in ,

കോവിഡില്‍ തകര്‍ന്ന് മുംബൈ, ആര്‍ക്ക് ചികിത്സ നല്‍കണമെന്നും ആരെ മരണത്തിന് വിട്ടുകൊടുക്കേണ്ടി വരുമെന്നും തീരുമാനിക്കേണ്ട ദുഷ്‌കരമായ അവസ്ഥ

Share this story

ഏറ്റെടുക്കാന്‍ ആരുമില്ലാതെ ഇടനാഴിയില്‍ അനാഥരായി കിടക്കുന്ന ശവശരീരങ്ങള്‍ മുംബൈയിലെ ആശുപത്രി വാര്‍ഡുകളില്‍ സ്ഥിരം കാഴ്ച്ചയാവുന്നു. എത്ര ഗുരുതരമായ രോഗത്തിനും കോവിഡ് ഇല്ലെന്ന പരിശോധനാ ഫലമുണ്ടെങ്കില്‍ മാത്രമേ ചികിത്സിക്കൂ എന്ന നിലയിലേക്ക് ആശുപത്രികളെത്തിയിരിക്കുന്നു. കോവിഡ് രോഗികളേയും കോവിഡ് ഇല്ലാത്ത ഗുരുതരാവസ്ഥയിലുള്ള രോഗികളേയും ചികിത്സിക്കാനാവാതെ താളം തെറ്റിയിരിക്കുകയാണ് വാണിജ്യ തലസ്ഥാനമായ മുംബൈയിലെ ആരോഗ്യ സംവിധാനമെന്നാണ് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ടു ചെയ്യുന്നത്.

ചൈനയും യൂറോപും അമേരിക്കയും കടന്ന് കോവിഡ് അതിന്റെ ആസ്ഥാനം ഇന്ത്യയിലേക്കും ബ്രസീലിലേക്കും മാറ്റുന്നുവെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. ഇന്ത്യയില്‍ ഏറ്റവും വലിയ കോവിഡ് ഭീഷണി നേരിടുന്ന നഗരങ്ങളിലൊന്ന് മുംബൈയാണ്. ഇതുവരെ 4700ലേറ മരണങ്ങളും 1.65 ലക്ഷത്തിലേറെ കോവിഡ് രോഗവും ഇവിടെ സ്ഥിരീകരിച്ചുകഴിഞ്ഞു. അഹോരാത്രം പണിയെടുത്തിട്ടും ആരോഗ്യ മേഖലയിലുള്ളവര്‍ക്ക് രോഗികള്‍ക്ക് ചികിത്സ ഉറപ്പാക്കാന്‍ പോലും സാധിക്കുന്നില്ല.

കഴിഞ്ഞ കുറച്ച് ആഴ്ച്ചകളായി ആശുപത്രികളില്‍ കോവിഡ് വന്ന് മരിക്കുന്നവരെ ഏറ്റെടുക്കാന്‍ ബന്ധുക്കള്‍ തയ്യാറാകുന്നില്ലെന്നതാണ് പ്രതിസന്ധിയാവുന്നത്. കോവിഡിനെ ചൊല്ലിയുള്ള വലിയ ഭീതിയാണ് ഇതിന് കാരണമാകുന്നത്. പല സര്‍ക്കാര്‍ ആശുപത്രികളിലും ശേഷിയുടെ ഇരട്ടിയോളം രോഗികളെയാണ് തീവ്രപരിചരണ വിഭാഗങ്ങളില്‍ പ്രവേശിപ്പിക്കുന്നതെന്ന് പേര് വെളിപ്പെടുത്താത്ത സര്‍ക്കാര്‍ മേഖലയിലെ ഒരു ഡോക്ടര്‍ പറയുന്നു. അങ്ങനെ വരുമ്പോള്‍ രോഗികള്‍ക്ക് കിടക്കകള്‍ പങ്കിടേണ്ടി വരും. ഒരേ ഓക്സിജന്‍ സ്റ്റേഷന്‍ തന്നെ നിരവധി പേര്‍ക്ക് ഉപയോഗിക്കേണ്ടി വരുമെന്നും ഇവര്‍ പറയുന്നു.

ഡോക്ടര്‍മാര്‍, നേഴ്സുമാര്‍, ലാബ് ടെക്നീഷ്യന്മാര്‍, ശുചീകരണ തൊഴിലാളികള്‍ തുടങ്ങി ആശുപത്രികളുമായി ബന്ധമുള്ള വലിയൊരു വിഭാഗം ജീവനക്കാരും ക്വാറന്റെയ്നിലോ കോവിഡ് ബാധിച്ചവരോ ആണെന്നത് പ്രശ്നങ്ങള്‍ രൂക്ഷമാക്കുന്നു. സംസ്ഥാന സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികളിലെ 80 ശതമാനം സാധാരണ കിടക്കകളും മുഴുവന്‍ ഐ.സി.യു കിടക്കകളും ഏറ്റെടുത്തിട്ടും മുംബൈക്ക് കാര്യക്ഷമമായി കോവിഡിന്റെ അടിയന്തര സാഹചര്യം നേരിടാനാകുന്നില്ലെന്നാണ് നെഞ്ചുരോഗ വിദഗ്ധനായ ഡോ. വികാസ് ഓസ്വാള്‍ പറയുന്നത്.

മറ്റു ഗുരുതര അസുഖങ്ങളുള്ളവര്‍ക്ക് ചികിത്സ നിഷേധിക്കപ്പെടുന്നുവെന്നതാണ് മറ്റൊരു പ്രധാന പ്രശ്നം. കോവിഡ് ഇല്ലെന്ന പരിശോധന ഫലം കാണിക്കാനായില്ലെന്ന പേരില്‍ മൂന്ന് സ്വകാര്യ ആശുപത്രികളാണ് തലച്ചോറിന് ഗുരുതരമായ ക്ഷതമുള്ള ഒരു സ്ത്രീക്ക് ചികിത്സ നിഷേധിച്ചത്. കോവിഡ് ഇല്ലെന്ന പരിശോധന ഫലം വന്നെങ്കിലും ചികിത്സ ആരംഭിക്കും മുമ്പേ അവര്‍ മരിച്ചുവെന്ന് സാമൂഹ്യപ്രവര്‍ത്തകനായ എസ്.കുമാര്‍ പറുന്നു.

ധാരാവി പോലെ കോവിഡ് ഏറ്റവും കൂടുതല്‍ പടരാന്‍ സാധ്യതയുള്ള ചേരികളില്‍ രോഗം ഇരട്ടിക്കുന്നതിന്റെ നിരക്ക് മൂന്ന് ദിവസത്തില്‍ നിന്നും 20 ദിവസങ്ങളായി കൂടിയത് ആശ്വാസകരമാണ്. എന്നിട്ടുപോലും കോവിഡ് രോഗികള്‍ക്ക് ആവശ്യമായ വെന്റിലേറ്റര്‍ സൗകര്യം ഉറപ്പിക്കാന്‍ ആശുപത്രികള്‍ക്ക് സാധിക്കുന്നില്ല. ആര്‍ക്ക് ചികിത്സ നല്‍കണമെന്നും ആരെ മരണത്തിന് വിട്ടുകൊടുക്കേണ്ടി വരുമെന്നും തീരുമാനിക്കേണ്ട ദുഷ്‌കരമായ അവസ്ഥയിലേക്കാണ് മുംബൈയില്‍ കാര്യങ്ങളുടെ പോക്കെന്നാണ് ജോര്‍ജ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഗ്ലോബല്‍ ഹെല്‍ത്ത് ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടര്‍ വിവേകാനന്ദ ഝാ പറയുന്നത്.

സംസ്ഥാനത്ത് ഇന്ന് 57 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

നടി മിയ വിവാഹിതയാകുന്നു