ഡോക്ടര്‍ പറഞ്ഞാല്‍ മദ്യം നല്‍കാമെന്ന എക്സൈസ് കമ്മിഷണറുടെ കരട് രേഖപുറത്ത്. സര്‍ക്കാര്‍ ഡോക്ടറുടെ കുറിപ്പടി നല്കിയാല് മദ്യം നല്‍കാമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഡോക്ടറുടെ കുറിപ്പടി അടുത്തുള്ള എക്സൈസ് ഓഫീസില്‍ നല്‍കണം. എക്സൈസ് ഉദ്യോഗസ്ഥര്‍ക്കും ബിവറേജസില്‍ നിന്നും മദ്യം വാങ്ങാന്‍ അനുമതി നല്‍കും.
എക്സൈസ് കമ്മിഷണര്‍ കരട് നിര്‍ദ്ദേശം സര്‍ക്കാരിന് നല്‍കും. ശുപാര്‍ശക്ക് ആരോഗ്യ- നിയമവകുപ്പുകളുടെ അംഗീകാരം വേണം. അതേസമയം,? ചികിത്സാ പ്രോട്ടോകോളിന് എതിരാണിതെന്നും വിമര്‍ശനം ഉയരുന്നുണ്ട്. അശാസ്ത്രീയവും അധാര്‍മികവുമായ തീരുമാനമാണിതെന്നും സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെ.ജി.എം.ഒ.എ പ്രതികരിച്ചു.
മദ്യാസക്തിയുള്ളവര്‍ക്കു മദ്യം നല്‍കാനുള്ള തീരുമാനം അധാര്‍മികമാണ്. അത് ഉടന്‍ പിന്‍വലിക്കണം. മദ്യാസക്തിക്കു മരുന്ന് മദ്യമല്ലെന്നും കെ.ജി.എം.ഒ.എ അഭിപ്രായപ്പെട്ടു.അമിത മദ്യാസക്തിയുള്ളവര്‍ മദ്യം ലഭിക്കാത്തതിനെ തുടര്‍ന്ന് കടുത്ത നിരാശയിലേക്ക് പോകുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. മദ്യം ലഭിക്കാത്തതിനെ തുടര്‍ന്ന് സംസ്ഥാനത്ത് ആറ് പേരാണ് ആത്മഹത്യ ചെയ്തത്. ഇത്തരത്തിലുള്ള പ്രതിസന്ധി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഉചിതമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.അമിത മദ്യാസക്തിയുള്ളവര്‍ക്ക് മാനസികമായ പ്രശ്നങ്ങള്‍ ഉള്ളതായി കാണുന്നുണ്ട്. അങ്ങനെയുള്ളവര്‍ ആരോഗ്യവിദഗ്ദ്ധരെ കാണണമെന്ന് കഴിഞ്ഞ ദിവസം നിര്‍ദേശം നല്‍കിയിരുന്നു.
ഇത്തരത്തില്‍ വലിയ പ്രതിസന്ധി നേരിടുന്നവര്‍ക്ക് ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം മദ്യം നല്‍കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ എക്സൈസ് വകുപ്പിനു നിര്‍ദേശം നല്‍കുമെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഡോക്ടര്‍മാരുടെ നിര്‍ദേശമുള്ളവര്‍ക്ക് മാത്രമാണ് ഇങ്ങനെ മദ്യം നല്‍കുകയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ലോക്ക് ഡൗണിനെത്തുടര്‍ന്ന് മദ്യലഭ്യത കുറഞ്ഞ സാഹചര്യത്തില്‍ മദ്യാസക്തിയുള്ളവര്‍ അതീവ ശ്രദ്ധ പുലര്‍ത്തണമെന്ന് ആരോഗ്യ മന്ത്രി കെ.കെ.ശൈലജ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.