (വെളുത്ത വിനാഗിരി) കലര്‍ത്തിയ ശേഷം ഒരു ഡ്രോപ്പര്‍ ഉപയോഗിച്ച് ചെവിയിലേക്ക് ഇറ്റിക്കാവുന്നതാണ്. വെറും ചൂട് വെള്ളം മാത്രം ഉപയോഗിച്ചും ചെവി വൃത്തിയാക്കാം.എന്നാല്‍ ഇത്തരത്തിലുള്ള മാര്‍ഗങ്ങള്‍ പ്രയോഗിക്കുമ്പോള്‍ ചെവി പൂര്‍ണ ആരോഗ്യത്തിലാണെന്ന് ഉറപ്പ് വരുത്തണം. നേരിയ അണുബാധയുണ്ടെങ്കില്‍ പോലും ഇത്തരം പൊടിക്കൈകള്‍ പ്രയോഗിക്കുന്നത് പ്രശ്‌നം വഷളാക്കാന്‍ മാത്രമേ സഹായിക്കുകയുള്ളൂ.