ഇന്ത്യയിലെയും വിദേശത്തെയും 150 ഓളം ടൂര്‍ ഓപ്പറേറ്റര്‍മാര്‍ പങ്കെടുക്കും
തിരുവനന്തപുരം: ഡിസംബര്‍ ഒന്നുമുതല്‍ അഞ്ചുവരെ തിരുവനന്തപുരത്ത് നടക്കുന്ന ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവെല്‍ (ജിഎഎഫ്-2023) രാജ്യത്തെ വെല്‍നസ് ടൂറിസത്തിന്‍റെ വളര്‍ച്ചയ്ക്കും വിദേശ വിനോദസഞ്ചാരികളുടെ വരവ് വര്‍ധിപ്പിക്കാനും വഴിയൊരുക്കും. ആയുര്‍വേദ ആശുപത്രികളും ടൂറിസം പങ്കാളികളും തമ്മിലുള്ള ചര്‍ച്ചകള്‍ക്കും സഹകരണത്തിനും വേദിയൊരുക്കുന്ന ഗ്ലോബല്‍ മെഡിക്കല്‍ ടൂറിസം മീറ്റ് ജിഎഎഫിലെ മുഖ്യ ആകര്‍ഷണമാണ്.
ഇന്ത്യയിലെയും വിദേശത്തെയും 150 ഓളം ടൂര്‍ ഓപ്പറേറ്റര്‍മാരാണ് സമ്മേളനത്തിലെ ബിടുബി മീറ്റില്‍ പങ്കെടുക്കുന്നത്. ആയുര്‍വേദ ഉത്പന്നങ്ങളെയും സേവനങ്ങളെയും പരിചയപ്പെടുത്തുകയും അന്താരാഷ്ട്ര വിപണി കണ്ടെത്താന്‍ സഹായിക്കുകയുമാണ് ബി ടു ബി മീറ്റിന്‍റെ ലക്ഷ്യം. ആയുര്‍വേദ ആശുപത്രികളും റിസോര്‍ട്ടുകളും ക്ലിനിക്കുകളും സെല്ലര്‍മാരായും ആയുര്‍വേദ ടൂര്‍-ട്രാവല്‍ ഓപ്പറേറ്റര്‍മാരും ഡോക്ടര്‍മാരും കണ്‍സള്‍ട്ടന്‍റുമാരും ബയര്‍മാരായും ഇതില്‍ പങ്കെടുക്കും.
ടൂര്‍ ഓപ്പറേറ്റര്‍മാരും ആശുപത്രി ഉടമകളും പങ്കെടുക്കുന്ന ബിടുബി മീറ്റില്‍ വെല്‍നസ് ടൂറിസം മേഖലയുടെ വളര്‍ച്ചയില്‍ നിര്‍ണായക സംഭാവന നല്‍കുന്ന തീരുമാനങ്ങളുണ്ടാകും. ആശുപത്രികളില്‍ ലഭ്യമായ സേവനങ്ങളെക്കുറിച്ച് സെല്ലേഴ്സിന് ടൂര്‍ ഓപ്പറേറ്റര്‍മാരുമായി പങ്കുവയ്ക്കാനുള്ള വേദിയാണിത്. വെല്‍നെസ് ടൂറിസത്തെ പ്രോത്സാഹിപ്പിക്കാന്‍ വഴിയൊരുക്കുന്നതിനൊപ്പം കേരളത്തിലേക്കുള്ള വിനോദസഞ്ചാരികളുടെ വരവ് ഗണ്യമായി വര്‍ധിപ്പിക്കാനും ഇതു വഴിയൊരുക്കും. ഡിസംബര്‍ മൂന്നിനാണ് ബിടുബി മീറ്റ് നടക്കുക. കേരളത്തിലെ 50 ഓളം ആയുര്‍വേദ ആശുപത്രികളുടെ പവലിയനുകളും ജിഎഎഫില്‍ ഉണ്ടാകും.
ആയുര്‍വേദത്തിന്‍റെ സാധ്യതകള്‍ ആഗോളതലത്തില്‍ വ്യാപിപ്പിക്കാനും ആയുര്‍വേദ പങ്കാളികളും ഡോക്ടര്‍മാരും തമ്മിലുള്ള സഹകരണത്തിന് വേദിയൊരുക്കാനും ലക്ഷ്യമിട്ടുള്ള ജിഎഎഫ് 2023 ന് കാര്യവട്ടത്തെ ഗ്രീന്‍ഫീല്‍ഡ് ഇന്‍റര്‍നാഷണല്‍ സ്റ്റേഡിയമാണ് വേദിയാകുക. ‘ആരോഗ്യപരിപാലനത്തില്‍ ഉയര്‍ന്നുവരുന്ന വെല്ലുവിളികളും നവോര്‍ജ്ജത്തോടെ ആയുര്‍വേദവും’ എന്നതാണ് ജിഎഎഫിന്‍റെ പ്രമേയം.
രാജ്യത്ത് വിനോദസഞ്ചാരികളെ ഏറ്റവുമധികം ആകര്‍ഷിക്കുന്ന സംസ്ഥാനമായ കേരളത്തിലേക്ക് വരുന്ന വിദേശികളില്‍ 80 ശതമാനത്തോളം ആയുര്‍വേദവുമായി ബന്ധപ്പെട്ടാണെന്ന് ജിഎഎഫ് വര്‍ക്കിംഗ് ചെയര്‍മാന്‍ ഡോ. ജി.ജി ഗംഗാധരന്‍ പറഞ്ഞു. വിദേശസഞ്ചാരികളുടെ വരവ് വര്‍ധിപ്പിക്കാനും കേരളത്തിന്‍റെ സമ്പദ് ഘടന വളര്‍ത്താനും ജിഎഎഫ് വഴിയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
വെല്‍നസ് ടൂറിസത്തിന് ആഗോളതലത്തില്‍ വര്‍ധിച്ചുവരുന്ന പ്രാധാന്യം ഉള്‍ക്കൊണ്ടുകൊണ്ട് വലിയ പ്രോത്സാഹനമാണ് ആയുഷ് മന്ത്രാലയവും സംസ്ഥാന സര്‍ക്കാരുകളും നല്‍കുന്നതെന്ന് ജിഎഎഫ് ചീഫ് കോര്‍ഡിനേറ്റര്‍ ഡോ. സി. സുരേഷ് കുമാര്‍ പറഞ്ഞു.
ആരോഗ്യവും പുനരുജ്ജീവനവും ആഗ്രഹിക്കുന്ന വിനോദസഞ്ചാരികള്‍ക്കായി ആയുര്‍വേദത്തെ പ്രോത്സാഹിപ്പിക്കാനും അന്താരാഷ്ട്ര ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനായി ആയുര്‍വേദ മെഡിക്കല്‍ പാക്കേജുകള്‍ വിപണിയില്‍ എത്തിക്കുന്നതിനും സമ്മേളനം ഊന്നല്‍ നല്‍കും.
ആയുര്‍വേദ മേഖലയുമായി ബന്ധപ്പെട്ട് രാജ്യത്ത് പ്രവര്‍ത്തിക്കുന്ന സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങളുടെ (എംഎസ്എംഇ) 150 സ്റ്റാളുകള്‍ ജിഎഎഫില്‍ ഉണ്ടാകും. ആയുര്‍വേദ എംഎസ്എംഇ മേഖലയെ ശക്തിപ്പെടുത്താന്‍ സഹായിക്കുന്ന എക്സ്പോയില്‍ ആയുര്‍വേദ മാനുഫാക്ചറിങ്, വെല്‍നസ്, മെഡിസിന്‍, ആശുപത്രികള്‍ തുടങ്ങിയവയുടെ സ്റ്റാളുകളാണുള്ളത്.
കേന്ദ്ര-സംസ്ഥാന ആയുഷ് വകുപ്പുകള്‍, ആയുര്‍വേദ മേഖലയിലെ സന്നദ്ധ സ്ഥാപനങ്ങളായ എ.എം.എ.ഐ, എ.എം.എം.ഒ.ഐ, എ.എച്ച്.എം.എ, കെ.ഐ.എസ്.എം.എ, എ.ഡി.എം.എ, വിശ്വ ആയുര്‍വേദ പരിഷത്ത്, മറ്റ് 14 ആയുര്‍വേദ അസോസിയേഷനുകള്‍ എന്നിവയുടെ സഹകരണത്തോടെയാണ് സെന്‍റര്‍ ഫോര്‍ ഇന്നൊവേഷന്‍ ഇന്‍ സയന്‍സ് ആന്‍ഡ് സോഷ്യല്‍ ആക്ഷന്‍ (സി.ഐ.എസ്.എസ്.എ) ജിഎഎഫ് സംഘടിപ്പിക്കുന്നത്. 23 അന്താരാഷ്ട്ര പങ്കാളികളുള്ള സമ്മേളനത്തില്‍ പ്രമുഖ ശാസ്ത്രജ്ഞരും 75 രാജ്യങ്ങളില്‍ നിന്നുള്ള 7,500 പ്രതിനിധികളും ഒത്തുചേരും.