- Advertisement -Newspaper WordPress Theme
HEALTHഅര്‍ബുദ മരുന്നുകള്‍ ഏറ്റവും കുറഞ്ഞ വിലയ്ക്ക് സീറോ പ്രോഫിറ്റ് കൗണ്ടര്‍ മറ്റൊരു കേരളമാതൃക

അര്‍ബുദ മരുന്നുകള്‍ ഏറ്റവും കുറഞ്ഞ വിലയ്ക്ക് സീറോ പ്രോഫിറ്റ് കൗണ്ടര്‍ മറ്റൊരു കേരളമാതൃക

അര്‍ബുദരോഗികള്‍ക്ക് പണചിലവിന്റെ ഭാരമേല്‍ക്കാതിരിക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന സീറോ പ്രോഫിറ്റ് കൗണ്ടര്‍ ജില്ലയിലും വിജയം. വിലകൂടിയ മരുന്നുകള്‍ പരമാവധി വിലകുറച്ചു നല്‍കുകയാണിവിടെ. സര്‍ക്കാര്‍ വിക്ടോറിയ ആശുപത്രിയില്‍ കാരുണ്യസ്പര്‍ശം കൗണ്ടര്‍ വഴി ഒട്ടേറെ രോഗികള്‍ ന്യായവിലയ്ക്ക് മരുന്നു വാങ്ങുന്നു. 40 ഇനം മരുന്നുകള്‍ ഇവിടെ ലഭിക്കും

പൊതുവിപണിയില്‍ 42,350 രൂപ വിലവരുന്ന മരുന്ന് 5,552 രൂപയ്ക്കാണ് നല്‍കുന്നത്. 21,800 രൂപ വിലയുള്ളതിന് 16,010, 4,029 രൂപയ്ക്കുള്ളതിന് 343 രൂപ എന്നിങ്ങനെയാണ് വിലക്കിഴിവ്. രണ്ടു ശതമാനം സേവന ചെലവ് മാത്രമാണ് ഈടാക്കുന്നത്. കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന് ലഭിക്കുന്ന ലാഭം പൂര്‍ണമായും ഒഴിവാക്കിയിട്ടുമുണ്ട്. 96 ശതമാനം വരെ വിലക്കുറവില്‍ മരുന്നുകള്‍ നല്‍കുന്ന അപൂര്‍വതയുമുണ്ട്. 247 ബ്രാന്‍ഡഡ് ഓങ്കോളജി മരുന്നുകളാണ് ശേഖരത്തിലുള്ളത്.

കൗണ്ടറില്‍ ലഭ്യമല്ലാത്ത മരുന്നുകള്‍ ആവശ്യാനുസരണം മറ്റിടങ്ങളില്‍ നിന്ന്‌വാങ്ങി വിലകുറച്ച് നല്‍കുന്നുവെന്ന് ഫാര്‍മസിസ്റ്റ് കെ എല്‍ ബീനയുടെ സാക്ഷ്യം. സര്‍ക്കാരിന്റെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ അര്‍ബുദത്തിനുള്ള മരുന്നുകളും ലഭ്യമാക്കുന്നു. ജില്ലാ ആശുപത്രിയിലെ ഓങ്കോളജി വിഭാഗത്തില്‍ ചികിത്സയ്ക്ക് വിധേയരാകുന്ന രോഗികളാണ് മുഖ്യഗുണഭോക്താക്കള്‍.

കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷനാണ് കൗണ്ടറിന്റെ നടത്തിപ്പ് ചുമതല. പദ്ധതിയുടെ ആദ്യഘട്ടമായി 14 ജില്ലകളിലും തിരഞ്ഞടുത്ത ഓരോ കാരുണ്യ ഫാര്‍മസികളിലാണ് സീറോ പ്രോഫിറ്റ് കൗണ്ടര്‍. ഫാര്‍മസിസ്റ്റിന് പുറമെ ഒരു ഹെല്‍പ്പറെയും നിയോഗിച്ചിട്ടുണ്ട്.

2024 ഓഗസ്റ്റ് മുതല്‍ ഇതുവരെ പൊതുവിപണിയില്‍ 15,98,282 രൂപയുടെ അര്‍ബുദ മരുന്നുകള്‍ ജില്ലയിലെ സീറോ പ്രോഫിറ്റ് കൗണ്ടര്‍ മുഖേന 4,53,923 രൂപയ്ക്ക് വിതരണംചെയ്തു. സംസ്ഥാനത്ത് 3,62,07,004 രൂപ വിലവരുന്ന മരുന്നുകള്‍ 1,18,23,832 രൂപയ്ക്കാണ് വിതരണംചെയ്തതെന്ന് കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്‍ ഡെപ്യൂട്ടി മാനേജര്‍ അഭിലാഷ് വ്യക്തമാക്കി. സംസ്ഥാനത്ത് 3,014 രോഗികള്‍ക്ക് പദ്ധതി ആശ്വാസമായ പശ്ചാത്തലത്തില്‍ വിപുലീകരണത്തിനായുള്ള ശ്രമങ്ങളും തുടങ്ങിയിട്ടുണ്ട്.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme