കുടലിന്റെ ആരോഗ്യത്തെക്കുറിച്ചുള്ള ചർച്ചകളിൽ വെളുത്ത അരിയെക്കുറിച്ച് പലപ്പോഴും തെറ്റിദ്ധാരണകൾ നിലനിൽക്കുന്നുണ്ട്. ഇത് ദഹനവ്യവസ്ഥയ്ക്ക് ദോഷകരമാണെന്നും സമീകൃതാഹാരത്തിൽ നിന്ന് ഒഴിവാക്കണമെന്നും പലരും വിശ്വസിക്കുന്നു. എന്നാൽ, ശരിയായ രീതിയിൽ കഴിച്ചാൽ വെളുത്ത അരി നല്ല ഭക്ഷണമായും എളുപ്പത്തിൽ ദഹിക്കുന്ന ഊർജ്ജത്തിന്റെ മികച്ച ഉറവിടമാവുകയും ചെയ്യുമെന്ന് പറഞ്ഞാലോ?
ഈ തെറ്റിദ്ധാരണകൾ മാറ്റിവെക്കാൻ സഹായിക്കുന്ന ചില പ്രായോഗിക ഉപദേശങ്ങളുമായി എത്തിയിരിക്കുന്നത് പ്രമുഖ ഗ്യാസ്ട്രോഎൻട്രോളജിസ്റ്റായ ഡോ. സൗരഭ് സേഥിയാണ്. ഹാർവാർഡിലും സ്റ്റാൻഫോർഡിലും പരിശീലനം നേടിയ ഡോ. സേഥി, “ഞാൻ ഒരു ഗട്ട് ഡോക്ടറാണ്, ദൈനംദിന ഭക്ഷണങ്ങളെക്കുറിച്ച് ഞാൻ രഹസ്യമായി സൂക്ഷിക്കാൻ ആഗ്രഹിക്കാത്ത 9 കാര്യങ്ങൾ ഇതാ” എന്ന തലക്കെട്ടോടെയുള്ള ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് ഇത് വെളിപ്പെടുത്തിയത്. നമ്മൾ എന്ത് കഴിക്കുന്നു എന്നത് മാത്രമല്ല, എങ്ങനെ കഴിക്കുന്നു എന്നതിനും പ്രാധാന്യമുണ്ടെന്ന് അദ്ദേഹം ഊന്നിപ്പറയുന്നു.
ദൈനംദിന ഭക്ഷണ തിരഞ്ഞെടുപ്പുകളിലൂടെയും ശീലങ്ങളിലൂടെയും കുടലിന്റെ ആരോഗ്യത്തെ പിന്തുണയ്ക്കുന്നതിനുള്ള ഒമ്പത് പ്രായോഗിക നുറുങ്ങുകളാണ് ഡോ. സേഥി പങ്കുവെച്ചത്.
ചെറുതായി പച്ച നിറമുള്ള വാഴപ്പഴം
പഴുക്കാത്ത വാഴപ്പഴത്തിൽ പ്രതിരോധശേഷിയുള്ള അന്നജം (Resistant Starch) ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കാതെ, കുടലിലെ നല്ല ബാക്ടീരിയകളെ പോഷിപ്പിക്കുന്ന ഒരു തരം പ്രീബയോട്ടിക് ആണ്. എന്നാൽ അമിതമായി പഴുത്ത വാഴപ്പഴത്തിൽ പ്രധാനമായും പഞ്ചസാരയാണുള്ളത്, ഇത് കുടലിന് അത്ര നല്ലതല്ല.
കാപ്പി: ഗുണവും ദോഷവും ഒരുമിച്ച്
കാപ്പി ദഹനത്തെ സഹായിക്കുകയും ആരോഗ്യകരമായ കുടൽ മൈക്രോബയോമിനെ പിന്തുണയ്ക്കുകയും ചെയ്യും. എന്നാൽ അമിതമായി കഴിക്കുകയോ ഒഴിഞ്ഞ വയറ്റിൽ കുടിക്കുകയോ ചെയ്യുന്നത് ആസിഡ് റിഫ്ലക്സ്, ഉത്കണ്ഠ, അല്ലെങ്കിൽ അയഞ്ഞ മലം എന്നിവയ്ക്ക് കാരണമാകുമെന്ന് ഡോ. സേഥി മുന്നറിയിപ്പ് നൽകുന്നു.
സുഗന്ധവ്യഞ്ജനങ്ങൾ: വെറും രുചിക്കൂട്ടുകളല്ല
മഞ്ഞൾ, ഇഞ്ചി, പെരുംജീരകം എന്നിവയ്ക്ക് വീക്കം തടയുന്ന ഗുണങ്ങളുണ്ടെന്നും ദഹനത്തെ സഹായിക്കുകയും കുടൽ പാളിയെ സംരക്ഷിക്കുകയും ചെയ്യുമെന്നും ഡോക്ടർ പറയുന്നു. ഈ മൂന്നും അദ്ദേഹം തന്റെ ഭക്ഷണത്തിൽ പതിവായി ഉൾപ്പെടുത്താറുണ്ടെന്നും കൂട്ടിച്ചേർക്കുന്നു.
പ്രോബയോട്ടിക് പാനീയങ്ങളേക്കാൾ മികച്ചത് പ്ലെയിൻ തൈര്
വാണിജ്യ പ്രോബയോട്ടിക് പാനീയങ്ങൾക്ക് പകരം തൈര്, കെഫീർ, സോർക്രാട്ട് തുടങ്ങിയ സാധാരണ പുളിപ്പിച്ച ഭക്ഷണങ്ങൾ തിരഞ്ഞെടുക്കാൻ അദ്ദേഹം ശുപാർശ ചെയ്യുന്നു. ഈ പ്രകൃതിദത്ത ഓപ്ഷനുകൾ വൈവിധ്യമാർന്ന ഗുണകരമായ ബാക്ടീരിയകളെ നൽകുന്നു, കൂടാതെ ദോഷകരമായ സൂക്ഷ്മാണുക്കൾക്ക് ഇന്ധനം നൽകുന്ന പഞ്ചസാരയും ഇതിൽ അടങ്ങിയിട്ടില്ല.
വെള്ള അരി മോശമല്ല, പക്ഷെ ഒരു കണ്ടീഷനുണ്ട്
കുടലിന്റെ ആരോഗ്യത്തെക്കുറിച്ചുള്ള ചർച്ചകളിൽ എന്നും വില്ലനാണ് വെള്ള അരി. എന്നാൽ ഡോ. സേഥി പറയുന്നത്, തണുപ്പിച്ച വെളുത്ത അരി പ്രതിരോധശേഷിയുള്ള അന്നജം ഉണ്ടാക്കുന്നു എന്നാണ്. ഇത് ഭക്ഷണ നാരുകൾ പോലെ പ്രവർത്തിക്കുകയും കുടലിന്റെ ആരോഗ്യം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഈ പ്രഭാവം കാരണം, ബാക്കിവന്ന ചോറ് പലപ്പോഴും ദഹിക്കാൻ എളുപ്പമാണെന്നും അദ്ദേഹം പറയുന്നു.
ഒപ്പം ബ്ലൂബെറി, റാസ്ബെറി, മാതളനാരങ്ങ എന്നിവ ഓക്സിഡേറ്റീവ് സമ്മർദ്ദം കുറയ്ക്കുകയും നല്ല കുടൽ ബാക്ടീരിയകളെ പോഷിപ്പിക്കുകയും ചെയ്യും. ചില പ്രോബയോട്ടിക് സപ്ലിമെന്റുകളെക്കാൾ ഇവയ്ക്ക് ഗുണങ്ങൾ നൽകാൻ കഴിയുമെന്നും ഡോക്ടർ സേഥി നിർദ്ദേശിക്കുന്നു.