in

കൈകളിലേക്ക് തുമ്മുന്നവര്‍ സൂക്ഷിക്കുക

Share this story

ചുമയ്ക്കുകയും തുമ്മുകയും ചെയ്യുമ്പോള്‍ കൈകള്‍ കൊണ്ടു മറച്ചുപിടിക്കുന്നത് നല്ല ശീലമാണെന്നാണ് മിക്കവരുടെയും ധാരണ. അതു പോലെതന്നെ മൂക്കിലും കണ്ണിലും വായയിലും വിരല്‍ കൊണ്ടു സ്പര്‍ശിക്കുന്ന ദു:ശീലമുളളവരും ഏറെ. എന്നാല്‍ ഇതെല്ലാം തെറ്റായ ശീലങ്ങളാണ്. ഇത്തരം ശീലമുള്ളവര്‍ സൂക്ഷിക്കുക… കൈകളിലേക്കു ചുമയ്ക്കുകയും തുമ്മുകയും ചെയ്ത ശേഷം കൈകള്‍ സോപ്പും വെളളവുമുപയോഗിച്ചു കഴുകി വൃത്തിയാക്കണം. കണ്ണ്, മൂക്ക്, ചെവി, വായ തുടങ്ങിയ ഭാഗങ്ങളില്‍ സ്പര്‍ശിക്കാനിടയായാലും അപ്രകാരം ചെയ്യുക. എല്ലായ്പോഴും കൈയില്‍ തൂവാല ഒപ്പം കരുതുക. തൂവാല ഇല്ലാത്ത അവസരങ്ങളില്‍ തുമ്മല്‍ വന്നാല്‍ കൈമടക്കുകളിലേക്കോ വസ്ത്രഭാഗങ്ങളിലേക്കോ തുമ്മാം. പക്ഷേ, വെളളവും സോപ്പും ലഭ്യമാകുന്ന ഇടമെത്തിയാല്‍ കഴുകാന്‍ മറക്കരുത്. അതു മറക്കുമ്പോഴാണ് മറ്റുളളവരിലേക്കു രോഗമെത്തുന്നതിന്റെ കണ്ണിയായി നമ്മള്‍ മാറുന്നത്.

പല രോഗങ്ങളും പകരുന്നത് മുന്‍കരുതലുകള്‍ മറന്നുപോകുമ്പോഴാണ്. രോഗികളെ പരിചരിക്കുന്നതു മഹത്തരം. പക്ഷേ, അതിനുശേഷം കൈകള്‍ അണുനാശിനി ഉപയോഗിച്ചു കഴുകാന്‍ മറന്നാലോ? രോഗം നമ്മളിലെത്തും, പിന്നെ മറ്റുപലരിലുമെത്തും. എച്ച്1എന്‍1 പോലെയുളള പനികള്‍ മറ്റുളളവരിലേക്കു പകരുന്നതു രോഗി ഉപയോഗിച്ച വസ്തുക്കള്‍ ഉപയോഗിച്ചശേഷം കൈ കഴുകാതെ ഭക്ഷണം കഴിക്കുന്നതിലൂടെയാണ്. ആഹാരത്തിനു തയാറാക്കുന്നതിനും കഴിക്കുന്നതിനും മുമ്പും പിമ്പും കൈകള്‍ സോപ്പും വെളളവുമുപയോഗിച്ചു ശുചിയാക്കുക.

ഹസ്തദാനത്തിനു ശേഷവും വാതില്‍പ്പിടി പോലെ പൊതുവായി ഉപയോഗിക്കുന്ന ഇടങ്ങളില്‍ സ്പര്‍ശിച്ചതിനു ശേഷവും കൈ സോപ്പുപയോഗിച്ചു കഴുകണം. വീടുകളിലും സ്‌കൂളുകളിലും ഓഫീസുകളിലും അയല്‍ക്കൂട്ടങ്ങളിലും ക്ലബുകളിലുമൊക്കെ കൈ കഴുകേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചു ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കണം. പ്രത്യേകിച്ചു വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ഓഫീസുകളുടെയും ശുചിമുറികളിലും പൊതു കക്കൂസുകളിലും ബാത്ത്റൂമുകളിലും ഹാന്‍ഡ് വാഷും വെളളവും ഉണ്ടെന്ന് ഉറപ്പാക്കണം.

ഗര്‍ഭിണികള്‍ അറിയേണ്ടതെല്ലാം

മൂത്രാശയ രോഗങ്ങള്‍