- Advertisement -Newspaper WordPress Theme
HEALTHഗര്‍ഭകാലത്തെ പരിചരണം

ഗര്‍ഭകാലത്തെ പരിചരണം

ഗര്‍ഭശുശ്രൂഷയ്ക്ക് വളരെയധികം പ്രാധാന്യം കൊടുക്കുന്ന ഒരു സംസ്ഥാനമാണ് കേരളം. എന്നിരുന്നാലും ഗര്‍ഭത്തെപ്പറ്റിയും പ്രസവത്തെപ്പറ്റിയും ഒക്കെ ആശങ്കകള്‍ ഗര്‍ഭിണികളില്‍ നിലനില്‍ക്കുന്നു.

ഗര്‍ഭകാലത്ത് ഉണ്ടാകുന്ന സംശയങ്ങളൊക്കെ ഗൂഗിളില്‍ തിരയുകയും അതില്‍ പറയുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ആലോചിച്ച് വ്യാകുലപ്പെടുകയും ചെയ്യുന്നതായിട്ടാണ് നാം കാണുന്നത്.

അതു തന്നെ പല ആശങ്കകള്‍ക്കും വഴി തെളിയ്ക്കുന്നു. ഗര്‍ഭിണി ആകുമ്പോള്‍ തന്നെ നിരവധി സംശയങ്ങളാണ് ഉണ്ടാകുന്നത്. സാധാരണ ചെയ്യുന്ന ജോലികളൊക്കെ ചെയ്യാമോ, നടക്കുമ്പോഴോ യാത്ര ചെയ്യുമ്പോഴോ കുഞ്ഞിനെ പ്രതികൂലമായി ബാധിക്കുമോ എന്നിങ്ങനെ. ഗര്‍ഭകാലത്തെ ആദ്യ മൂന്നു മാസം വളരെയധികം ശ്രദ്ധിക്കേണ്ട സമയമാണ്. ഈ സമയത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

കഴിയുന്നതും അധികം മരുന്നുകള്‍ ഉപയോഗിക്കരുത്

മരുന്ന് കഴിക്കരുതെന്ന് പറയാന്‍ കാരണം ആദ്യത്തെ 14 ആഴ്ച (മൂന്നു മാസം) കുഞ്ഞുങ്ങളുടെ അവയവങ്ങള്‍ ഉണ്ടാകുന്ന സമയമാണ്. ഈ സമയത്ത് ഗൈനക്കോളജിസ്റ്റ് നിര്‍ദ്ദേശിക്കുന്ന ഒരു വൈറ്റമിന്‍ ഗുളികയുടെ ആവശ്യം മാത്രമേ ഉള്ളൂ. മറ്റെന്തെങ്കിലും മരുന്ന് കഴിക്കണമെന്നുള്ള സാഹചര്യം വന്നാല്‍ ഗൈനക്കോളജിസ്റ്റിനെ അറിയിച്ചിട്ട് മാത്രം കഴിക്കുക. മാത്രമല്ല കുട്ടികള്‍ ഉണ്ടാകണമെന്ന് ആഗ്രഹിച്ച് അതിനുവേണ്ടി ശ്രമിക്കുന്ന സ്ത്രീകള്‍ മാസക്കുളിയുടെ രണ്ടാം ഭാഗത്തില്‍ (ആദ്യ 14 ദിവസം കഴിഞ്ഞിട്ടുള്ള സമയം) ഗര്‍ഭധാരണത്തിന് സാധ്യതയുള്ള സമയമാണ്. ഈ സമയത്തും മരുന്നുകള്‍ ഒഴിവാക്കേണ്ടതാണ്. ഡോക്ടര്‍മാര്‍ മരുന്നുകള്‍ നിര്‍ദ്ദേശിക്കുകയാണെങ്കില്‍ ഗര്‍ഭധാരണത്തിന് ശ്രമിക്കുന്നുണ്ടെന്ന കാര്യം വ്യക്തമാക്കേണ്ടതാണ്.

· ഫാസ്റ്റ് ഫുഡ് ഒഴിവാക്കുക

പുറത്തുനിന്ന് ആഹാരം കഴിക്കുമ്പോള്‍ വൃത്തിക്കുറവ് കൊണ്ട് അണുബാധ ഉണ്ടാകാന്‍ സാധ്യതയുണ്ട്. അതുമൂലം ഛര്‍ദ്ദിയും മറ്റു ബുദ്ധിമുട്ടുകളും ഉണ്ടാകാം, ഇതിനായി മരുന്ന് കഴിക്കേണ്ടി വരും. മാത്രമല്ല ഗര്‍ഭധാരണ സമയത്തെ ഛര്‍ദ്ദിയുടെ ഒപ്പം ഇതു കൂടിയാകുമ്പോള്‍ ധാരാളം ബുദ്ധിമുട്ടുകള്‍ ഗര്‍ഭിണികള്‍ക്ക് ഉണ്ടാകാം. കഴിയുന്നതും വീട്ടിലുണ്ടാക്കുന്ന, അധികം അധികം എണ്ണയും എരുവും മസാലയുമൊക്കെ ചേരാത്ത ഭക്ഷണമാണ് ഉത്തമം.

· ധാരാളം ആളുകള്‍ കൂടുന്ന സ്ഥലത്ത് പോകരുത്

സാംക്രമിക രോഗങ്ങള്‍ വരാന്‍ സാധ്യതയുള്ളതിനാലാണ് ആള്‍ക്കാര്‍ കൂടുന്ന സ്ഥലങ്ങളില്‍ ഗര്‍ഭിണികള്‍ പോകരുതെന്ന് പറയുന്നത്. ഇത്തരത്തില്‍ എന്തെങ്കിലും അണുബാധ ഉണ്ടായാല്‍ മരുന്ന് കഴിക്കേണ്ടതായി വന്നേക്കാം.

ആദ്യത്തെ മൂന്നുമാസം ഉണ്ടായേക്കാവുന്ന ഒരു സംശയമാണ് യാത്ര ചെയ്യാമോ എന്നുള്ളത്. അതുപോലെ തന്നെ നടക്കാമോ, പടി കയറാമോ, ജോലി ചെയ്യാമോ എന്നുള്ളതൊക്കെയാണ് മറ്റു സംശയങ്ങള്‍. ഇപ്പോഴും പല വീടുകളിലും ഗര്‍ഭിണിയാണെന്ന് അറിഞ്ഞു കഴിഞ്ഞാല്‍ പൂര്‍ണ്ണ വിശ്രമം എടുക്കാനാണ് പറയുന്നത്. ആദ്യത്തെ മൂന്നു മാസത്തില്‍ മാത്രമല്ല തുടര്‍ന്നുള്ള സമയത്തും പൂര്‍ണ്ണ വിശ്രമത്തിന്റെ ആവശ്യമില്ല. സാധാരണ പോലെ തന്നെ ജീവിതം മുന്നോട്ടു കൊണ്ടുപോകാം ഈ സമയത്ത് ചെയ്യാന്‍ പാടില്ല എന്ന് പറയുന്ന ജോലികള്‍ ഒന്നും തന്നെയില്ല ഒരു സാധാരണ സ്ത്രീ ചെയ്യുന്ന എല്ലാ ജോലികളും ചെയ്യാം, പടി കയറുന്നതിനും യാതൊരു തടസവുമില്ല. ഇങ്ങനെയൊക്കെ ചെയ്തു കഴിഞ്ഞാല്‍ ഗര്‍ഭം അലസ്സിപ്പോകുമോ എന്ന ഭയം പലര്‍ക്കുമുണ്ട്. ആ ഭയം അസ്ഥാനത്താണ്.

ആദ്യത്തെ 14 ആഴ്ചയില്‍ ഗര്‍ഭച്ഛിദ്രം സംഭവിക്കുന്നതിന് പ്രധാനമായും രണ്ട് കാരണങ്ങളാണുള്ളത്. ഒന്നാമത്, കുഞ്ഞിന് ജനിതകമായ എന്തെങ്കിലും വൈകല്യം ഉണ്ടെങ്കിലോ അല്ലെങ്കില്‍ ചുരുക്കം ചില അവസരങ്ങളില്‍ ഹോര്‍മോണ്‍ സംബന്ധമായി പ്രശ്‌നങ്ങള്‍ ഉണ്ടെങ്കിലോ ആണ് ഗര്‍ഭം അലസ്സിപ്പോകുന്നത്. ആദ്യമായി ഗര്‍ഭം ധരിക്കുന്ന സ്ത്രീ ഇതിനെപ്പറ്റി ചിന്തിക്കേണ്ട കാര്യമില്ല. പിന്നെ ഗര്‍ഭിണികള്‍ അറിഞ്ഞിരിക്കേണ്ട ഒരു കാര്യം, ഗര്‍ഭച്ഛിദ്രം എന്ന് പറയുന്നത് പ്രകൃതി നമുക്ക് തരുന്ന ഒരു വരദാനമാണ്. അതായത് തികച്ചും ആരോഗ്യകരമല്ലാത്ത ഒരു ഭ്രൂണമാണ് അലസ്സി പോകുന്നത്.

ആദ്യത്തെ മൂന്നു മാസങ്ങളില്‍ ശ്രദ്ധിക്കേണ്ട മറ്റു കാര്യങ്ങള്‍

· ധാരാളമായി വെള്ളം കുടിക്കുക.

പല സ്ത്രീകള്‍ക്കും ഈ സമയത്ത് ഛര്‍ദ്ദി ഉള്ളതുകൊണ്ടോ അല്ലെങ്കില്‍ ഛര്‍ദ്ദിക്കാന്‍ തോന്നുന്നു എന്നതുകൊണ്ടോ ചിലപ്പോള്‍ വെള്ളം കുടിക്കാനോ ആഹാരം കഴിക്കാനോ സാധിച്ചെന്നു വരില്ല. ഏത് സമയത്ത് വെള്ളം കുടിച്ചാലാണ് ഛര്‍ദ്ദിക്കാതിരിക്കുക, ഏത് ഭക്ഷണം കഴിച്ചാലാണ് ബുദ്ധിമുട്ട് ഇല്ലാതിരിക്കുക എന്ന് സ്വയം മനസ്സിലാക്കി അത്യാവശ്യം വേണ്ട ആഹാരങ്ങള്‍ ഈ മൂന്നു മാസം കഴിക്കുക. ഈ മൂന്നു മാസത്തില്‍ സാധാരണ അളവില്‍ കൂടുതല്‍ ആഹാരത്തിന്റെ ആവശ്യമില്ല. ഈ സമയം അവയവങ്ങള്‍ ഉണ്ടാകുന്ന സമയമാണ്. കുഞ്ഞിന് വളര്‍ച്ച വലുതായി കാണുകയില്ല. 3 മാസം കൊണ്ട് 9 സെന്റീമീറ്റര്‍ നീളവും 50 ഗ്രാം ഭാരവും മാത്രമേ കുഞ്ഞിനു ഉണ്ടാവുകയുള്ളു. കഴിയുമെങ്കില്‍ ഗര്‍ഭകാലത്ത് ഒന്നര – രണ്ട് ലിറ്റര്‍ വെള്ളം കുടിക്കണം. കഞ്ഞിവെള്ളം, കരിക്കിന്‍വെള്ളം, മാര്, കാപ്പി, ചായ, ജ്യൂസ്, തിളപ്പിച്ചാറിയ വെള്ളം എന്നിവ ഉള്‍പ്പെടുത്താം.

· വാഹനങ്ങളില്‍ യാത്ര ചെയ്യുമ്പോള്‍ ശ്രദ്ധ ചെലുത്തേണ്ടതാണ്

ഗട്ടറുള്ള റോഡുകളില്‍ യാത്ര ചെയ്യുന്നതിലൂടെ ഗര്‍ഭം അലസി പോകില്ല. ശക്തമായ ഒരു വീഴ്ചയോ അല്ലെങ്കില്‍ ഏതെങ്കിലും തരത്തിലുള്ള വാഹനാപകടമോ ഉണ്ടാവുകയാണെങ്കില്‍ മാത്രമേ അത് കുഞ്ഞിന് ഒരു ആഘാതമായി വരികയുള്ളൂ. ഇരുചക്ര വാഹനങ്ങളില്‍ യാത്ര ചെയ്യുന്നത് ഒഴിവാക്കേണ്ട കാര്യമില്ല. അതുപോലെതന്നെ ബസ്സിലും കാറിലും ഒക്കെ തന്നെ യാത്ര ചെയ്യാവുന്നതാണ്. തിരക്കുള്ള വാഹനങ്ങളില്‍ യാത്ര ചെയ്യുമ്പോള്‍ സാംക്രമിക രോഗങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട് അങ്ങനെ ഉണ്ടാകുമ്പോള്‍ അസ്വസ്ഥതകള്‍ കൂടാനും മരുന്നു കഴിക്കാനും ഇട വരുന്നു. ഗര്‍ഭിണികള്‍ ആള്‍ക്കൂട്ടമുള്ളിടത്ത് പോകുന്നത് ഒഴിവാക്കണം എന്നു പറയുന്നത് അതുകൊണ്ടാണ്.

ആദ്യത്തെ മൂന്നുമാസത്തില്‍ ഭര്‍ത്താവുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാമോ എന്നുള്ളതും മറ്റൊരു സംശയമാണ്. നേരത്തെ ഗര്‍ഭം അലസ്സി പോയിട്ടുള്ള ഗര്‍ഭിണികള്‍, ഈ സമയത്ത് ലൈംഗികവേഴ്ച ഒഴിവാക്കേണ്ടതാണ്.

ഗര്‍ഭകാലത്തെ ഏറ്റവും പ്രധാനപ്പെട്ട സമയമാണ് ആദ്യത്തെ മൂന്നു മാസം ഈ കാലയളവില്‍ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ചു മുന്നോട്ടു പോവുക.

Dr. Lakshmi Ammal
Consultant Gynaecologist
SUT Hospital, Pattom

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme