in

അക്യൂട്ട് കിഡ്നി ഇഞ്ചുറി: കാരണങ്ങളും ലക്ഷണങ്ങളും

Share this story

വൃക്കയുടെ പ്രവര്‍ത്തനം പെട്ടെന്ന് മന്ദീഭവിക്കുകയും നിലയ്ക്കുകയും ചെയ്യുന്ന രോഗാവസ്ഥയാണ് അക്യൂട്ട് കിഡ്നി ഇഞ്ചുറി. ലക്ഷണങ്ങള്‍ മനസ്സിലാക്കി കൃത്യ സമയത്ത് രോഗനിര്‍ണയം നടത്തേണ്ടതും ചികിത്സിക്കേണ്ടതും സാധാരണ ജീവിതത്തിലേക്കു മടങ്ങി വരേണ്ടതിന് അത്യാവശ്യമാണ്. അക്യൂട്ട് കിഡ്നി ഇഞ്ചുറിയിലേക്ക് നയിക്കുന്ന കാരണങ്ങള്‍ .

വൃക്കകളിലേക്കുള്ള രക്തവിതരണം കുറയുന്നതാണ് ഒരു കാരണം. നിര്‍ജലീകരണം, കുറഞ്ഞ രക്തസമ്മര്‍ദം, ഹൃദയസ്തംഭനം, ഷോക്ക് എന്നിവയെല്ലാം മൂലം ഇതു സംഭവിക്കാം

അണുബാധകള്‍, ചിലതരം മരുന്നുകള്‍, വിഷവസ്തുക്കള്‍, മെഡിക്കല്‍ ഇമെജിങ് പ്രക്രിയയില്‍ ഉപയോഗിക്കുന്ന ഡൈകള്‍ എന്നിവ മൂലം കിഡ്നിക്ക് വരുന്ന നാശവും അക്യൂട്ട് കിഡ്നി ഇഞ്ചുറിക്ക് കാരണമാകാം.

ഗ്ലോമെറുലോനെഫ്രിറ്റിസ്, ഇന്റര്‍സ്റ്റീഷ്യല്‍ നെഫ്രൈറ്റിസ് തുടങ്ങിയ വൃക്ക രോഗങ്ങളും അക്യൂട്ട് കിഡ്നി ഇഞ്ചുറിയിലേക്ക് നയിക്കാം

വൃക്കയില്‍ കല്ലുകള്‍, മൂത്രനാളിയില്‍ കല്ല്, പ്രോസ്റ്റേറ്റ് ഗ്രന്ഥിയിലെ വീക്കം എന്നിങ്ങനെ മൂത്രനാളിയെ തടസ്സപ്പെടുത്തുന്ന പ്രശ്നങ്ങളും അക്യൂട്ട് കിഡ്നി ഇഞ്ചുറിക്ക് കാരണമാകാം.

ലക്ഷണങ്ങള്‍

കുറഞ്ഞ തോതിലെ മൂത്രം, കാലുകളിലും കാല്‍ക്കുഴയിലും മുഖത്തും നീര്, ക്ഷീണം, ഓക്കാനം, ഛര്‍ദ്ദി, വിശപ്പില്ലായ്മ, ശ്വാസംമുട്ടല്‍, ആശയക്കുഴപ്പം, ഒരു കാര്യത്തിലും ശ്രദ്ധിക്കാന്‍ കഴിയാത്ത അവസ്ഥ എന്നിവയെല്ലാം അക്യൂട്ട് കിഡ്നി ഇഞ്ചുറിയുടെ ലക്ഷണങ്ങളാണ്. നിര്‍ജലീകരണമോ അണുബാധയോ മരുന്നുകളോ ആണ് ഇതിന് കാരണമാകുന്നതെങ്കില്‍ ഇത് പരിഹരിക്കാനുള്ള മാര്‍ഗങ്ങള്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നതാണ്. ശരീരത്തിലെ ദ്രാവകങ്ങളും ഇലക്ട്രോളൈറ്റുകളും തമ്മിലൊരു സന്തുലനം നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണ്.

ഞരമ്പുകളിലൂടെ ദ്രാവകങ്ങള്‍ കയറ്റിയും ഡൈയൂറെറ്റിക്സ് മരുന്നുകള്‍ നല്‍കിയും വൃക്കകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ ശ്രമിക്കാറുണ്ട്. ചിലപ്പോള്‍ നീര്‍ക്കെട്ടും രക്തസമ്മര്‍ദവും കുറയ്ക്കാനുള്ള മരുന്നുകളും നല്‍കിയേക്കാം. രോഗം തീവ്രമാകുന്ന പക്ഷം വൃക്കയുടെ പ്രവര്‍ത്തനം മെച്ചപ്പെടും വരെ രക്തത്തില്‍ നിന്ന് മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിന് ഡയാലിസിസ് വേണ്ടി വന്നേക്കാം. ലക്ഷണങ്ങള്‍ പഠിച്ചും രക്തത്തിന്റെയും മൂത്രത്തിന്റെയും പരിശോധന നടത്തിയുമാണ് ഡോക്ടര്‍മാര്‍ രോഗനിര്‍ണയം നടത്തുന്നത്.

സ്‌കൂള്‍ തുറക്കുന്നു ഭക്ഷണത്തില്‍ ശ്രദ്ധിക്കാം