in , , ,

ഇരുപത് കൊല്ലത്തിനിടെ മനുഷ്യരെ കൊല്ലിച്ചതില്‍ ഒന്നാമത് ഹൃദ്രോഗം

Share this story

2000 നും 2019 നും ഇടയില്‍ മയക്കുമരുന്നുമായി ബന്ധപ്പെട്ട മരണങ്ങളില്‍ വലിയ വര്‍ദ്ധന

മനുഷ്യജീവനപഹരിക്കുന്ന രോഗങ്ങളില്‍ ഒന്നാം സ്ഥാനം ഹൃദ്രോഗത്തിനാണെന്ന് ലോകാരോഗ്യസംഘടന. 2000 മുതല്‍ 2019 വരെയുള്ള സാംക്രമികേതര രോഗങ്ങളില്‍ ഏറ്റവുംകൂടുതല്‍ മനുഷ്യജീവനപഹരിച്ചത് ഹൃദയസംബന്ധമായ അസുഖങ്ങളാണെന്നാണ് റിപ്പോര്‍ട്ട്. 2000 -ത്തിനുശേഷം ഹൃദ്രോഗങ്ങള്‍ മൂലമുണ്ടായ മരണം 2 ദശലക്ഷമായും 2019 -കഴിയുമ്പോള്‍ 9 ദശലക്ഷമായും ഉയര്‍ന്നതായും ലോകാരോഗ്യസംഘടന പറയുന്നു. 16 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഇരുപതുവര്‍ഷത്തിനിടെ ഉണ്ടായിരിക്കുന്നത്. മരണകാരണങ്ങളില്‍ പ്രമേഹവും ആല്‍ഷിമേഴ്സും ആദ്യപത്തില്‍ ഇടംനേടി. അല്‍ഷിമേഴ്സില്‍ 65 ശതമാനവും ബാധിക്കുന്നത് സ്ത്രീകളിലാണെന്നും റിപ്പോര്‍ട്ട്. പ്രമേഹം മൂലമുള്ള മരണങ്ങള്‍ ആഗോളതലത്തില്‍ 2000 നും 2019 നും ഇടയില്‍ 70% വര്‍ദ്ധിച്ചിട്ടുണ്ട്. എന്നാല്‍ പ്രമേഹം ഏറ്റവും കൂടുതല്‍ വര്‍ധനവ് രേഖപ്പെടുത്തിയത് പുരുഷന്മാരിലാണ്. 2000 ന് ശേഷം 80% വര്‍ധന.

ഹൃദയസംബന്ധവും വിട്ടുമാറാത്ത ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ തടയുന്നതിനും ചികിത്സിക്കുന്നതിനും തീവ്രമായ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ലോകാരോഗ്യസംഘടനയുടെ പഠനറിപ്പോര്‍ട്ട് വിരല്‍ചൂണ്ടുന്നത്. സാംക്രമികേതര രോഗങ്ങളുടെ പ്രതിരോധം, രോഗനിര്‍ണയം, ചികിത്സ എന്നിവ വേഗത്തിലാക്കേണ്ടതുണ്ടെന്ന് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.

എന്നാല്‍ എയ്ഡ്സ് രോഗബാധയില്‍ കഴിഞ്ഞ ഇരുപതുവര്‍ഷത്തെ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍കൊണ്ട് വലിയ മാറ്റമുണ്ടാക്കാനായെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. 2000-ല്‍ പ്രധാന മരണകാരണമായി എട്ടാം സ്ഥാനത്തുണ്ടായിരുന്ന എച്ച്‌ഐവി / എയ്ഡ്‌സ് 2019-ല്‍ എത്തുമ്പോള്‍ 19-ാം സ്ഥാനത്തേക്കു മാറ്റപ്പെട്ടത് ഇതിന്റെ സൂചനയാണ്.

അതുപോലെ ക്ഷയരോഗം 2000 -ല്‍ ഏഴാം സ്ഥാനത്ത് നിന്നും 2019 -ല്‍ 13 ലേക്ക് മാറി. എങ്കിലും ഇപ്പോഴും ആഫ്രിക്കയിലും തെക്ക്-കിഴക്കന്‍ ഏഷ്യയിലും മനുഷ്യരെ കൊല്ലുന്നതില്‍ ക്ഷയരോഗവും പ്രധാന കാരണങ്ങളിലൊന്നായി തുടരുന്നു. 2000 നും 2019 നും ഇടയില്‍ മയക്കുമരുന്നുമായി ബന്ധപ്പെട്ട മരണങ്ങളില്‍ വലിയ വര്‍ദ്ധനവാണ് കാണിച്ചിരിക്കുന്നത്. വാഹനാപകടങ്ങള്‍ കാരണമുണ്ടായ മരണത്തില്‍ മയക്കുമരുന്ന് – മറ്റ് ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ചശേഷമുള്ള ഡ്രൈവിംഗാണ് വില്ലനായത്. ഇത്തരത്തില്‍ ലഹരി ഉപയോഗത്തെത്തുടര്‍ന്നുള്ള മരണത്തില്‍ ഏകദേശം 300% വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

മയക്കുമരുന്ന് ഉപയോഗത്തെത്തുടര്‍ന്നുള്ള വാഹനാപകടങ്ങളില്‍ ഗുരുതര പരുക്കിന്റെ പിടിയിലായവരുടെ എണ്ണത്തിലും ആഫ്രിക്കന്‍ രാജ്യങ്ങളാണ് മുന്നില്‍. രോഗനിര്‍ണയം, ചികിത്സ, പരിചരണം എന്നിവ ലഭ്യമാക്കുന്നതിനൊപ്പം വായു മലിനീകരണം , ശാരീരിക പ്രവര്‍ത്തനങ്ങളുടെ അഭാവം, അനാരോഗ്യകരമായ ഭക്ഷണരീതികള്‍, മദ്യം, പുകയില എന്നിവയ്‌ക്കെതിരേയുള്ള ബോധവത്ക്കരണം എന്നിവയില്‍ ലോകരാജ്യങ്ങളും ഭരണകൂടങ്ങളും കൂടുതല്‍ ശ്രദ്ധചെലുത്തണമെന്നും ലോകാരോഗ്യസംഘടന അറിയിക്കുന്നു.

ഇന്ത്യന്‍ കുട്ടികളില്‍ അമിതവണ്ണം കൂടുന്നു

‘കോ-വിന്‍’ ആപ്ലിക്കേഷനെത്തി; കോവിഡ് വാക്‌സിന് ആര്‍ക്കും രജിസ്റ്റര്‍ ചെയ്യാം