തിരുവനന്തപുരം. നഴ്സസ് ദിനത്തിലും പബ്ലിക് ഹെല്‍ത്ത് നഴ്സുമാര്‍ സമരപ്പന്തലില്‍ തന്നെ. ഇന്ന് ആരോഗ്യ വകുപ്പ് നഴ്സസ് ദിനം ആചരിക്കുമ്പോഴും അര്‍ഹമായ അവകാശങ്ങള്‍ പോലും സര്‍ക്കാര്‍ അംഗീകാരിക്കാത്തതിനെതിരായ സമരത്തിന്റെ 10-ാം ദിനത്തിലാണ് കേരള ഗവ. ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ് ആന്‍ഡ് സൂപ്പര്‍വൈസേഴ്സ് യൂണിയന്.
വിവിധ നഴ്സിങ് സ്കൂളുകളിലേക്കുളള പിഎച്ച്എന്‍ ട്യൂട്ടര്‍ തസ്തികയിലേക്കുളള 8 ഒഴിവുകളിലേക്ക് ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സുമാര്‍ക്കു നല്കിയ സ്ഥാനക്കയറ്റം പിന്‍വലിച്ച നടപടി റദ്ദാക്കുമെന്ന്
മന്ത്രി ഉറപ്പു നല്‍കിയെങ്കിലും ഇന്നലെ രാത്രിയും ഇതുസംബന്ധിച്ച ഉത്തരവ് ഇറങ്ങിയിട്ടില്ല ഉത്തരവിറങ്ങിയാലുടന്‍ രാപകല്‍ സമരം പിന്‍വലിക്കുമെന്നും യൂണിയന് മുന്നോട്ടു വച്ച മറ്റ് 11 ആവശ്യങ്ങള്‍ കൂടി അംഗീകരിക്കാതെ ബഹിഷ്കരണ സമരം പിന്‍വലിക്കില്ലെന്നും കാണിച്ച് ഇന്നലെ യൂണിയന് പ്രതിനിധികള്‍ മന്ത്രിക്കു കത്തു നല്കി. യൂണിയന്റെ ആവശ്യങ്ങള്‍ നടപ്പാക്കുന്നതു സംബന്ധിച്ച റിപ്പോര്‍ട്ട് നല്കാന് ആരോഗ്യവകുപ്പ് അഡിഷനല്‍ ഡയറക്ട്റോടു മന്ത്രി നിര്‍ദേശിച്ചിരുന്നു